പയ്യോളി നഗരസഭ ചെയര്‍മാന്‍ സെപ്റ്റംബര്‍ ഒന്നിന് രാജിവെക്കും; പുതിയ ചെയര്‍മാന്റെ കാര്യം ഇതുവരെ തീരുമാനമായില്ല, മുസ്‌ലിം ലീഗ് ആശയക്കുഴപ്പത്തില്‍
പയ്യോളി: മുന്നണി ധാരണ പ്രകാരം പയ്യോളി നഗരസഭയുടെ അടുത്ത രണ്ടര വര്‍ഷത്തേക്കുള്ള പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാനിരിക്കെ ഇതുവരെയും പുതിയ ചെയര്‍മാനെ കണ്ടെത്താന്‍ കഴിയാതെ മുസ്‌ലീം ലീഗ് കടുത്ത ആശയക്കുഴപ്പത്തില്‍. കഴിഞ്ഞ രണ്ടര വര്‍ഷവും, വീണ്ടും കോണ്‍ഗ്രസിന് നീട്ടികൊടുത്ത കഴിഞ്ഞ രണ്ട് മാസവും ലഭിച്ചിട്ടും പുതിയ ചെയര്‍മാനെ കണ്ടെത്താന്‍ ലീഗിന് കഴിഞ്ഞിട്ടില്ല.
രണ്ടര വര്‍ഷത്തെ ധാരണ പ്രകാരം കഴിഞ്ഞ ജൂണ്‍ 28 ന് നിലവിലെ ചെയര്‍മാന്‍ കോണ്‍ഗ്രസിലെ വടക്കയില്‍ ഷഫീഖിന്റെ കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ പുതിയ ചെയര്‍മാനെ കണ്ടെത്താനാവാത്തതിനാല്‍ രണ്ടുമാസം കൂടി നിലവിലെ ചെയര്‍മാനോട് തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നിന് രാജി നല്‍കുമെന്നാണ് ഷെഫീക്ക് വടക്കയില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. തുടര്‍ന്ന് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളിലേക്ക് പോകുമെന്നും ചെയര്‍മാനെ കണ്ടെത്തേണ്ടത് ലീഗാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, പുതിയ ചെയര്‍മാനെ തീരുമാനിക്കാന്‍ ലീഗ് മുനിസിപ്പല്‍ , ഡിവിഷന്‍ കമ്മിറ്റികളിലെ ഭാരവാഹികളെ ഉള്‍പ്പെടുത്തി രഹസ്യ ബാലറ്റ് വോട്ടെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ വോട്ടെടുപ്പ് നടന്ന് ഒരു മാസത്തോളമായിട്ടും വോട്ടുകള്‍ എണ്ണാതെ രഹസ്യമാക്കി വെച്ചതിലും, തങ്ങളെ പരിഗണിക്കാത്തതിലും യൂത്ത്‌ലീഗ് അടക്കം പോഷക ഘടകങ്ങളിലും പ്രതിഷേധം പുകയുന്നുണ്ട്. പാര്‍ട്ടിയിലും മുന്നണിയിലും ജനങ്ങള്‍ക്കിടയിലും മതിപ്പുള്ള പൊതുസമ്മതനെ കണ്ടെത്താന്‍ ലീഗ് നേതൃത്വത്തിന് സാധിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.