‘സെനിത്ത്’ 24; നാടിന് ഉത്സവമായി പയ്യോളി പുറക്കാട് വിദ്യാസദനം മോഡൽ സ്കൂൾ വാർഷികവും അനുമോദന സംഗമവും


പയ്യോളി: പുറക്കാട് വിദ്യാസദനം മോഡൽ സ്കൂൾ വാർഷികവും അനുമോദനസംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വി.എസ്. ഇ.സി ട്രസ്റ്റ് ചെയർമാൻ യു.പി. സിദ്ദീഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ‘സെനിത്ത്’ 24 ‘ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറില്‍ലധികം ആളുകള്‍ പങ്കാളികളായി.

ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകന്‍ ജാസിര്‍ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. വി.കെ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക കെ.കെ സിനി റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂളിലെ റോബോട്ടിക് ലാബ് പ്രഖ്യാപനം ഡോ: ഷറഫുദ്ദീൻ കടമ്പോട്ടും, ലോഗോ പ്രകാശനം എ.കെ. അബ്ദുറഹ്മാനും, സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ഡോ: ഇസ്മത്തും, സ്കൂളിൻ്റെ രണ്ട് ഘട്ടങ്ങളിലായുള്ള ഭാവിപദ്ധതികളുടെ വിശദീകരണം എം.റഷീദ് മാസ്റ്ററും, പി. ഷരീഫ് മാസ്റ്ററ്റും നിർവ്വഹിച്ചു.

സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ റയാൻ റസീമിൻ്റെ മൂന്നാമത്തെ ഇംഗ്ലീഷ് കഥാസമാഹാരമായ ‘ ടോംസ് അഡ്വഞ്ചറി ‘ൻ്റെ പ്രകാശനം യു.പി. സിദ്ദീഖ് മാസ്റ്റർ നിർവ്വഹിച്ചു. അറബിക് സാഹിത്യത്തിൽ പി.എച്ച്.ഡി. ബിരുദം നേടിയ ഡോ: സുശീർ ഹസ്സനെ ചടങ്ങില്‍ ആദരിച്ചു.

പി.ടി.എ. പ്രസിഡണ്ട് ടി.എ ജുനൈദ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ റംസീന റസീം നന്ദിയും പറഞ്ഞു. നേരത്തെ ശാന്തിസദനം കാമ്പസിൽ നടന്ന അനുമോദനസംഗമം ‘മെറിറ്റ് ഡേ’ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജമീല സമദ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.ഷരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്, ഉപജില്ലാതലം മുതൽ സംസ്ഥാനതലം വരെ പഠന – പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയ ഇരുനൂറോളം വിദ്യാർത്ഥികളെ പരിപാടിയിൽ ഉപഹാരം നൽകി ആദരിച്ചു .