”നിര്‍ത്താന്‍ തീവണ്ടികളില്ലെങ്കില്‍ പിന്നെന്തിനാ സാറേ ഇത്ര വലിയ റെയില്‍വേ സ്റ്റേഷന്‍!!”; റെയില്‍വേ സ്റ്റേഷന്‍ പുതുക്കി പണിതെങ്കിലും മുമ്പുള്ള ട്രെയിനുകള്‍ക്ക് പോലും സ്‌റ്റോപ്പില്ലാതെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍; യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തം


കൊയിലാണ്ടി: അത്ര വലിയ സൗകര്യങ്ങളൊന്നുമില്ലെങ്കിലും കൊയിലാണ്ടി പേരാമ്പ്ര, മേപ്പയ്യൂര്‍ മേഖലയിലെ യാത്രക്കാര്‍ക്ക് ഏറെ ആശ്രയമായിരുന്നു രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് കൊയിലാണ്ടി സ്റ്റേഷന്‍. ഗതാഗത തടസങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച കോഴിക്കോട് കണ്ണൂര്‍ റൂട്ടിലുള്ള ബസ് യാത്രയില്‍ നിന്ന് മോചനം, ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്ഥലത്തെത്തും, യാത്രാ ചെലവും കുറവ് ഇങ്ങനെ ട്രെയിന്‍ യാത്ര തെരഞ്ഞെടുക്കാന്‍ പ്രദേശവാസികളെ സംബന്ധിച്ച് കാരണങ്ങള്‍ ഏറെയായിരുന്നു. അതിനാല്‍ രാവിലെയായാലും വൈകുന്നേരമായാലും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ തിരക്കിന് ഒരു കുറവുമില്ലായിരുന്നു.

എന്നാല്‍ രണ്ടുവര്‍ഷത്തിനിപ്പുറം കഥ മാറി. സ്റ്റേഷന്റെ പഴയ പൊളിഞ്ഞുവീഴാറായ കെട്ടിടത്തിനു പകരം പുത്തന്‍ കെട്ടിടങ്ങള്‍ പണിതീരാറായെങ്കിലും മുമ്പ് നിര്‍ത്തിയിരുന്ന ട്രെയിനുകള്‍ക്കു പോലും സ്‌റ്റോപ്പില്ലെന്ന അവസ്ഥയാണ്.

നിത്യയാത്രക്കാര്‍ ഏറെ ആശ്രയിച്ചിരുന്ന പല ട്രെയിനുകളും കോവിഡ് വ്യാപനത്തിന്റെ പേരില്‍ നിര്‍ത്തിയതാണ്. കോവിഡ് കാലത്തിനുശേഷം എല്ലാം പഴയ പടിയായിട്ടും ഈ വണ്ടി ട്രാക്കിലിറങ്ങിയിട്ടില്ല. തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിച്ചിരുന്നതിനാല്‍ കൊയിലാണ്ടിയില്‍ നിന്നും ഇവിടങ്ങളിലേക്ക് പോകേണ്ട വിദ്യാര്‍ഥികളടക്കമുള്ള നൂറുകണക്കിന് യാത്രക്കാര്‍ക്ക് പ്രയോജനകരമായിരുന്നു. എന്നാല്‍ ഈ ട്രെയിന്‍ ഇപ്പോഴില്ല.

എല്ലാ തിങ്കളാഴ്ചയും രാത്രി 12.40നുള്ള തിരുവനന്തപുരം-വേരാവര്‍ എക്‌സ്പ്രസ് കൊയിലാണ്ടി നിര്‍ത്തുന്നില്ല. മുമ്പ് ഈ വണ്ടി കൊയിലാണ്ടിയില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിരുന്നതാണ്. എന്നാല്‍ വെള്ളിയാഴ്ച വൈകുന്നേരം 6.10ന് വേരാവലില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ ഇത് കൊയിലാണ്ടി സ്‌റ്റേഷനില്‍ നിര്‍ത്തും. അതേപോലെ ചൊവ്വാഴ്ച രാത്രി 12.40നുള്ള നാഗര്‍കോവില്‍ -ഗാന്ധിദാം എക്‌സ്പ്രസിനും കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ല. തിരിച്ച് ഗാന്ധിദാമില്‍ നിന്നും നാഗര്‍കോവിലേക്ക് വരവെ ശനിയാഴ്ച വൈകുന്നേരം ആറിന് കൊയിലാണ്ടിയില്‍ നിര്‍ത്തും.

നിത്യേനയുള്ള എറണാകുളം-നിസാമുദ്ദീന്‍ മംഗള സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്. രാവിലെ എറണാകുളത്തേക്ക് പോകുമ്പോള്‍ ട്രെയിനിന് കൊയിലാണ്ടിയില്‍ സ്‌റ്റോപ്പില്ല. വൈകുന്നേരം നിസാമുദ്ദീനിലേക്ക് പോകുന്ന ട്രെയിനിന് 5.30ന് കൊയിലാണ്ടിയില്‍ നിര്‍ത്തുകയും ചെയ്യും. ശ്രീഗംഗനഗര്‍-കൊച്ചുവേളി എക്‌സ്പ്രസ് കൊയിലാണ്ടിയില്‍ നിര്‍ത്തുമെങ്കിലും തിരിച്ച് ശ്രീഗംഗാഗറിലേക്ക് പോകുന്ന വണ്ടി ഇവിടെ നിര്‍ത്തില്ല. ശനിയാഴ്ച രാത്രി 12.40നാണ് ഈ ട്രെയിന്‍ കൊയിലാണ്ടി സ്‌റ്റേഷനിലൂടെ നിര്‍ത്താതെ പോകുന്നത്.

തിരുവനന്തപുരത്ത് നിന്ന് മംഗലാപുരം വരെ പോകുന്ന 16604 നമ്പര്‍ മാവേലി എക്‌സ്പ്രസ് പുലര്‍ച്ചെ നാലുമണിയോടെ കൊയിലാണ്ടി വഴി കടന്നുപോകുന്നുണ്ടെങ്കിലും ഇവിടെ സ്‌റ്റോപ്പില്ല. മുമ്പ് കൊയിലാണ്ടി സ്റ്റേഷനില്‍ നിര്‍ത്തിയിരുന്ന ട്രെയിനാണ്. തിരിച്ച് മംഗലാപുരത്തുനിന്നും തിരുവനന്തപുരം വരെ പോകവെ കൊയിലാണ്ടിയില്‍ നിര്‍ത്തുകയും ചെയ്യും. ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നത് ദീര്‍ഘകാലമായി യാത്രക്കാര്‍ ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ഇതേവരെ ഇക്കാര്യം പരിഗണനയില്‍ വന്നിട്ടില്ല. രാത്രിയാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് ഇതുവരെ കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.

ഉച്ചയ്ക്ക് ഒരു മണിക്കുള്ള മംഗലാപുരം കോയമ്പത്തൂര്‍ വണ്ടി കടന്നുപോയാല്‍ ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള അടുത്ത ട്രെയിന്‍ 4.40ന്റെ മംഗലാപുരം-ചെന്നൈ മെയില്‍ മാത്രമാണ്.

ഉച്ചയ്ക്ക് ഒന്നിനും നാലിനുമിടയില്‍ കോഴിക്കോട് ഭാഗത്തേക്ക് കൊയിലാണ്ടി നിര്‍ത്തുന്ന വണ്ടികളൊന്നുമില്ല. എന്നാല്‍ ഇതിനിടയില്‍ മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസും കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസും ഇതുവഴി കടന്നുപോകുന്നുണ്ട്. പകല്‍ മുന്നരയോടെ പോകുന്ന കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് കൊയിലാണ്ടിയില്‍ നിര്‍ത്തിയാല്‍ അത് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനമാകും.

കൊയിലാണ്ടി മേഖലയില്‍ നിന്നും വലിയൊരു വിഭാഗം ആളുകള്‍ ബറോഡ, ഗാന്ധിദാം, ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ ടയര്‍ കടകളില്‍ ജോലി ചെയ്യുന്നതില്‍ വലിയൊരു വിഭാഗം കൊയിലാണ്ടിക്കാരാണ്. ഇതിനു പുറമേ മേപ്പയ്യൂര്‍, പേരാമ്പ്ര എന്നിവിടങ്ങളില്‍ നിന്നും ദൂരെ ദേശങ്ങളില്‍ പോകുന്നവരില്‍ വലിയൊരു വിഭാഗം കൊയിലാണ്ടിയെ ആശ്രയിച്ചിരുന്നു. ഇവരെയൊക്കെ ബുദ്ധിമുട്ടിലാക്കുന്നതാണ് റെയില്‍വേയുടെ ഇപ്പോഴത്തെ സമീപനം.