സീറ്റില്ലാത്തതിനാല്‍ യാത്രക്കാരനെ മടക്കിയയച്ചു; താമരശ്ശേരിയില്‍ പ്രകോപിതരായ അഞ്ചംഗ സംഘം കെ.എസ്.ആര്‍.ടി.സിയ്ക്ക് കുറുകെ കാര്‍ നിര്‍ത്തി, ഡ്രൈവറെ ആക്രമിച്ചു


താമരശ്ശേരി: താമരശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് നേരെ ആക്രമണം. സീറ്റില്ലാത്തതിനാല്‍ യാത്രക്കാരനെ മടക്കി അയച്ചതാണ് പ്രകോപനത്തിന് കാരണം.

കോഴിക്കോട് നിന്നും ബംഗളുരുവിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസില്‍ രാത്രി രണ്ടുമണിയോട് കൂടിയാണ് സംഭവം. ഒരു യാത്രക്കാരനെത്തി സീറ്റുണ്ടോയെന്ന് ചോദിച്ചു, ഇല്ലെയെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചുപോയി. പിന്നീട് കൂട്ടാളികളായ നാലുപേരെക്കൂടി കൂട്ടി കാറില്‍ ബസിനെ പിന്തുടര്‍ന്ന് ബസിന് കുറുകെ നിര്‍ത്തി തന്നെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ സീറ്റ് നേരത്തെ ബുക്ക് ചെയ്തതാണെന്നും ഒരു സീറ്റും ഒഴിവില്ലെന്നും ബസ് ജീവനക്കാര്‍ അറിയിച്ചു. ഇതില്‍ പ്രകോപിതരായ സംഘം ഡ്രൈവറെ കയ്യേറ്റം ചെയ്യുകയായിരുന്നു. പിടിച്ചുമാറ്റാനും അനുനയിപ്പിക്കാനും ശ്രമിച്ച വയനാട് സ്വദേശിയായ യാത്രക്കാരനും പരിക്കേറ്റു.

ബസ് ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും പൊലീസ് എത്തുന്നതിന് മുമ്പ് കാറുമായി സംഘം കടന്നുകളഞ്ഞു. താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.