ഊരള്ളൂരില്‍ മൃതദേഹാവശിഷ്ടം കണ്ടത് ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍; ഉന്നത പൊലീസ് സംഘം സ്ഥലത്ത്


കൊയിലാണ്ടി: ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത് ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍. കത്തിക്കരിഞ്ഞ രീതിയിലുള്ള രണ്ട് കാലുകളാണ് പ്രദേശത്തുനിന്ന് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.

ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ കുഴിവയല്‍ താഴെ നിന്നും 150മീറ്ററോളം മാറി വയല്‍ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. മൂന്നുദിവസം മുമ്പ് പ്രദേശത്തുനിന്നും ഒരാളെ കാണാതായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നു.

ആള്‍താമസമില്ലാത്ത പുതിയെടുത്ത് വീടിന് സമീപം വയലരികിലാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. ഈ വീടിന്റെ പരിസരം രാത്രി സമയത്ത് മദ്യപരുടെയും മറ്റും കേന്ദ്രമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മൃതദേഹം സ്ത്രീയുടേതാണോ പുരുഷന്റേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. എത്ര ദിവസത്തെ പഴക്കമുണ്ടെന്നും വ്യക്തമായിട്ടില്ല. ഫോറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്.

കൊയിലാണ്ടി പൊലീസ്് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സമീപത്ത് മൃതദേഹത്തിന്റെ മറ്റ് ഭാഗങ്ങളുണ്ടോയെന്നും തിരയുന്നുണ്ട്. വടകര ഡി.വൈ.എസ്.പിയും സ്ഥലത്തുണ്ട്. ഡോഗ് സ്‌ക്വാഡ് അടക്കമുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.