പറേച്ചാല്‍ ദേവീക്ഷേത്ര മഹോത്സവം ഇത്തവണ പാറേച്ചാല്‍ പൂരം; കലാപരിപാടികളും മെഗാ കാര്‍ണിലും, ആഘോഷങ്ങള്‍ക്ക് ജനുവരി 27ന് കൊടിയേറും


കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാല്‍ ദേവീക്ഷേത്ര മഹോത്സവം ജനുവരി 27 മുതല്‍ ഫെബ്രുവരി ആറു വരെ ആഘോഷിക്കും. പറേച്ചാല്‍ പൂരം എന്ന പേരിലാണ് ഇത്തവണ ഉത്സവം സംഘടിപ്പിച്ചത്.

ജനുവരി 27ന് രാത്രി എട്ടുമണിക്ക് കോഴിക്കോട് രംഗഭാഷയുടെ നാടകം മൂക്കുത്തി അരങ്ങേറും. 28ന് വൈകിട്ട് മൂന്നുമണി മുതല്‍ അങ്കണവാടി കലോത്സവം, പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികള്‍, സ്വര്‍ഗ്ഗ സന്ധ്യ.

29ന് നാടന്‍പാട്ടുകളും ദൃശ്യാവിഷ്‌കാരങ്ങളും.. 30ന് സ്വരലയ സന്ധ്യ ഉരുള്ളൂര്‍ സ്വരലയ കലാക്ഷേത്രം അവതരിപ്പിക്കുന്ന കലാപരിപാടികള്‍. 31ന് ഇശല്‍ നിലാവ് ഒപ്പന, കോല്‍ക്കളി തുടങ്ങിയ കലാപരിപാടികള്‍.

ഫെബ്രുവരി ഒന്നിന് മ്യൂസിക് ഫ്യൂഷന്‍. രണ്ടിന് ആശാ സുരേഷ് ഇരിങ്ങാലക്കുടയുടെ സോപാനസംഗീതം, തിരുവാതിരക്കളി. മൂന്നിന് രാത്രി 7.30 ന് ചെണ്ടമേളം അരങ്ങേറ്റം. നാലിന് രാവിലെ എട്ടുമണിക്ക് കൊടിയേറ്റം, രാത്രി 8:30ന് മെഗാ മ്യൂസിക് നൈറ്റ്. അഞ്ചിന് ക്ഷേത്രോത്സവം, തിറകള്‍, ഇളനീര്‍ കുല വരവ്, സമൂഹസദ്യ, താലപ്പൊലി, പാണ്ടിമേളം എന്നിവ ഉണ്ടാവും. ഉത്സവത്തോടനുബന്ധിച്ച് മെഗാ കാര്‍ണിവല്‍ സംഘടിപ്പിച്ചിട്ടുണ്ട്.