നാടിന്റെ ഉത്സവമായി പറേച്ചാല്‍ ദേവീ ക്ഷേത്ര മഹോല്‍സവം; യന്ത്ര ഊഞ്ഞാല്‍, ആകാശത്തോണി വിനോദത്തിന്റെ ആഹ്ലാദ രാവുകളൊരുക്കി മെഗാ കാര്‍ണിവല്‍


കൊയിലാണ്ടി: നാടിന്റെ ഉത്സവമായി മാറി നടേരി പറേച്ചാല്‍ ദേവീ ക്ഷേത്ര മഹോല്‍സവം. നാനാ ഭാഗത്തു നിന്നും നിരവധി ആളുകളാണ് ദിനംപ്രതി ഉത്സവത്തിന് എത്തുന്നത്. ഉല്‍സവത്തോടനുബന്ധിച്ച് മെഗാ കാര്‍ണിവലും ഒരുക്കിയിട്ടുണ്ട്. പറേച്ചാല്‍ ഫെസ്റ്റ് എന്ന പേരിലാണ് മെഗാ കാര്‍ണിവല്‍. നടേരി ഭാഗത്ത് ആദ്യമായാണ് ഇത്തരത്തില്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.

യന്ത്ര ഊഞ്ഞാല്‍, ആകാശത്തോണി എന്നിങ്ങനെ വിനോദത്തിന്റെ ആഹ്ലാദ രാവുകളാണ് കാര്‍ണിവലില്‍ ഒരുക്കിയിട്ടുള്ളത്. കാര്‍ണിവല്‍ ആസ്വദിക്കാനും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിനാളുകള്‍ എത്തുന്നുണ്ട്. വെറുമൊരു ആഘോഷം എന്നതിനപ്പുറം നാട്ടുകാരുടെ നന്മയും സാഹോദര്യവും ഊട്ടിവളര്‍ത്തുക കൂടിയാണ് ഇത്തരം ആഘോഷങ്ങളിലൂടെ.

ജനുവരി 28ന് മെഡിക്കല്‍ ക്യാമ്പോട് കൂടിയാണ് ഉത്സവാഘോഷം തുടങ്ങിയത്. ഇന്ന് രാത്രി 7.30ന് മെഗാഷോ. മൂന്നിന് പുന:പ്രതിഷ്ഠ, രാത്രി ഏഴിന് മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവരുടെ ഇരട്ടതായമ്പക, നാലിന് രാവിലെ കൊടിയേറ്റം, വൈകീട്ട് നട്ടത്തിറ. അഞ്ചിന് ഉച്ചയ്ക്ക് സമൂഹസദ്യ, ഇളനീര്‍ക്കുല വരവ്, താലപ്പൊലി, വെളിയണ്ണൂര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പാണ്ടിമേളം, തിറകള്‍. ആറിന് ഗുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.