പാനൂര്‍ ബോംബ് സ്ഫോടന കേസ്; പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി
കണ്ണൂര്‍: പാനൂരില്‍ ഇന്നലെ ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും വീണ്ടും ബോംബുകള്‍ കണ്ടെത്തി. പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ബോംബ് ശേഖരം കണ്ടെത്തിയത്. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്ത് നിന്നും 7ബോംബുകളാണ് കണ്ടെത്തിയത്. ബോംബ് സ്വകാഡ് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.
കേസില്‍ നാലു പേരെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് ചെണ്ടയാട് സ്വദേശി കെ.കെ അരുണ്‍, ചെറുപറമ്പ് സ്വദേശി ഷിബിന്‍ ലാല്‍, സായൂജ്, കുന്നോത്ത് പറമ്പ് സ്വദേശി അതുല്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ നാലുപേരും സ്ഫോടന സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പാലക്കാട് വെച്ചാണ് സായൂജിനെ കസ്റ്റഡിയില്‍ എടുത്തത്. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് സായൂജിനെ പിടികൂടിയത്. പരിക്കേറ്റവരെ അശൂപത്രിയിലെത്തിക്കാന്‍ സഹായിച്ച ആളാണ് അരുണ്‍.
കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് പാനൂര്‍ മുളിയാത്തോട് വീടിന്റെ ടെറസില്‍ വച്ച് ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ മുളിയാത്തോട് സ്വദേശി ഷെറിന് ഇന്നലെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനീഷ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇയാളുടെ ഇരുകൈകളും സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്.
അതേ സമയം കേസുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം-പ്രദേശിക നേതൃത്വം പറയുന്നത്. സിപിഎമ്മിന് ബോംബുണ്ടാക്കേണ്ട ആവശ്യമില്ലെന്നും, സ്ഫോടനത്തില്പ്പെട്ടവര് സിപിഎമ്മുകാരെ ആക്രമിച്ച കേസിലെ പ്രതികളാണെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മാധ്യങ്ങളോട് പറഞ്ഞിരുന്നു.