പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്; ഭര്‍ത്താവിനെതിരെ നല്‍കിയ കേസ് വ്യാജം; ഹൈക്കോടതിയില്‍ യുവതിയുടെ സത്യവാങ്മൂലം


കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഭര്‍ത്താവിനെതിരെ നല്‍കിയ കേസ് വ്യാജമെന്ന് യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മെയ് 29നാണ് സത്യവാങ്മൂലം നല്‍കിയത്.

തിരുവനന്തപുരത്തുവെച്ച് യുവതി സത്യവാങ്മൂലം ഒപ്പിട്ടുനല്‍കിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി. ഇതുള്‍പ്പെടെ കോടതിയില്‍ ഹാജരാക്കി കേസ് ക്വാഷ് ക്വാഷ് ചെയ്യാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

ഭര്‍ത്താവിനെതിരായ ആരോപണങ്ങളില്‍ കുറ്റബോധമുണ്ടെന്നും പറഞ്ഞത് കളവാണെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം യുവതി രംഗത്ത് വന്നിരുന്നു. യൂട്യൂബ് വീഡിയോയിലൂടെയാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്. വീട്ടുകാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മര്‍ദിച്ചതെന്ന കാര്യങ്ങളടക്കം പറഞ്ഞതെന്ന് യുവതി വീഡിയോയിലൂടെ പറഞ്ഞത്‌.

”എനിക്ക് നുണ പറയാന്‍ താല്പര്യമില്ലെന്ന് ബന്ധുക്കളോടും വീട്ടുകാരോടും പറഞ്ഞിരുന്നുവെന്നും എന്നാല്‍ വീട്ടുകാര്‍ എന്നോട് ഈ രീതിയില്‍ പറയണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പറയേണ്ടി വന്നത്. ബെല്‍റ്റ് വച്ച് അടിച്ചതും ചാര്‍ജര്‍ കഴുത്തി ല്‍ കുരുക്കി എന്നൊക്കെ പറഞ്ഞത് വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണെന്നും യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ മകളെ ഭര്‍ത്താവും കുടുംബവും സമ്മര്‍ദ്ദം ചെലുത്തിയാണ് ഇക്കാര്യങ്ങള്‍ പറയിപ്പിച്ചതെന്ന് യുവതിയുടെ അച്ഛന്‍ പ്രതികരിച്ചിരുന്നു. മകള്‍ നഷ്ടപെടാന്‍ പാടില്ല. മകളുടെ വീഡിയോ കണ്ടപ്പോള്‍ മനസ് പിടഞ്ഞെന്നും അച്ഛന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതേസമയം, പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ അന്വേഷണ സംഘം ഒരാഴ്ചക്കുള്ളിൽ കുറ്റപത്രം നൽകും.