ജീവിതം വഴിമുട്ടിയ, കിടപ്പാടം പോലുമില്ലാത്ത വിദ്യാര്‍ഥിനിയ്ക്ക് സ്‌നേഹവീടൊരുക്കാന്‍ പന്തലായനി ഗവ. ഹൈസ്‌കൂള്‍; സൗജന്യമായി സ്ഥലം വിട്ടുനല്‍കി പുളിയഞ്ചേരി സ്വദേശി
കൊയിലാണ്ടി: ജീവിതം വഴിമുട്ടിയ, സ്വന്തമായൊരു വീടുപോലുമില്ലാത്ത വിദ്യാര്‍ഥിനിയ്ക്കും കുടുംബത്തിനും തുണയായി പന്തലായനി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളും പി.ടി.എയും. അച്ഛന്റെ കാഴ്ച നഷ്ടപ്പെട്ടതോടെ ജീവിതവഴിയടഞ്ഞ പത്താം ക്ലാസ് വിദ്യാര്‍ഥിനിയ്ക്കുവേണ്ടിയാണ് സ്‌കൂള്‍ സ്‌നേഹവീടൊരുക്കുന്നത്.
പുളിയഞ്ചേരിയിലെ സന്നദ്ധ പ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ വലിയാട്ടില്‍ മുചുകുന്നില്‍ സൗജന്യമായി ഭൂമി വിട്ടുനല്‍കിയിട്ടുണ്ട്. ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്ന് പൂര്‍ത്തിയായി.
680 സ്‌ക്വയര്‍ ഫീറ്റുള്ള വീടാണ് പണിയുന്നത്. ഇതിന് പ്ലാനടക്കം തയ്യാറാകുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കുറച്ചു ധനം സമാഹകരിക്കുകയും ചെയ്‌തെങ്കിലും സ്ഥലം ലഭിക്കാത്തതിനെ തുടര്‍ന്ന് വീടുപണി തുടങ്ങാനാവാതെ വരികയായിരുന്നു. പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന മൂടാടിയിലെ പഞ്ചായത്ത് പ്രസിഡന്റിനോട് സ്ഥലം കണ്ടെത്തി നല്‍കാനാകുമോയെന്ന് അന്വേഷിച്ചിരുന്നു. അദ്ദേഹം വഴിയാണ് ബാലകൃഷ്ണന്‍ വലിയാട്ടിലിന്റെ സഹായം ലഭിച്ചത്. അതിസമ്പന്നനോ വളരെയധികം സ്വത്തുവകകള്‍ സ്വന്തമായുള്ള ആളോ അല്ലാതിരുന്നിട്ടും അദ്ദേഹം തന്റെ പക്കലുള്ള പരിമിതമായ ഭൂമിയില്‍ നിന്നും കുറച്ചുഭാഗം പെണ്‍കുട്ടിയുടെ കുടുംബത്തിന് വിട്ടുനല്‍കാന്‍ തയ്യാറായി സ്വമേധയാ മുന്നോട്ടുവരികയായിരുന്നു.
സുരക്ഷ പെയിന്റെ പാലിയേറ്റീവിന്റെ ആനക്കുളം മേഖലാ ചെയര്‍മാനും കൊയിലാണ്ടി സോണല്‍ കമ്മിറ്റി ഭാരവാഹിയുമാണ് ബാലകൃഷ്ണന്‍ വലിയാട്ടില്‍. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതോടെ ഉടനെ തന്നെ വീടിന്റെ തറയുടെ പണി ആരംഭിക്കുമെന്ന് പന്തലായനി ഗവ. ഹൈസ്‌കൂളിലെ പ്രധാന അധ്യാപിക എം.കെ.ഗീത കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.