സ്‌നേഹാദരം 2024; വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പഞ്ചായത്തുകളെ അനുമോദിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്


കൊയിലാണ്ടി: സ്‌നേഹാദരം 2024 പരിപാടി സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. ചടങ്ങില്‍ 2022-23 വര്‍ഷത്തെ കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിനെയും, തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തി ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ മൂടാടി ഗ്രാമ പഞ്ചായത്തിനെയും പ്രശസ്തകവിയായ സത്യചന്ദ്രന്‍ പൊയില്‍കാവിനെയും ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വിപണനകേന്ദ്രം ഹാളില്‍ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയ്ര്‍മാന്‍ കെ. ജീവാനന്ദന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ. അഭിനീഷ്, ബിന്ദു സോമന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.കെ ശ്രീകുമാര്‍, എ.എം സുഗതന്‍, ബിന്ദു രാജന്‍, സതി കിഴക്കയില്‍, ബ്ലോക്ക് മെമ്പര്‍മാരായ സുഹറ ഖാദര്‍, ഷീബ ശ്രീധരന്‍, രജില, ബിന്ദു മഠത്തില്‍, സുധാ കാപ്പില്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.വി സതീഷ് കുമാര്‍ സ്വാഗതവും ഇ.കെ ജുബീഷ് നന്ദിയും പറഞ്ഞു.