മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി വകയിരുത്തിയത് 25ലക്ഷത്തോളം രൂപ, ചെറുകിട തൊഴില്‍സംരംഭങ്ങള്‍ക്ക് 31ലക്ഷം; സുസ്ഥിര വികസനത്തിലൂന്ന പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്


കൊയിലാണ്ടി: ബ്ലോക്ക് പഞ്ചായത്തിന്റെ അടിയന്തിരവും, സമഗ്ര വികസനത്തിലൂന്നിയതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ദ്ധേനല്‍കി 2024-25 വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് രൂപരേഖ തയ്യാറാക്കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ ആകെ വരുമാനത്തിന്റെ 40% ചിലവഴിക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെയാണ്. അതുകൊണ്ട് തന്നെ കേരളത്തിന്റെ സുസ്ഥിര വികസനത്തിന് നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കും. ഈ കാഴ്ചപ്പാടില്‍ ഊന്നി നിന്നും കൊണ്ടാണ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-25 വര്‍ഷത്തേക്കുള്ള ബഡ്ജറ്റിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.

വികസന ഫണ്ട് ജനറല്‍, പട്ടികജാതി, ധനകാര്യ കമ്മീഷന്‍ ഗ്രാന്റ, ജനറല്‍ പര്‍പ്പസ് ഗ്രാന്റ്, ആസ്തി സംരക്ഷണ ഗ്രാന്റ്, നികുതിയേതര വരുമാനം എന്നീ ഇനങ്ങളില്‍ 6,76,40,750/ രൂപയാണ് 2024-25 വര്‍ഷം ബ്ലോക്ക് പഞ്ചായത്തിന് ലഭ്യമാവുക. പ്രസ്തുത തുകയില്‍ കടലോര മേഖല ഉള്‍പ്പെടുന്ന സ്റ്റോക്ക് പഞ്ചായത്തിലെ പാര്‍ശ്വ വത്കരിക്കപ്പെട്ട മത്സ്യ തൊഴിലാളികളുടെ ഉന്നമനത്തിനായി 24,92,000/ രൂപ വകയിരുത്തിയിട്ടുണ്ട്. ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ്, കാലിത്തീറ്റ സബ്സിഡി, പാലിന് ഇന്‍സെന്റീവ് എന്നീ ഇനങ്ങളില്‍ 58,00,000/ രൂപയും വകയിരുത്തിയിട്ടുണ്ട്.

ഒരു പ്രദേശത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ചെറുകിട തൊഴില്‍ സംരംഭങ്ങളുടെ സ്വാധീനം നിര്‍ണായകമാണ്. ചെറുകിട സൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 31,00,000/ രൂപ വകയിരുത്തിയിട്ടുണ്ട്.

കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കേരളത്തെ ഇന്നുള്ള രീതിയിലേക്ക് രൂപപ്പെടുന്നതിന് സഹായിച്ചിട്ടുണ്ട്. പ്രാദേശിക സര്‍വ്വകലാശാലകളായ വായനാ ശാലകളെ ഉയര്‍ത്തുന്നതിനും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജമാകുന്നതരത്തില്‍ അവയെ മാറ്റിയെടുക്കുന്നതിനുമായി 45,20,000/ രൂപ ഈ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അതോടൊപ്പം യുവജനക്ഷേമത്തിന് പ്രത്യേകമായി 7,75,000/ രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

നവകേരളം സൃഷ്ടിക്കുന്നതിനായി മുന്നോട്ടു വെച്ച 4 മിഷനുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജലവിഭവ സംരക്ഷണവും മാലിന്വ സംസ്‌കരണവും ജൈവ പച്ചക്കറി കൃഷിയും കോര്‍ത്തിണക്കിയ ഹരിത കേരള മിഷന്‍ ഇതിനായി ബഡ്ജറ്റില്‍ 77,96,000/ രൂപ മാറ്റി വെച്ചിട്ടുണ്ട്.

സ്വന്തമായൊരു വീട് എന്നത് ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സ്വപ്നമാണ്. ഭവന രഹിതരില്ലാത്ത കേരളം എന്നതാണ് ലൈഫ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി ഭവന നിര്‍മ്മാണത്തനായി 1,13,24,521/ രൂപ ബഡ്ജറ്റില്‍ മാറ്റി വെച്ചിട്ടുണ്ട്.

നവകേരള നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് മുന്നോട്ടു വെച്ച മറ്റൊരു മിഷനാണ് ആര്‍ദ്രം പദ്ധതി. ബ്ലോക്ക് പഞ്ചായത്തിന് കൈമാറി കിട്ടിയ ആരോഗ്യ സ്ഥാപനമായ തിരുവങ്ങൂര്‍ സി.എച്ച്.സിയുടെ സമഗ്ര വികസനത്തിനായി മുപ്പത്തിയൊന്‍പത് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അതു പോലെ പൊതുജനാരോഗ്യ രംഗത്ത് പാലിയേറ്റീവ് കെയര്‍, കാന്‍സര്‍ കെയര്‍, തുടങ്ങി പദ്ധതികളിലൂടെ ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്നതിന് 9,00,000/ രൂപ വകയിരുത്തിയിട്ടുണ്ട്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. പദ്ധതി പുരോഗതിയും വികസന കാഴ്ചപ്പാടുകളും വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ പരിശോധിച്ചതിനു ശേഷമുള്ള നിര്‍ദ്ദേശങ്ങളും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പുകള്‍, ആസൂത്രണ സമിതി എന്നിവയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും ബഡ്ജറ്റ് തയ്യാറാക്കുന്നതിന് പരിഗണിച്ചിട്ടുണ്ട്.