നന്തിയിലെ അവസാന മെസ്ഹറാത്തി മമ്മദ്ക്കയും കൂട്ടരും, ഒപ്പം കാളവണ്ടിത്തണ്ടില്‍ ഇളകിയാടുന്ന പാനീസ് വിളക്കും; റമദാനുമായി ബന്ധപ്പെട്ട ഗൃഹാതുരമായ ഓർമ്മകളെഴുതുന്നു യാക്കൂബ് രചന


യാക്കൂബ് രചന

ചില സാംസ്കാരിക അടയാളങ്ങൾ കാണുമ്പോൾ അത് നമ്മെ ഓർമ്മിപ്പിക്കുക ചരിത്രത്തെയാണ്. അതുകൊണ്ടാണ് ചരിത്രവും സാംസ്കാരിക പൈതൃകങ്ങളും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പറയുന്നത്.

റമദാനുമായി ബന്ധപ്പെട്ട് ഈജിപ്തിൽ നിന്നും കടൽ കടന്നു വന്ന് മലയാളക്കരയിൽ എത്തിയതാണ് പാനീസും അത്താഴമുട്ടും. കേട്ടിട്ടില്ലേ… ഇരുട്ടില്‍ കാള വണ്ടിത്തണ്ടില്‍ ഇളകിയാടുന്ന പാനീസ് വിളക്കും വളരെ ദൂരത്ത് നിന്ന് നേര്‍ത്ത ശബ്ദത്തിൽ കേള്‍ക്കാവുന്ന ‘ലാ ഇലാഹ്‘ ഉം എന്ന്.

‘അത്താഴമുട്ട്’ എന്നാൽ റമദാനിലെ നോമ്പു നോക്കുന്നവരെ പാതിരാ ഭക്ഷണം കഴിക്കാൻ വീടുവീടാന്തരം അത്താഴം മുട്ടി എഴുന്നേൽപ്പിക്കുന്ന മുട്ടു പാട്ടാണ്. അത്താഴം മുട്ടുകാരെ മെസ്ഹറാത്തി എന്നാണ് വിളിക്കുക.

അത്താഴമുട്ട്


തലമുറക്കപ്പുറമുള്ള കേരളത്തിന്റെ റംസാന്‍ ഓർമകളിൽ ദീപ്തമായ സാന്നിധ്യമായിരുന്നു പാനീസ്. കേരളത്തിൽ വടക്കേ മലബാറിലായിരുന്നു നോമ്പ് കാലത്ത് പാനീസ് വെളിച്ചം സജീവമാകുന്നത്.

അറബിക് ഹെറിട്ടേജുകളിലും സ്ട്രീറ്റുകളിലും തോരണങ്ങൾക്കിടയിലും തുടങ്ങി ഗ്രീറ്റിംഗ്സ് കാർഡുകളിൽ വരെ ഒരു അലങ്കാരമായി ഇന്നും പാനീസ് കാണാം. ഇങ്ങനെ രണ്ടു സംസ്കാരങ്ങളുടെ കഥകൾ നമുക്ക് പറഞ്ഞു തന്ന ആ പാനീസ്. ഇന്ന് ഏകദേശം അണഞ്ഞു കഴിഞ്ഞു.

അത്താഴം മുട്ടും ഇന്ന് കേരളത്തിൽ വടകര താഴലങ്ങാടി കൂടാതെ മറ്റു ചില ചുരുക്കം ഇടങ്ങളിലും മാത്രമായി ഒതുങ്ങുകയും ചെയ്തു. താഴലങ്ങാടിയിലെ അത്താഴം മുട്ട് പള്ളിക്കൂട്ടി മഹമൂദിന്റെ ഉപ്പയുടെ ഉപ്പ ഹസൈനാറില്‍ തുടങ്ങി മകന്‍ അബ്ദുല്ലയുടെ മകൻ മുസ്തഫയുടെ കാലശേഷം പാരമ്പര്യം കാക്കാൻ അനിയൻ മഹമൂദിൻ്റെ മകന്‍ ലത്തീഫിലൂടെ തുടരുകയാണ്. കാലം കനൽ വഴികൾ താണ്ടി മുന്നോട്ടു പോകുമ്പോഴും അത്താഴം മുട്ട് മുടങ്ങാതെ അവർ ഇന്നും തുടരുന്നു.

എൻ്റെ ഓർമ്മ ശരിയാണെങ്കിൽ നന്തി ഭാഗങ്ങളിൽ അത്താഴം മുട്ടി വിളിച്ചിരുന്ന അവസാന മെസ്ഹറാത്തി മുത്തായത്തു നിന്നും വന്നിരുന്ന പുത്തലത്ത് മമ്മദ്ക്കയും കൂട്ടരുമായിരുന്നു.


Read Also: പഴമ ചോരാതെ ഇന്നും തുടരുന്നു വടകരയിലെ അത്താഴംമുട്ട്; നാല് തലമുറ പിന്നിടുന്ന താഴെയങ്ങാടിയിലെ റമദാന്‍കാലത്തെ കലാരൂപത്തെക്കുറിച്ചറിയാം – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…