തിക്കോടിയിലെ വെള്ളക്കെട്ട്; ദേശീയപാത പ്രൊജക്റ്റ് ഡയരക്ടറുടെ മുമ്പില്‍ പ്രതിഷേധവുമായി പഞ്ചായത്ത് അംഗങ്ങള്‍


തിക്കോടി: പഞ്ചായത്ത് ബസാറിലെയും പെരുമാള്‍പുരത്തെയും വെള്ളക്കെട്ടിന് പരിഹാരമുണ്ടാവാത്തതില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് തിക്കോടി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മലാപറമ്പിലെ ദേശീയ പാത പ്രൊജക്റ്റ് ഡയരക്ടറുടെ ഓഫീസിലെത്തി പ്രൊജക്റ്റ് ഡയരക്ടര്‍ അഷുതോഷ് സിന്‍ഹയെ പ്രതിഷേധമറിയിച്ചു.

അടിയന്തര പരിഹാരം ഉണ്ടാക്കുമെന്ന് പ്രൊജക്റ്റ് ഡയരക്ടര്‍ ഉറപ്പുനല്‍കി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആര്‍.വിശ്വന്‍, പ്രനില സത്യന്‍, ആസൂത്ര സമിതി ഉപാധ്യക്ഷന്‍ ബിജു കളത്തില്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ജയ കൃഷ്ണന്‍ ചെറുകുറ്റി, ബിനു കാരോളി, സുബീഷ് പള്ളിത്താഴ എന്നിവര്‍ പ്രസിഡണ്ട് ജമീല സമദിനൊപ്പം പ്രതിഷേധ സംഘത്തിലുണ്ടായിരുന്നു.

തിക്കോടി, പയ്യോളി മേഖലയില്‍ ദേശീയപാത പ്രവൃത്തി നടക്കുന്ന വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളക്കെട്ടുകാരണം ഇവിടങ്ങളില്‍ ഗതാഗതക്കുരുക്ക് പതിവാണ്. സ്വകാര്യ ബസുകള്‍ ട്രിപ്പ് മുടക്കേണ്ടിവരുന്ന സ്ഥിതിയുമുണ്ടായിരുന്നു. അശാസ്ത്രീയമായ ഡ്രൈനേജ് നിര്‍മ്മാണം കാരണം തിക്കോടയില്‍ ദേശീയപാതയ്ക്കരികിലെ കടകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുന്ന സ്ഥിതിയുമുണ്ട്. ഇതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.