” ടീച്ചറ് ജയിക്കുകയെന്നുള്ളത് ഞങ്ങളെപ്പോലുള്ളവരുടെ ആവശ്യമാണ്, പരിചയപ്പെട്ടപ്പോള്‍ തോന്നിയത് ഞങ്ങളുടെ കൂട്ടത്തിലൊരാളായ തൊഴിലാളി സ്ത്രീയെപ്പോലെ” കെ.കെ.ശൈലജ ടീച്ചര്‍ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങളെക്കുറിച്ച് ചേമഞ്ചേരിയിലെ ഖാദി തൊഴിലാളി പദ്മിനി പറയുന്നു
ചേമഞ്ചേരി: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ അപ്രതീക്ഷിതമായി ചേമഞ്ചേരിയിലെ ഖാദിയിലെത്തിയപ്പോള്‍ കരുത്തുറ്റ ഒരുകൂട്ടം സ്ത്രീകളുടെ ഒത്തുചേരലായി അത് മാറി. സന്ദര്‍ശിക്കാനെത്തിയത് കേരളം ഏറെ പ്രതിസന്ധികള്‍ നേരിട്ട നിപ, കോവിഡ് കാലത്ത് കേരളത്തിന്റെ ആരോഗ്യരംഗത്തെ മുന്നില്‍ നിന്ന് നയിച്ച ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചര്‍. ചേമഞ്ചേരിയിലെ ഖാദിയില്‍ സ്വീകരിക്കാനെത്തിയവരാകട്ടെ, ഏത് പ്രതിസന്ധിയിലും കുടുംബത്തിന് താങ്ങുംതണലുമായി നില്‍ക്കാന്‍ കെല്‍പ്പുള്ള, സ്വന്തം സ്വപ്‌നങ്ങള്‍ക്കായി പ്രതിബന്ധങ്ങള്‍ മറന്ന് പ്രവര്‍ത്തിക്കാന്‍ മനസുള്ള പദ്മിനിയെപ്പോലുള്ള ഒരുകൂട്ടം സ്ത്രീകളും.
ചെങ്ങോട്ടുകാവിലെ നെയ്ത്ത് തൊഴിലാളിയായ എന്‍. പദ്മിനി വര്‍ഷങ്ങള്‍ക്ക് മുമ്പ് പലകാരണങ്ങള്‍കൊണ്ടും മുടങ്ങിപ്പോയ പഠനം നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും തുടങ്ങുകയും പ്രീഡിഗ്രിയും ഡിഗ്രിയും പൂര്‍ത്തിയാക്കി എം.എ പൊളിറ്റിക്‌സ് വരെ എത്തിനില്‍ക്കുകയുമാണ് പദ്മിനി. പദ്മിനിയെക്കുറിച്ച് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞപ്പോള്‍ ശൈലജ ടീച്ചര്‍ അവരെ അഭിനന്ദിക്കാന്‍ മറന്നില്ല. കുറച്ചുവര്‍ഷം മുമ്പ് സ്ത്രീശബ്ദം സാഹിത്യ സംഗമത്തില്‍ പങ്കെടുത്തസമയത്ത് ശൈലജ ടീച്ചറുടെ കയ്യില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ചതിന്റെ ഓര്‍മ്മ പദ്മിനിയും പങ്കുവെച്ചു.
കൂട്ടത്തിലുള്ള ഒരു തൊഴിലാളി സ്ത്രീയെന്നപ്പോലെയാണ് ശൈലജ ടീച്ചറെ പരിചയപ്പെട്ടപ്പോള്‍ തോന്നിയതെന്നാണ് ഇവിടുത്തെ തൊഴിലാളികള്‍ ഒന്നടങ്കം പറയുന്നതെന്ന് പദ്മിനി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ടീച്ചറ് ജയിക്കുകയെന്നത് ഞങ്ങളെപ്പോലുള്ള തൊഴിലാളികളുടെ ആവശ്യമാണ്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ടീച്ചറുമായി പങ്കുവെച്ചെന്നും പദ്മിനി വ്യക്തമാക്കി. ചേമഞ്ചേരി ഖാദിയുടെ സവിശേഷതയായ കുപ്പട സാരി ശൈലജ ടീച്ചര്‍ക്ക് ഏറെ ഇഷ്ടമായെന്നും പദ്മിനി പറഞ്ഞു.