മത്സരിച്ചത് മുന്നൂറോളം കോളേജുകളോട്; വുമണ്‍ ഡെലവപ്പ്‌മെന്റ് സെല്ലിന്റെ മികച്ച പ്രവര്‍ത്തനത്തില്‍ കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജിന് പുരസ്‌കാരം


കൊയിലാണ്ടി: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന വുമണ്‍ ഡെവലപ്പ്‌മെന്റ് സെല്ലിന്റെ മികച്ച പ്രവര്‍ത്തനത്തിനുള്ള 2023-24 വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹരായി കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജ്. എസ്.എന്‍.ഡി.പി കോളേജ് മൂന്നാം സ്ഥാനമാണ് കരസ്ഥമാക്കിയത്.

സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം നീണ്ടു നിന്ന വൈവിധ്യവും നൂതനവുമായ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ആണ് പുരസ്‌കാരം. സമൂഹത്തില്‍ സ്ത്രീകളുടെ മുന്നേറ്റത്തിനും സ്ത്രീകള്‍ നേരിടുന്ന വിഷയങ്ങള്‍, അവയുടെ പരിഹാര മാര്‍ഗങ്ങള്‍ എന്നിവയാണ് പരിപാടികളുടെ ഉള്ളടക്കം.

സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള മുന്നൂറോളം കോളേജുകളോട് മത്സരിച്ചു കൊണ്ടാണ് എസ്.എന്‍.ഡി.പി കോളേജ് ഈ മികച്ച നേട്ടം കൈവരിച്ചത്. ഇന്റര്‍നാഷണല്‍ വുമണ്‍സ് ഡേ യോട് അനുബന്ധിച്ച് സര്‍വ്വകലാശാലയില്‍ നടന്ന പരിപാടിയില്‍ കോര്‍ഡിനേറ്റര്‍ ഡോ.നമിത.ആര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും, അധ്യാപകരുടെയും, പി.ടി.എയുടെയും മാനേജ്‌മെന്റിന്റെയും അകമഴിഞ്ഞ സഹായ സഹകരണങ്ങളുടെ ഫലമായാണ് ഇന്ന് ഈ അംഗീകാരം കൈവരിക്കാന്‍ സാധിച്ചതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുജേഷ് സി.പി അഭിപ്രായപ്പെട്ടു.