നാട്ടുകാരുടെ സ്വന്തം ലണ്ടന്‍ ഉസ്മാന്‍ഹാജി, ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യം; അന്തരിച്ച പ്രമുഖ വ്യവസായി പി.ഉസ്മാന്‍ ഹാജിയുടെ വേര്‍പാടില്‍ വിതുമ്പി നാട്


കൊയിലാണ്ടി: അന്തരിച്ച ലണ്ടന്‍ ഉസ്മാന്‍ ഹാജിയുടെ എന്നറിയപ്പെടുന്ന പ്രമുഖ വ്യവസായി പി.ഉസ്മാന്‍ ഹാജിയുടെ വേര്‍പാടില്‍ ദു:ഖം പങ്കുവെയ്ക്കുകയാണ് നെസ്റ്റ് ജീവനക്കാര്‍ ഉള്‍പ്പെടെയുളള ആളുകള്‍. കൊയിലാണ്ടിയിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തന രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായ നെസ്റ്റ്, തണല്‍, തണല്‍ ലൈഫ്, തുടങ്ങിയ സംഘടനകളുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും ആവശ്യമായ കാര്യങ്ങള്‍ ഒരുമടിയും കൂടാതെ നിര്‍വ്വഹിച്ച് നല്‍കുന്ന വ്യക്തിത്വമായിരുന്നു ഉസ്മാന്‍ ഹാജിയുടേത്.

സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളായിരുന്നു ഉസ്മാന്‍ ഹാജി. അതുകൊണ്ടുതന്നെ ജാതിമതഭേദമന്യേ എല്ലാവരെയും നെഞ്ചോട് ചേര്‍ത്ത് വെക്കാനും അവരുടെ പ്രശ്‌നപരിഹാരത്തിനും ഒരു മടിയുമില്ലാതെ നിര്‍ലോഭം സഹായിക്കാനും യാതൊരുപിശുക്കും കാണിച്ചിരുന്നില്ല.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെസ്റ്റിന്റെ പ്രവര്‍ത്തനത്തിനായി ഒരുവാഹനത്തിന്റെ ആവശ്യമുണ്ടെന്ന് അറിയിച്ചപ്പോള്‍ പുതിയവാഹനം വാങ്ങാനുളള സൗകര്യമാണ് അദ്ദേഹം ഒരുക്കിയത്. നെസ്റ്റിന്റെ തുടക്കകാലം മുതലേ എല്ലാ സഹായത്തിനും ഉസ്മാന്‍ഹാജി കൂടെയുണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വര്‍ഷങ്ങളായി ലണ്ടനില്‍ ബിസിനസ്സ് നടത്തുകയായിരുന്നു ഉസ്മാന്‍ഹാജി. നാട്ടിലെത്തിയാല്‍ ജീവകാരുമ്യപ്രവര്‍ത്തനങ്ങള്‍ക്കായി അധികസമയം ചിലവിടുന്ന ആളായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. മുന്‍ കേരള മുഖ്യമന്ത്രി സി. ഏച്ച്. മുഹമ്മദ് കോയ സാഹിബ്, ഇ.കെ നായനാര്‍ ഉള്‍പ്പെടെയുള്ള ബഹുമുഖ വ്യക്തിത്വങ്ങള്‍ ലണ്ടന്‍ സന്ദര്‍ശിച്ചപ്പോഴെല്ലാം ഉസ്മാന്‍ ഹാജി അവരുമായി സൗഹൃദം പുലര്‍ത്തിയിരുന്നു.

മത, സാമൂഹിക, രാഷ്ട്രീയ സേവന രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ഉസ്മാന്‍ ഹാജി ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. തൊണ്ണൂറ് വയസായിരുന്നു. മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി, കാവുംവട്ടം മുസ്ലിം യു.പി സ്‌കൂള്‍ മാനേജര്‍, കുറുവങ്ങാട് മസ്ജിദുല്‍ ബിലാല്‍ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ഭാര്യ: ഹലീമ ഹജ്ജുമ്മ (മര്‍ഹൂം). മക്കള്‍: നസീമ (മര്‍ഹൂം) റസിയ, മെഹബൂബ് (ലണ്ടന്‍), മുസ്തഫ (ലണ്ടന്‍), ആയിശ (ലണ്ടന്‍), ഫാസില (അബൂദാബി).

മരുമക്കള്‍: മുഹമ്മദലി (മര്‍ഹൂം), ഇബ്രാഹിം കുട്ടി (മര്‍ഹൂം), ഷാഹിന (പളളിക്കര). മര്‍ഷിദ (ഫറൂഖ്), ഹിശാം (കോഴിക്കോട്). ജനാസ നമസ്‌കാരം: ഏപ്രില്‍ 21 ഞായര്‍ രാവിലെ 8 മണി (കുറുവങ്ങാട് സെന്‍ട്രല്‍ മസ്ജിദുല്‍ ബിലാല്‍). ഖബറടക്കം രാവിലെ 8.15 കുറുവങ്ങാട് ജുമാ മസ്ജിദില്‍ നടക്കും.