”വടകരയുടെ സമാധാനം തകര്‍ക്കാനുള്ള ഒരു വര്‍ഗീയ നീക്കവും വെച്ചുപൊറുപ്പിക്കാവുന്നതല്ല, വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള നീക്കത്തെ മതനിരപേക്ഷ ശക്തികള്‍ ഒന്നിച്ചെതിര്‍ക്കണമെന്നും’ പി.മോഹനന്‍


വടകര: വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശൈലജ ടീച്ചര്‍ക്കെതിരായി നടത്തിയ കടുത്ത വര്‍ഗീയവിദ്വേഷ പ്രചരണവും ലൈംഗികാധിക്ഷേപങ്ങളും തെരഞ്ഞെടുപ്പിന് ശേഷവും തുടര്‍ന്നുകൊണ്ടു പോകാനുള്ള നീക്കമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ആശ്രിതരും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ പ്രസ്താവനയിലൂടെ ആരോപിച്ചു. ഇത്തരം നെറികെട്ട പ്രചരണങ്ങളെയും, കുടിലതകളെയും അതിജീവിച്ച് എല്‍.ഡി.എഫ് വടകരയില്‍ തിളക്കമാര്‍ന്ന നിലയില്‍ വിജയിക്കുമെന്ന കാര്യം ഉറപ്പാണ്. ഇത് യു.ഡി.എഫ് കേന്ദ്രങ്ങളെ കൂടുതല്‍ അസ്വസ്ഥരാക്കുന്നു എന്നത് സ്വാഭാവികമാണെന്നും മോഹനന്‍ പറഞ്ഞു.

വര്‍ഗീയ വിഷം ചീറ്റി നടക്കുന്ന സംഘപരിവാറുകാരിയുമായി കെ.കെ.ശൈലജ ടീച്ചറെ പോലുള്ള സാമൂഹ്യ അംഗീകാരമുള്ള ഒരു മതനിരപേക്ഷ വ്യക്തിത്വത്തെ താരതമ്യപ്പെടുത്തിയുള്ള അധിക്ഷേപ പോസ്റ്റ് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ട് തന്നെ ഇട്ടിരിക്കുന്നു എന്നത് ഇതിന്റെ ഭാഗമായിട്ടേ കാണാനാകൂ.

വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിലനില്‍ക്കുന്ന സമുദായ സൗഹാര്‍ദ്ദത്തെയും സമാധാനത്തെയും തകര്‍ക്കാനുള്ള ഒരു വര്‍ഗീയനീക്കവും ആരുടെ ഭാഗത്തു നിന്നുണ്ടായാലും പൊറുപ്പിക്കാവുന്നതല്ല. എല്ലാ വിഭാഗം ജനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രതയോടെയിരിക്കണമെന്നും സങ്കുചിതതാല്‍പര്യങ്ങള്‍ക്കുവേണ്ടി മതസാമുദായിക വികാരങ്ങളെ ഇളക്കിവിടുന്നവരെ ഒറ്റപ്പെടുത്തണമെന്നും പി.മോഹനന്‍ ആവശ്യപ്പെട്ടു.

ഫെയ്ക്ക് വീഡിയോകളും, വ്യാജ ചിത്രങ്ങളുംവരെ പ്രചരിപ്പിച്ച് മലയാളി സമൂഹം ഒരമ്മയെപോലെ കാണുന്ന ശൈലജ ടീച്ചറെ തുടര്‍ച്ചയായി അപമാനിക്കുകയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചെയ്തത്. ടീച്ചറുടെയും എല്‍.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെയും പരാതികളുടെ അടിസ്ഥാനത്തില്‍ നിരവധി കേസുകള്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിലൂടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഞ്ചുനേരം നിസ്‌ക്കരിക്കുന്ന ദീനിയാണെന്നും, ശൈലജ ടീച്ചര്‍ കാഫിറായ സ്ത്രീയാണെന്നും വിശ്വാസികള്‍ക്ക് കാഫിറായ സ്ത്രീക്ക് വോട്ട് ചെയ്യാന്‍ പറ്റുമോ തുടങ്ങിയ അത്യന്തം നിന്ദ്യവും കേരളത്തിന്റെയും വടകരയുടെയും മതേതര പാരമ്പര്യത്തെ അപഹസിക്കുന്നതുമായ പ്രചരണങ്ങളാണ് ഒരു വിഭാഗം യു.ഡി.എഫുകാര്‍ നടത്തിയത്.

ഇത്തരം വര്‍ഗീയ പ്രചരണങ്ങള്‍ക്കെതിരെ മുസ്ലീംലീഗിന്റെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന പലരുടെയും എതിര്‍പ്പുകള്‍ ഉണ്ടായിട്ടും അതെല്ലാം അവഗണിച്ചു കൊണ്ട് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ചുക്കാന്‍ പിടിച്ച നാടിനോട് ഉത്തരവാദിത്വമില്ലാത്ത ഒരുപറ്റം ആളുകള്‍ അപകടരമായ ഇത്തരം പ്രചരണങ്ങള്‍ കടുപ്പിക്കുകയാണുണ്ടായത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷവുമായി അടുക്കുന്ന മുസ്ലീം സമുദായധാരകളെ സാമുദായികമായ ധ്രുവീകരണമുണ്ടാക്കിതടയാന്‍ കഴിയുമോയെന്ന വൃത്തികെട്ട കുടിലബുദ്ധിയാണ് ഹീനമായ ഇത്തരം വര്‍ഗീയ പ്രചരണങ്ങളിലേക്ക് യു.ഡി.എഫുകാരെ എത്തിച്ചത്.

തെരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ സാമ്പത്തികനയങ്ങളെ വിമര്‍ശിക്കുകയോ ചര്‍ച്ചചെയ്യുകയോ ചെയ്യാതെ ശൈലജ ടീച്ചറെ മുസ്ലീം വിരുദ്ധയായി ചിത്രീകരിക്കാനും അശ്ലീല പ്രചരണങ്ങള്‍ നടത്തി അപകീര്‍ത്തിപ്പെടുത്താനുമാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ തുടര്‍ച്ചയായിശ്രമിച്ചത്. അതവരുടെ രാഷ്ട്രീയ പാപ്പരത്വത്തെക്കൂടിയാണ് കാണിക്കുന്നത്.

സങ്കുചിതമായ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കായി സാമുദായിക വിഭജനമുണ്ടാക്കാനായി ഫെയ്ക്ക് വീഡിയോകളും പോസ്റ്ററുകളും പ്രചരിപ്പിച്ചവരെ തള്ളിപ്പറയാന്‍ തെരഞ്ഞെടുപ്പ് ഘട്ടത്തിലൊരിക്കല്‍പോലും വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തയ്യാറായില്ല എന്നതും ഇപ്പോഴും ന്യായീകരിക്കുന്നതും അദ്ദേഹത്തിന്റെകൂടി അറിവോടുകൂടിയാണ് ഇത്തരം പ്രചരണങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടത് എന്നതാണ് സൂചിപ്പിക്കുന്നത്. വര്‍ഗീയമായ ധ്രുവീകരണമുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളെയും, അതേത് കോണില്‍ നിന്നുണ്ടായാലും മതനിരപേക്ഷ ജനാധിപത്യശക്തികള്‍ ഒന്നിച്ചെതിര്‍ക്കണമെന്നും അത്തരം ശക്തികളെ ഒറ്റപ്പെടുത്തണമെന്നും മോഹനന്‍ ആവശ്യപ്പെട്ടു.