കൊയിലാണ്ടി -കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്


കൊയിലാണ്ടി: അപകടങ്ങൾ തുടർകഥ ആകുമ്പോഴും സ്വകാര്യ ബസുകളുടെ മത്സര ഓട്ടം തുടരുന്നു. കൊയിലാണ്ടി ബപ്പൻകാടിന് സമീപമുണ്ടായ മത്സരയോട്ടത്തിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാ​ഗത്തേക്ക് പോവുകയായിരുന്നു റിങ്കു, ഇന്റർ സിറ്റി ബസുകളാണ് മത്സരയോട്ടം നടത്തിയത്. ഇന്ന് വെെകീട്ട് 5.20-നാണ് സംഭവം.

റോഡിന്റെ മധ്യത്തിലൂടെ ഇന്റർ സിറ്റി ബസിനെ മറികടക്കുന്നതിനിടയിൽ റിങ്കു ബസ് തട്ടി വാഹനത്തിന്റെ കണ്ണാടി പൊട്ടി. ഇന്റർ സിറ്റി ബസിന്റെ ഡ്രെെവറുടെ ഭാ​ഗത്തുള്ള കണ്ണാടിയാണ് പൊട്ടിയത്. ഇരു ബസുകളിലെയും യാത്രക്കാർ അപകടം കൂടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു.

മിനുട്ടുകളുടെ വ്യത്യാസത്തിലാണ് കോഴിക്കോട് -കണ്ണൂർ റൂട്ടിലും തിരിച്ചും ബസുകൾ സർവ്വീസ് നടത്തുന്നത്. അതിനാൽ സമയക്രമത്തെ ചൊല്ലിയുള്ള മത്സരയോട്ടം പതിവ് കാഴ്ചയാണ്. വേ​ഗത്തിൽ എത്തി കൂടുതൽ യാത്രക്കാരെ കയറ്റി പോവുക എന്നതാണ് മിക്ക ബസുകളും പിന്തുടരുന്നത്. ​ദേശീയപാത വികസനത്തിന്റെ ഭാ​ഗമായും അല്ലാതെയുമുള്ള ഗതാ​ഗത തടസ്സങ്ങളിൽ പെട്ടുള്ള സമയ നഷ്ടം അമിത വേ​ഗതയിൽ ഓടിയാണ് ബസുകൾ മറികടക്കുന്നത്. എതിർ വശത്തുകൂടെ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലമുണ്ടോയെന്ന് കൂടെ നോക്കാതെ കുതിച്ചോടുന്ന ബസുകളെ കണ്ട് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ വഴിമാറി പോവുകയാണ്. ജീവനിൽ കൊതിയുള്ളതിനാൽ സെെഡ് കൊടുക്കുകയേ നിർവാഹമുള്ളുവെന്നാണ് ഇരുചക്രവാഹന യാത്രക്കാർ പറയുന്നത്.

ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബപ്പൻകാടുണ്ടായ അപകടത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തെത്തി. ഇതേ തുടർന്ന് റോഡിൽ ​ഗതാ​ഗത തടസവും നേരിട്ടു. പോലീസ് എത്തിയാണ് ​ഗതാ​ഗതം തടസം നീക്കിയത്.