അമിതവേഗതയിലോടുന്ന ബസുകളെ പൂട്ടാന്‍ കോഴിക്കോടും കൊയിലാണ്ടിയും വടകരയും പരിശോധന; 65ബസുകള്‍ക്കെതിരെ നടപടി, പിഴയിനത്തില്‍ ഈടാക്കിയത് 32,500രൂപ


കൊയിലാണ്ടി: കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന ബസുകളുടെ അമിതവേഗതയ്‌ക്കെതിരെ വ്യാപകമായി പരാതി ഉയരുന്ന സഹാചര്യത്തില്‍ പരിശോധന നടത്തി ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 65 ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ നിര്‍ദേശ പ്രകാരമാണ് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മൂന്നുസ്‌ക്വാഡുകളിലായി കോഴിക്കോട് ബസ്റ്റാന്റ്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്.

എയര്‍ ഹോണ്‍ ഉപയോഗം, സ്പീഡ് ഗവേണര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കല്‍, അപകടകരമായ രീതിയിലുള്ള ഡ്രൈവിങ് എന്നിവക്കെതിരെയാണ് നടപടിയെടുത്തത്. 32,500 രൂപ പിഴയിനത്തില്‍ വാഹന വകുപ്പ് ഈടാക്കി. ഈ വാഹനങ്ങള്‍ ഓടിച്ച ഡ്രൈവര്‍മാരോട് ജൂണ്‍ എട്ടിന് ചേവായൂര്‍ ആര്‍.ടി.ഒ ഗ്രൗണ്ടിലെ ട്രെയിനിങ് സെന്ററിില്‍ നിര്‍ബന്ധിത പ്രത്യേക പരിശീലനത്തിന് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.

വാഹന പരിശോധന വരും ദിവസങ്ങളിലും തുടരും. കഴിഞ്ഞ ഡിസംബറില്‍ വെസ്റ്റ്ഹില്‍ ഭാഗത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനും കലക്ടര്‍ ആര്‍.ടി.ഒയോട് നിര്‍ദേശിച്ചിട്ടുണ്ട്.