ഇന്നും മഴ തുടരും; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കൺട്രോൾ റൂം തുറന്നു


തിരുവനന്തപുരം: കേരളളത്തിൽ ഇന്നും അതിശക്തമായ മഴ തുടരും. കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള തീരത്ത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്.   

കഴിഞ്ഞ രണ്ട് ദിവസമായി കോഴിക്കോട് ജില്ലയിലെ മലയോരമേഖലയിലുൾപ്പെടെ ശക്തമായ മഴയാണ് ലഭിച്ചത്. തുടർച്ചയായി പെയ്ത മഴയെ തുടർന്ന് റോഡിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു.

മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കൺട്രോൾ റൂം തുറന്നു. അത്യാവശ്യ ഘട്ടങ്ങളിൽ 1077 ടോൾഫ്രീ നമ്പറിൽ വിളിക്കാം. എമർജൻസി ഓപ്പറേഷൻ നമ്പറുകൾ ഇവയാണ്

ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ- 0495 2371002

വടകര – 0496 2520361

കൊയിലാണ്ടി 0496 2623100

കോഴിക്കോട് താലൂക്ക് 0495 2372967

താമരശ്ശേരി 0495 2224088


അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

23-05-2024: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.   

മഞ്ഞ അലർട്ട്

23-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ്
24-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
25-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.   

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. മുന്നറിയിപ്പ് കർശനമായി പാലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.