‘കൊയിലാണ്ടിയിലെ കുടിവെള്ള വിതരണ പദ്ധതിയിൽ വൻ ക്രമക്കേട്’; നഗരസഭാ കൗൺസിൽ യോഗത്തിൽ ആരോപണം, പ്രതിപക്ഷം ഇറങ്ങിപ്പോയി
കൊയിലാണ്ടി: നഗരസഭയിലെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് വൻ ക്രമക്കേട് നടന്നതായി പ്രതിപക്ഷം. നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ഇക്കാര്യം ചൂണ്ടിക്കാട്ടി. ജനുവരി 13 ന് ഇതേ വിഷയത്തിൽ വന്ന അജണ്ട ക്രമക്കേട് ആരോപണത്തെ തുടർന്ന് പുനഃപരിശോധനയ്ക്കായി മാറ്റിവയ്ക്കുകയായിരുന്നു.
2021-2022 സാമ്പത്തിക വർഷത്തിൽ കുടിവെള്ള വിതരണത്തിന് ലിറ്ററിന് 22 പൈസ നിരക്കിൽ അഭിലാഷ് പി.പി എന്ന കരാറുകാരന് നഗരസഭ കരാർ നൽകിയിരുന്നു. അത് പ്രകാരം ജൂൺ മാസം വരെ 7,834,000 ലിറ്റർ വെള്ളം വിതരണം ചെയ്തു എന്നാണ് ആദ്യം അറിയിച്ചത്. ഈ അളവ് സാധൂകരിക്കുന്നതിനായി ഓരോ വാർഡിലും വിതരണം ചെയ്ത നിശ്ചിത അളവ് വെള്ളത്തിന്റെ ലിസ്റ്റ് മുൻപ് കൗൺസിൽ യോഗത്തിൽ തന്നിരുന്നുവെന്ന് പ്രതിപക്ഷം പറയുന്നു.
എന്നാൽ ക്രമക്കേട് ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് അളവിൽ വൻവർദ്ധനവ് വരുത്തി തയ്യാറാക്കിയ പുതിയ കണക്കാണ് ചൊവ്വാഴ്ചത്തെ കൗൺസിൽ യോഗത്തിൽ നൽകിയത്. നേരത്തെ കരാറുകാരന് അനുവദിച്ച തുകയിൽ 198,000 രൂപ അധികം അനുവദിച്ചതിൽ നഗരസഭയ്ക്ക് നഷ്ടം വന്നിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
22 പൈസ എന്നത് 25 പൈസ എന്ന് തെറ്റായി അച്ചടിച്ചതാണെന്നും 22 പൈസ നിരക്കിലാണ് തുക വിതരണം ചെയ്തതെന്നുമാണ് നേരത്തെ സെക്രട്ടറി അറിയിച്ചത്. 2021-2022 സാമ്പത്തിക വർഷത്തിൽ കുടിവെള്ള വിതരണത്തിന് ലിറ്ററിന് 22 പൈസ നിരക്കിലാണ് അഭിലാഷ് പി.പി എന്ന കരാറുകാരന് നഗരസഭ കരാർ നൽകിയത്.
അത് പ്രകാരം 7834000 ലിറ്റർ വെള്ളം വിതരണം ചെയ്തു എങ്കിലും സർക്കാർ ഉത്തരവ് അനുസരിച്ച് 66 ലക്ഷം ലിറ്റർ വെള്ളത്തിന് 1,452,000 രൂപ അനുവദിക്കേണ്ട സ്ഥാനത്ത് 1,650,000 രൂപയാണ് ലിറ്ററിന് 25 പൈസ നിരക്കിൽ നൽകിയത്. അധികം തുക നൽകിയതിൽ നഗരസഭയ്ക്ക് 198,000 രൂപ സാമ്പത്തിക നഷ്ടo വന്നെന്ന് പ്രതിപക്ഷ കൗൺസിലർമാർ ജനുവരി മാസത്തിൽ നടന്ന കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കൊയിലാണ്ടി നഗരസഭയുടെ ഓഡിറ്റ് റിപ്പോർട്ടിലെ നിരവധി ക്രമക്കേടുകൾ ചർച്ചയായി ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ക്രമക്കേടുകൾ കാണപ്പെടുന്നത് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 3,08,500 രൂപ അധികമായി അനുവദിക്കണമെന്ന് നിർദ്ദേശിക്കുന്ന അജണ്ട ക്രമക്കേട് ചൂണ്ടിക്കാട്ടിയതിനിനെ തുടർന്ന് യു.ഡി.എഫ് കൗൺസിലർമാരുടെ സമ്മർദ്ദർത്തിന് വഴങ്ങി മാറ്റിവക്കുകയായിരുന്നുവെന്നും പ്രതിപക്ഷം പറയുന്നു.
എന്നാൽ ഇന്ന് ആ തുകയിൽ 500 രൂപയുടെ കുറവുവരുത്തി തികച്ചും വികൃതമായ കണക്കുകളാണ് രേഖപ്പെടുത്തിയതെന്ന് യു.ഡി.എഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി. പ്രതിപക്ഷ കൗൺസിലർമാർ ചൂണ്ടിക്കാട്ടിയ ക്രമക്കേടിൽ പറഞ്ഞ പ്രസ്തുത തുകയ്ക്ക് തുല്യമായി 22 പൈസ തോതിൽ കണക്കുകൂട്ടി മൊത്തം വിതരണം ചെയ്ത വെള്ളത്തിൻറെ അളവിൽ വർദ്ധനവ് വരുത്തിയ അശാസ്ത്രീയമായ കണക്കാണ് ഇന്നത്തെ കൗൺസിൽ യോഗത്തിൽ സെക്രട്ടറി അവതരിപ്പിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
കൗൺസിലർമാരുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ല. മാത്രമല്ല 44-ാം വാർഡിൽ വിതരണം ചെയ്ത കുടിവെള്ളത്തിന്റെ കണക്ക് ലഭ്യമല്ലെന്നാണ് സെക്രട്ടറി മറുപടി നൽകിയത്. മറുപടി തൃപ്തികരമല്ലാത്തതിനാലും വിതരണം ചെയ്ത കുടിവെളത്തിന്റെ അളവിന് കൃത്യമായ കണക്ക് ഇല്ലാതെ തുക വിതരണം ചെയ്തതിനാലും ഇതിൽ ക്രമക്കേട് ഉണ്ടെന്നും അഴിമതിക്ക് കൂട്ടുനിൽക്കാൻ ആകില്ലെന്നും പറഞ്ഞ പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.
യു.ഡി.എഫ് കൗൺസിലർമാരായ പി.രത്നവല്ലി, വി.പി.ഇബ്രാഹിം കുട്ടി, കേളോത്ത് വത്സരാജ്, മനോജ് പയറ്റുവളപ്പിൽ, എ.അസീസ്, രജീഷ് വെങ്ങളത്ത്കണ്ടി, ഫക്രുദീൻ മാസ്റ്റർ, ദൃശ്യ എം, നജീബ് കെ.എം, ഷീബ അരീക്കൽ, ജിഷ പുതിയേടത്ത്, ശൈലജ ടി.പി, റഹ്മത്ത് കെ.ടി.വി, സുമതി കെ.എം എന്നിവർ പങ്കെടുത്തു.