ആറു വര്‍ഷമായി അടച്ചിട്ട കീഴരിയൂര്‍ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാള്‍ തുറന്നു കൊടുക്കാത്തതെന്തെന്ന് പ്രതിപക്ഷം; പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ബഹളം, ഇറങ്ങിപ്പോക്കും പ്രതിഷേധ പ്രകടനവുമായി യു.ഡി.എഫ്


കീഴരിയൂര്‍: കീഴരിയൂര്‍ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാള്‍ തുറന്നു കൊടുക്കാത്തതില്‍ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ ബഹളവും പ്രതിപക്ഷഅംഗങ്ങളുടെ ഇറങ്ങിപ്പോക്കും പ്രതിഷേധ പ്രകടനവും. ഇന്നലെ നടന്ന കീഴരിയൂര്‍ പഞ്ചായത്ത് ഭരണ സമതി യോഗത്തിലാണ് പ്രതിഷേധ രംഗങ്ങള്‍ അരങ്ങേറിയത്.

ആറു വര്‍ഷമായി അടച്ചിട്ടിരിക്കുന്ന കീഴരിയൂര്‍ ബോംബു കേസ് സ്മാരക കമ്യൂണിറ്റി ഹാള്‍ തുറന്നുകൊടുക്കാത്തത് എന്തുകൊണ്ടാണെന്ന കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം ഇ.എം.മനോജ് അജണ്ടയില്‍ ഉന്നയിക്കുകയായിരുന്നു. ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാളില്‍ ടോയ്‌ലറ്റ് പണിയണമെന്നും ഫണ്ട് ലഭ്യമാവുന്ന മുറക്ക് അതിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കമ്യൂണിറ്റി ഹാള്‍ തുറന്നുകൊടുക്കകയുള്ളൂ എന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മലയുടെ മറുപടി.

ആറു വര്‍ഷമായിട്ടും പഞ്ചായത്ത് ടോയ് ലറ്റ് പണിയാഞ്ഞത് എന്തുകൊണ്ടാണെന്നും ഫണ്ട് ഇല്ലെങ്കില്‍ ടോയ്‌ലറ്റ് നിര്‍മാണത്തിന് ജനകീയ സമാഹരണത്തിലൂടെ ഫണ്ടു ഉണ്ടാക്കി തരാമെന്നും പ്രതിപക്ഷ നേതാവ് കെ.സി.രാജന്‍ പറഞ്ഞു. ഈ നിര്‍ദേശം ഭരണകക്ഷി അവഗണിച്ചതോടെ യുഡിഎഫ് പഞ്ചായത്ത് അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍ നിന്ന് മുദ്രാവാക്യം വിളിച്ചു കൊണ്ട് ഇറങ്ങിപ്പോകുകയായിരുന്നു.

തുടര്‍ന്ന് കീഴരിയൂര്‍ സെന്ററില്‍ നടന്ന പ്രകടനത്തിനു ശേഷം പഞ്ചായത്ത് ഓഫിസിനു മുന്‍പില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പ്രതിപക്ഷ നേതാവ് കെ.സി.രാജന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ഇ.എം.മനോജ്, കുറ്റ്യോയത്തില്‍ ഗോപാലന്‍, സവിത നിരത്തിന്റെ മീത്തല്‍, ജലജ കറുമയില്‍, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം കെ.കെ.സത്താര്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ ഇ.രാമചന്ദ്രന്‍, ജി.പി.പ്രീജിത്ത്, ലീഗ് പഞ്ചായത്ത് ട്രഷറര്‍ ടി.എ.സലാം, യുഡിഎഫ് നേതാക്കളായ ചുക്കോത്ത് ബാലന്‍ നായര്‍, ഒ.കെ.കുമാരന്‍, കെ.എം.വേലായുധന്‍, പി.കെ.ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.