എസ്‌എസ്‌എൽസി, പ്ലസ് ടു: ഫോക്കസ് ഏരിയയിൽ നിന്ന് 70 ശതമാനം ചോദ്യങ്ങൾ മാത്രം; ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പരീക്ഷകൾക്ക് മാർച്ച് 23നു ആരംഭം
കോഴിക്കോട്: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി. ബാക്കി 30 ശതമാനം നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നായിരിക്കും. എല്ലാ കുട്ടികള്‍ക്കും അവരുടെ മികവിന് അനുസരിച്ച് സ്‌കോര്‍ നേടാനാണിതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
അസാധാരണ സാഹചര്യമായതിനാലാണ് കഴിഞ്ഞ തവണ ഫോക്കസ് ഏരിയയില്‍ നിന്ന് മാത്രം ചോദ്യങ്ങള്‍ വന്നത്. ഫോക്കസ്, നോണ്‍ ഫോക്കസ് ഏരിയകളില്‍ 50 ശതമാനം അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. നിയമസഭയില്‍ മന്ത്രി രേഖാമൂലം ഇക്കാര്യങ്ങള്‍ മറുപടിയായി അറിയിക്കുകയായിരുന്നു.
1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെയുള്ള തീയതികളിലായി നടത്താനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. പ്രായോഗികമായ നിരവധി വസ്തുതകൾ കണക്കിലെടുത്തുകൊണ്ടാണ് പരീക്ഷാതീയതി നിശ്ചയിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ പ്രവേശന പ്രക്രിയയിൽ, കേരളത്തിലെകുട്ടികൾ പുറത്താകാതിരിക്കുക എന്ന ലക്ഷ്യത്തോടെ സമയബന്ധിതമായി പൊതുപരീക്ഷകൾ നടത്തും ഏപ്രിൽ മാസത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകൾ നടക്കുകയാണ്.
കൂടാതെ ഏപ്രിൽ, മെയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന അധ്യാപക പരിശീലനം, എസ്.എസ്.എൽ.സി, ഹയർസെക്കന്ററി/ വി.എച്ച്.എസ്.ഇ മൂല്യ നിർണ്ണയം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ ഏപ്രിൽ 2ന്പൂർത്തീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.