പണമിടപാടുകൾ ഓൺലൈൻ വഴിയാണോ? ചതിക്കുഴികളിൽ വീഴാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം, വിശദാംശങ്ങൾ
കോഴിക്കോട്: ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും ഡിജിറ്റൽവത്കരണം അതിവേഗത്തിൽ പ്രസരിക്കുകയാണ്. ഓൺലൈൻ പണമിടപാടുകളും സാർവത്രികമായി കഴിഞ്ഞു. എന്നാൽ മറുവശത്ത് ഓൺലൈൻ തട്ടിപ്പുകളും വർധിക്കുകയാണെന്നതാണ് ദുഃഖസത്യം. പക്ഷേ, ജാഗ്രത പാലിച്ചാൽ ഇത്തരം ചതിക്കുഴികളിൽ വീഴാതെ പിടിച്ചുനിൽക്കാൻ ഉപയോക്താക്കൾക്ക് കഴിയും. സൈബർ തട്ടിപ്പിൽ നിന്നും രക്ഷപെടാനുള്ള ഏഴ് മാർഗങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്.
1. സെക്യൂരിറ്റി സോഫ്റ്റ്‌വെയർ പരിഷ്‌കരിക്കുക- കംപ്യൂട്ടറിലും ലാപ്‌ടോപ്പിലുമൊക്കെ ഉപയോഗിക്കുന്ന സെക്യൂരിറ്റീ സോഫ്റ്റ്‌വെയറുകൾ നവീനവും മുറപ്രകാരം പരിഷ്‌കരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. സെക്യൂരിറ്റീ സോഫ്റ്റ്‌വെയറുകളുടെ ഏറ്റവും നവീന പതിപ്പ് ഉപയോഗിക്കുന്നതിലൂടെ വൈറസ്, മാൽവെയർ, മറ്റ് ഓൺലൈൻ സുരക്ഷാഭീഷണികളേയും ഒരു പരിധി വരെ തടയാനാകും.
2. കംപ്യൂട്ടറുകൾ ആവശ്യമില്ലാത്ത അവസരങ്ങളിലും ഉപയോഗിക്കാത്ത സന്ദർഭങ്ങളിലും ലോക്ക് ചെയ്യുകയോ ലോഗ് ഓഫ് ചെയ്യുകയോ വേണം. ഇതിലൂടെ മറ്റൊരാൾക്ക് നിങ്ങളുടെ കംപ്യൂട്ടറിലെ പ്രധാനപ്പെട്ട വിവരങ്ങളിലേക്കുള്ള പ്രവേശനത്തിന് തടയിടാനാകും.
3. ആവശ്യമില്ലാത്ത അവസരങ്ങളിൽ കംപ്യൂട്ടറിലേക്ക് നൽകിയിരിക്കുന്ന ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിക്കുക. എല്ലായ്‌പ്പോഴും ഇന്റർനെറ്റിലേക്ക് കംപ്യൂട്ടർ ബന്ധപ്പെടുത്തിയിട്ടിരുന്നാൽ ഹാക്കർമാരുടേയും വൈറസ് ആക്രമണങ്ങൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്ന സാഹചര്യം ഉരുത്തിരിയാം.
4. കംപ്യൂട്ടർ, സ്മാർട്ട് ഫോൺ, ടാബ്‌ലെറ്റ് എന്നിങ്ങനെ നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ നൽകിയിട്ടുള്ള സെക്യൂരിറ്റീ സെറ്റിങ്ങ്‌സിലെ പ്രത്യേക സേവനങ്ങൾ പ്രയോജനപ്പെടുത്തുക. പിൻ നമ്പറും പാസ്‌വേർഡും പോലെയുള്ള ഫീച്ചറുകൾ ഉപയോഗിക്കുന്നതിലൂടെ മറ്റുള്ളവർക്ക് എളുപ്പത്തിൽ ഉപകരണങ്ങളിലേക്കുള്ള പ്രവേശനം വിലക്കാൻ കഴിയും.
5. പരമാവധി കുറച്ചു വ്യക്തിഗത വിവരങ്ങൾ മാത്രം ഓൺലൈനിലും സോഷ്യൽ മീഡിയ പ്രൊഫൈലുകളിലും പങ്കുവെയ്ക്കാൻ ശ്രദ്ധിക്കുക. ജനനത്തീയതി, താമസിക്കുന്ന നഗരം ഉൾപ്പെടെ എല്ലാവിധ വ്യക്തിഗത വിവരങ്ങളും നൽകിയാൽ സൈബർ ക്രിമിനലുകൾക്ക് വേഗത്തിൽ നിങ്ങളുടെ ‘ഐഡന്റിറ്റി’ തട്ടിപ്പുകൾക്കായി ഉപയോഗപ്പെടുത്താനാകുമെന്ന് ശ്രദ്ധിക്കുക.
6. പൊതുയിടത്തിൽ ലഭ്യമായ വൈ-ഫൈ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കണം. ഹാക്കർമാർക്ക് നിഷ്പ്രയാസം പൊതു വൈ-ഫൈ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറാൻ സാധിക്കുകയും കണക്ട് ചെയ്യപ്പെട്ട എല്ലാവരുടേയും പാസ്‌വേർഡുകളും അക്കൗണ്ട് വിവരങ്ങൾ ചോർത്താനും കഴിയുമെന്ന് ഓർക്കുക.
7. സംശയം തോന്നിയാൽ ക്ലിക്ക് ചെയ്യരുത്- ഓൺലൈൻ പരസ്യം, ട്വീറ്റുകൾ, ഫെസ്ബുക്ക് പോസ്റ്റുകൾ, ഇ-മെയിൽ എന്നിവയിലൂടെ ചതിയിൽപ്പെടുത്താൻ സൈബർ തട്ടിപ്പുകാർ ശ്രമിക്കും. അതിനാൽ സംശയം തോന്നുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതെ, ഡിലീറ്റ് ചെയ്യുക. വളരെ വേഗത്തിൽ പ്രതികരിക്കണം എന്ന മട്ടിൽ നിർബന്ധിക്കുന്ന എല്ലാത്തരം സന്ദേശങ്ങളേയും ജാഗ്രതാപൂർവം സമീപിക്കുക.
Summary: Online payment: seven ways to avoid online scams