ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ് കേസ്; രണ്ട് കൊയിലാണ്ടി സ്വദേശികളടക്കം മൂന്ന് പേര്‍ പിടിയില്‍


കൊയിലാണ്ടി: ഓണ്‍ലൈന്‍ വഴി ജോലി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ സംഘത്തിലെ രണ്ട് കൊയിലാണ്ടി സ്വദേശികള്‍ അറസ്റ്റില്‍. കേസില്‍ കൊയിലാണ്ടി സ്വദേശികളടക്കം മൂന്ന് പേരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

കൊയിലാണ്ടി മുത്താമ്പി കിഴക്കേ പറയച്ചാല്‍ അനസ് (32), കൊയിലാണ്ടി നടേരി തെക്കേടത്ത് കണ്ടി സാദിഖ് (35), കൈതപ്പൊയില്‍ പടിഞ്ഞാറു തൊടുകയില്‍ ഷിബിലി (27) എന്നിവരെയാണ് താമരശ്ശേരി സി.ഐ കെ.ഒ പ്രദീപ് അറസ്റ്റ് ചെയ്തത്.

ടെലഗ്രാം ആപ്പ് എക്കൗണ്ട് വഴി കോണ്‍ ടിവി എന്ന സ്ഥാപനം വഴി പാര്‍ട് ടൈം ജോലിയിലൂടെ കൂടുതല്‍ പണം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് താമരശ്ശേരി താമരശേരി കുടിക്കിലുമ്മാരം സ്വദേശിയില്‍ നിന്ന് 5,86,200 രൂപയാണ് സംഘം തട്ടിയെടുത്തത്. ഈ മാസം 2,4,5 തിയ്യതികളില്‍ പലതവണകളായി പണം വാങ്ങിയെന്നാണ് കേസ്.

അനസിന്റെ പക്കല്‍നിന്ന് 5,25,000 രൂപ കണ്ടെടുത്തതായി പൊലീസ് പറയുന്നു. സംഭവത്തില്‍ ഇനിയും പ്രതികളുള്‍പ്പെട്ടതായി പൊലീസ് പറഞ്ഞു. കൊടുവള്ളിയില്‍ നവമാധ്യമത്തിലൂടെ കോയിന്‍ പര്‍ച്ചേസ് ചെയ്ത് പണം ഉണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയില്‍നിന്ന് 13 ലക്ഷം തട്ടിയ സംഘത്തിലെ പ്രതി പുതുപ്പാടി സ്വദേശി ഉവൈസ് സുല്‍ത്താനെ കൊടുവള്ളി പൊലീസ് ബുധനാഴ്ച പിടികൂടിയിരുന്നു.