ഒരു വ്യക്തി, ഒരേദിവസം രണ്ട് ഒന്നാം റാങ്ക്; അയനിക്കാട് സ്വദേശി രാഗേഷ് കുമാറിന് പി.എസ്.സി പരീക്ഷയില്‍ ഇരട്ട വിജയം


പയ്യോളി: അയനിക്കാട് സ്വദേശി എന്‍.രാഗേഷ് കുമാറിന് പി.എസ്.ഇ പരീക്ഷയില്‍ ഇരട്ട വിജയം. രണ്ട് പരീക്ഷകളില്‍ ഒരേദിവസം ഒന്നാം റാങ്ക് നേടിയിരിക്കുകയാണ് രാഗേഷ്.

വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കാസര്‍കോഡ് ജില്ലയില്‍ ഒന്നാം റാങ്കും സംസ്ഥാന തല പരീക്ഷയില്‍ കമ്പനി ബോര്‍ഡ് എല്‍.ജി.എസില്‍ ഒന്നാം റാങ്കുമാണ് രാഗേഷ് നേടിയത്.

സൈന്യത്തില്‍ നിന്നും റിട്ടയര്‍ ചെയ്തശേഷമാണ് രാഗേഷ് പി.എസ്.സി കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയത്. ഇതിനിടെ കഴിഞ്ഞ മൂന്നുമാസമായി പോസ്റ്റല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നുണ്ട്. കൊയിലാണ്ടിയിലെ ഗൈഡന്‍സില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി തീവ്ര പരിശീലനത്തിലായിരുന്നു. ഒരു ദിവസം മണിക്കൂറുകളോളം പി.എസ്.സി പരീക്ഷകള്‍ക്കായി മാറ്റിവെച്ചുള്ള രാഗേഷിന്റെ കഠിന പരിശ്രമമാണ് വിജയം കണ്ടിരിക്കുന്നത്.

കമ്പയിന്‍ സ്റ്റഡിയും മണിക്കൂറുകളോളം പഠനത്തിനായി മാറ്റിവെച്ചതുമാണ് തനിക്ക് ഗുണം ചെയ്തതെന്ന് രാഗേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. തുടക്കത്തില്‍ ഒരു എല്‍.ഡി.സി പരീക്ഷ എഴുതിയിരുന്നു. അതില്‍ ഒരുപാട് പിഴവുകള്‍ പറ്റി, അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് താന്‍ മറ്റുപരീക്ഷകള്‍ക്ക് തയ്യാറെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പഠിക്കുന്ന ഓരോ വിഷയവും അതിന്റെ വിശദതലത്തില്‍ പഠിക്കുന്നതിലൂടെ പ്രസ്താവന രീതിയിലുള്ള ചോദ്യങ്ങള്‍ നേരിടുന്നത് എളുപ്പമായെന്നും അദ്ദേഹം വ്യക്തമാക്കി.

അയനിക്കാട് ഒറ്റത്തെങ്ങിലാണ് രാഗേഷിന്റെ വീട്. ഭാര്യ പ്രബിഷ കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ നഴ്‌സാണ്.