പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണം; തൊഴിലാളിക്ക് പരുക്ക്


ചക്കിട്ടപ്പാറ: പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. മുതുകാട് മടത്തുവിളയില്‍ എം.എം റീജു(45)വിനാണ് പരിക്കേറ്റത്. പേരാമ്പ്ര സ്റ്റേറ്റ് സി ഡിവിഷന്‍ തൊഴിലാളിയാണ്. നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എസ്റ്റേറ്റ് തൊഴിലാളിയായ റീജു തോട്ടത്തിലേക്ക് കടന്ന ആനകളെ ഫോറസ്റ്റിലേക്ക് തളിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.

പ്രദേശത്ത് കാട്ടാന ശല്യം അടുത്തകാലത്തായി വര്‍ദ്ധിച്ചു വരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. വളരെ ഭയത്തോടെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെ ഇവിടെ ജോലിചെയ്യുന്നത്. കുറച്ച് മുന്നേ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു സ്ത്രീയ്ക്ക് പരുക്ക് പറ്റിയിരുന്നതായും പറഞ്ഞു.

തൊഴിലാളികളെ തുടര്‍ച്ചയായി കാട്ടാന ആക്രമിച്ചുകൊണ്ടിരിക്കുകയാണ് നിരവധി തൊഴിലാളികള്‍ ഈ കാലയളവില്‍ കാട്ടാനയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട് തൊഴിലാളികളെ സംരക്ഷിക്കുന്ന ഒരു നടപടിയും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍
പേരാമ്പ്ര ഏരിയ എസ്റ്റേറ്റ്ലേബര്‍ യൂണിയന്‍ സി.ഐ.ടിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ സുനില്‍ അറിയിച്ചു.

300 ഓളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്ഥാപനത്തിന്റെ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചയാണ് വന്നുകൊണ്ടിരിക്കുന്നത്. അതിനാല്‍ തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവംബര്‍ ഒന്നു മുതല്‍ പ്രക്ഷോഭം ആരംഭിക്കും. യോഗത്തില്‍ കെ.ടി സതീഷ് അധ്യക്ഷന്‍ വഹിച്ചു.

summary: one person injured in a wild elephant attack in perambra estate