അപേക്ഷിക്കാന്‍ വിട്ടുപോയവര്‍ക്ക് ഒരവസരം കൂടി; എല്‍ഡി ക്ലര്‍ക്ക് അപേക്ഷ, അവസാന തീയതി നാളെവരെ നീട്ടി


തിരുവനന്തപുരം: എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്കായ് അപേക്ഷിക്കാന്‍ വിട്ടുപോയവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി പി.എസ്.സി. ഏറ്റവുമധികം ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന എല്‍ ഡി ക്ലര്‍ക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജനുവരി അഞ്ച് വരെ നീട്ടി.

നേരത്തെ ജനുവരി മൂന്ന് വരെയായിരുന്നു അവസരം ഉണ്ടായിരുന്നത് ഇതാണ് രണ്ട് ദിവസത്തേക്ക് കൂടി തീയതി നീട്ടിയതായി പി.എസ്.സി അറിയിച്ചത്. നിലവില്‍ അഞ്ചാം തീയതി രാത്രി 12 മണി വരെ അപേക്ഷ സമര്‍പ്പിക്കാം.ഡിസംബര്‍ മാസം ഒന്നാം തിയതിയാണ് പി.എസ്.സി എല്‍.ഡി.ക്ലര്‍ക്ക് വിജ്ഞാപനം പുറത്തിറക്കിയത്.

എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഇത്തവണ പ്രിലിമിനറി പരീക്ഷയില്ല. ഒറ്റ പരീക്ഷ നടത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ജില്ലാടിസ്ഥാനത്തിലായിരിക്കും നിയമനം. എത്ര ഒഴിവുകളുണ്ടെന്ന് ഇപ്പോള്‍ വ്യക്തമല്ല.

പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. 2024 ജൂലൈ മാസം മുതലാണ് പരീക്ഷകള്‍ നടക്കുക. 17 ലക്ഷത്തിലധികം പേര്‍ കഴിഞ്ഞ തവണ അപേക്ഷിച്ചിരുന്നു. ഇത്തവണ അപേക്ഷകരുടെ എണ്ണം അതിലും കൂടാനാണ് സാധ്യത.