കള്ളക്കടത്തിന് പ്രതിഫലമായി വാഗ്ദാനം ലഭിച്ചത് 65,000 രൂപ; കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ നാല് ക്യാപ്സ്യൂളുകളായ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് ഒരുകിലോയിലേറെയുള്ള സ്വര്‍ണമിശ്രിതം കസ്റ്റംസ് പിടികൂടി. മലപ്പുറം കൂട്ടായി സ്വദേശി തോടത്ത് സാദിക്കി(40)നെയാണ് 1.293 കിലോ സ്വര്‍ണമിശ്രിതവുമായി കോഴിക്കോട് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.

ഇയാളില്‍ നിന്നും ശരീരത്തില്‍ നാല് ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ച 70 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണം കടത്തുന്നതിന് പ്രതിഫലമായി 65,000 രൂപയാണ് കള്ളക്കടത്തുസംഘം തനിക്ക് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് സാദിക്ക് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

പിടിച്ചെടുത്ത സ്വര്‍ണമിശ്രിതത്തില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം പ്രതിയുടെ അറസ്റ്റും തുടര്‍നടപടികളും പൂര്‍ത്തിയാക്കും.