എത്രയാള്‍ വരുമെന്ന് പറഞ്ഞാല്‍ മതി, സദ്യ തയ്യാര്‍; ഓണാഘോഷങ്ങള്‍ സജീവമായതോടെ കൊയിലാണ്ടിയില്‍ സദ്യയൊരുക്കുന്നവര്‍ക്ക് സുവര്‍ണകാലം
കൊയിലാണ്ടി: ഓണാഘോഷങ്ങളുടെ കാലമാണിത്. സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കോളേജുകള്‍ തുടങ്ങിയവരെല്ലാം ഓണാഘോഷം സംഘടിപ്പിക്കുന്നുണ്ട്. ഓണാഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഓണസദ്യ. മുമ്പ് സദ്യ ഒരുക്കാന്‍ നാട്ടിലെ പാചകക്കാരെ ആരെയെങ്കിലും വിളിച്ചുവരുത്തലാണെങ്കില്‍ ഇന്ന് കാറ്ററിങ് മേഖലയിലുളളവര്‍ക്കാണ് ഈ അവസരം.
ആളുടെ എണ്ണം കൊടുത്താല്‍ മതി, സദ്യ പാര്‍സലായി സ്ഥലത്തെത്തും. സദ്യയൊരുക്കാനുള്ള പാത്രം നോക്കേണ്ട, കറിക്കരിയാന്‍ ആളെ നോക്കേണ്ട, വിളമ്പിയാല്‍ മാത്രം മതി. പ്രളയത്തിനും കോവിഡിനും ശേഷം കഴിഞ്ഞ വര്‍ഷം മുതലാണ് ഓണാഘോഷം സജീവമായത്. ഇത് പാചക തൊഴിലാളികള്‍ക്കും കാറ്ററിംഗ് തൊഴിലാളികള്‍ക്കും നവോന്മേഷം ഉണ്ടാക്കിയിട്ടുണ്ട്.
നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും വിലവര്‍ദ്ധനവ് കാരണം സദ്യവട്ടങ്ങള്‍ക്ക് ചെലവേറിയിട്ടുണ്ട്. എന്നാലും പച്ചക്കറികള്‍ക്ക് ഓണത്തോടനുബന്ധിച്ച് വില അധികമുയരാത്തത് ഭാഗ്യമായാണ് ഇവര്‍ കാണുന്നത്. കഴിഞ്ഞ ആഴ്ച തക്കാളിയ്ക്ക് നൂറ് കടന്നത് എല്ലാവരെയും ആശങ്കപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തക്കാളിയ്ക്ക് ചെറുകിട വ്യാപാരികള്‍ പോലും 26 മുതല്‍ 30 രൂപ വരെ ഈടാക്കിയാണ് വില്‍ക്കുന്നത്. വെണ്ട, മുരിങ്ങാകായ, വെളളരി, ഉളളി, ഉരുളകിഴങ്ങ് എന്നിവയ്ക്കൊന്നും ഇപ്പോള്‍ വലിയ തോതില്‍ വില ഉയരാത്തത് സദ്യയൊരുക്കുന്നവര്‍ക്ക് ആശ്വാസമാണ്.
ഇലയില്‍ വിളമ്പുന്ന ഭക്ഷ്യ വസ്ത്തുക്കളുടെ എണ്ണമനുസരിച്ച് വിലവിത്യാസം ഉണ്ട്. സാധാരണ 180 മുതല്‍ 220 രൂപ വരെയാണ് ഇലയില്‍ വിളമ്പുന്ന സദ്യയുടെ വില നിലവാരം. അതു കൂടുകയും കുറയുകയും ചെയ്യും. വിറകിന്റെയും പാചക വാതകത്തിന്റെയും വിലകയറ്റം പാചക തൊഴിലാളികളെയും കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ബാധിക്കുന്നുണ്ട്. മാത്രവുമല്ല ഈ മേഖലയില്‍ മത്സരവും കൂടി വരികയാണ്. എന്നാലും കൈപുണ്യവും സ്വാദും തേടി ഇഷ്ടപ്പെട്ട പാചകക്കാരെ തേടിയെത്തുന്നത് കുറഞ്ഞിട്ടില്ല.
നഗരസഭ, പഞ്ചായത്ത്, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഓണ സദ്യകളുടെ പൊടിപൂരമാണ് ഇപ്പോള്‍ നടക്കുന്നത്. അതു കൊണ്ട് ഓണക്കാലം പാചകക്കാര്‍ക്കും ക്ഷേമശ്വര്യങ്ങളുടെ നല്ല കാലമാകുകയാണ്. തിരുവോണം കഴിഞ്ഞ് ഓണാവധികാലത്തും ഓണ സദ്യ നടക്കും.