”കണ്ണുതുറന്ന് നടന്നുപോകാന്‍ പറ്റാത്ത വിധം പൊടി, ദുരിതത്തിലായി വ്യാപാരികളും നാട്ടുകാരും”; സെപ്റ്റംബര്‍ 25ന് പയ്യോളിയില്‍ സി.പി.എം നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ
പയ്യോളി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ കാരണം പയ്യോളി നഗരത്തില്‍ പൊടിശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇതിനെതിരെ പ്രതിഷേധമുയരുന്നു. പൊടിശല്യം അവസാനിപ്പിക്കാന്‍ വാഗാഡ് അധികൃതര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പയ്യോളി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 25ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുകയാണ്. വൈകുന്നേരം 4.30ന് ബീച്ച് റോഡിലാണ് കൂട്ടായ്മ നടക്കുക.
ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ കാരണം ഇക്കഴിഞ്ഞ മഴക്കാലത്ത് പയ്യോളിയില്‍ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ഇതിന് പരിഹാരമായി പല ഭാഗങ്ങളിലും വാഗാഡ് അധികൃതര്‍ എംസാന്റ് ഇട്ട് നികത്തിയിരുന്നു. മഴ പോയതോടെ ഇത് ഉണങ്ങി നഗരത്തില്‍ പൊടിശല്യത്തിന് കാരണമായെന്ന് സി.പി.എം പ്രവര്‍ത്തകനായ മനോജ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
നഗരത്തിലേക്ക് എത്തുന്നവരും പ്രദേശവാസികളും വ്യാപാരികളും ഇതിന്റെ ദുരിതംപേറുകയാണ്. വാഹനങ്ങളില്‍ ഇതുവഴി പോകുന്നവരുടെ കാഴ്ച മറക്കുംവിധമാണ് പലപ്പോഴും പൊടി ഉയരുന്നത്. വ്യാപാരികള്‍ക്ക് കട തുറന്നിരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. റോഡ് ടാര്‍ ചെയ്ത് അധികൃതര്‍ ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്.