ഒഡീഷ ട്രെയിന്‍ ദുരന്തം: അതിഥി തൊഴിലാളിയുടെ മരണത്തില്‍ ഞെട്ടി കുറ്റ്യാടി, നോവായി സദ്ദാം ഹുസെെന്‍!


കോഴിക്കോട്: ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ കേരളത്തിലെ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാള്‍ സ്വദേശിയായ സദ്ദാം ഹുസൈനാണ് മരിച്ചത്. ഈ വാര്‍ത്ത പുറത്ത് വന്നതോടെ സദ്ദാമിന്റെ മരണത്തിന്റെ ഞെട്ടലിലാണ് കുറ്റ്യാടി. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി കുറ്റ്യാടി, കക്കട്ട് മേഖലകളില്‍ ജോലി ചെയ്തു വരികയാണ് സദ്ദാം.

കുറ്റ്യാടിയിലെ ഡേമാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരനാണ് സദ്ദാം. അവധിയെടുത്ത് നാട്ടില്‍ പോയ സദ്ദാം അടുത്ത ആഴ്ച തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചത്. ഇന്ന് രാവിലെയാണ് സദ്ദാമിന്റെ മരണം സ്ഥീരീകരിച്ചത്.

ജൂണ്‍ 2ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു രാജ്യത്തെ നടക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ദുരന്തത്തില്‍ ഇതുവരെയായി 233 പേര്‍ മരിക്കുകയും 900ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ നാല് മലയാളികളുമുണ്ട്. തൃശ്ശൂര്‍ സ്വദേശികളായ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ബഹനാഗ ബസാര്‍ സ്‌റ്റേഷന് സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിഞ്ഞ ബെംഗളൂരു-ഹൗറി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലേക്ക് കൊല്‍ക്കത്തയിലെ ഷാലിമാറിന്‍ നിന്നും ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. പിന്നാലെ മറിഞ്ഞു കിടന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്‌സ് ട്രെയിനും ഇടിച്ചു കയറുകയായിരുന്നു.