സംസ്ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കി; നിയന്ത്രണം ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി: ഉപഭോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് മന്ത്രി



തിരുവനന്തപുരം:
സംസ്ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കിയെന്നും നിയന്ത്രണം ഉണ്ടാകില്ലെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി.അശോക് അറിയിച്ചു. വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ മൈത്തോണ്‍ നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിതരണം പുനസ്ഥാപിച്ചു. മെയ് 31 വരെ അധിക നിരക്കില്‍ അധിക വൈദ്യുതി വാങ്ങുന്നതിലൂടെ 50 കോടിയുടെ ബാധ്യതയുണ്ടാകും വേനല്‍ക്കാലത്ത് വൈദ്യുതി കമ്മി ഉണ്ടാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്ന വിമര്‍ശനങ്ങള്‍ അദ്ദേഹം തള്ളി. വൈകിട്ട് 6നും 11 നും ഇടയില്‍ ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.


ദേശീയ ഗ്രിഡില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ നാനൂറുമുതല്‍ അഞ്ഞൂറുവരെ മെഗാവാട്ട് വൈദ്യുതിയുടെ കുറവ് അനുഭവപ്പെട്ടിരുന്നു. വൈകുന്നേരം ആറര മുതല്‍ രാത്രി പതിനൊന്നരവരെ 4580 മെഗാവാട്ട് വൈദ്യുതി ആവശ്യമാണ്. ഇത് നാലായിരമായി കുറഞ്ഞതോടെയാണ് കഴിഞ്ഞദിവസം പത്തുപതിനഞ്ച് മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കല്‍ക്കരി ക്ഷാമം മൂലം രാജ്യത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കെഎസ്ഇബി നടപടി ശക്തമാക്കി. കെഎസ്ഇബിക്ക് ഊര്‍ജ്ജം നല്‍കുന്ന 19 നിലയങ്ങളില്‍ 3 എണ്ണം മാത്രമാണ് ഇതുവരെ ഉത്പാദനം നിര്‍ത്തിവച്ചത്. ഇതില്‍ ജാര്‍ഖണ്ടിലെ മൈത്തോണ്‍ നിലയം പ്രവര്‍ത്തനം പുനരാരംഭിച്ചു. പീക്ക് അവറിലെ ക്ഷാമം മറികടക്കാന്‍ യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി മെയ് 31 വരെ വാങ്ങും. നല്ലളം ഡീസല്‍ നിലയവും പെരിങ്ങല്‍കുത്തും 65 മെഗാവാട്ടോളം വൈദ്യുതി ഉറപ്പാക്കുന്നു. ബാങ്കിംഗ് സ്വാപ് ടെണ്ടര്‍ മുഖേന 100 മെഗാവാട്ടും ഉറപ്പാക്കി സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.


[bot1]