തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (26/05/2022)


 

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ഭിന്നശേഷിക്കാർക്ക് സൗജന്യ കംപ്യൂട്ടർ കോഴ്സുകൾ

സാമൂഹ്യനീതി വകുപ്പിനു കീഴിൽ മയനാട് പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രത്തിൽ കെൽട്രോണിന്റെ ആഭിമുഖ്യത്തിൽ കംപ്യൂട്ടർ കോഴ്സുകൾ ആരംഭിക്കുന്നു. ഒരുവർഷം ദൈർഘ്യമുള്ള ഡി.സി.എ. , ഡേറ്റാ എൻട്രി ആൻഡ് ഡി.ടി.പി കോഴ്സുകളിലേക്കാണ് പ്രവേശനം.

ഡി.സി.എ: കുറഞ്ഞ യോഗ്യത – പ്ലസ് ടു,
ഡേറ്റാ എൻട്രി ആൻഡ് ഡി.ടി.പി: – കുറഞ്ഞ യോഗ്യത എസ്എസ്എൽസി.

40 ശതമാനത്തിൽ കുറയാത്ത അസ്ഥി/കേൾവി/സംസാര പരിമിതിയുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. സ്വയം തയ്യാറാക്കിയ അപേക്ഷ (ഫോൺ നമ്പർ സഹിതം) ജൂൺ നാലിനകം സൂപ്പർവൈസർ, ഗവ. ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട് 673008 എന്ന വിലാസത്തിലോ ഇ മെയിൽ വഴിയോ അയക്കാം. വിവരങ്ങൾക്ക് ഫോൺ: 0495 2351403 ഇ-മെയിൽ: [email protected]

സൗജന്യ സ്റ്റെനോഗ്രഫി/ വേർഡ് പ്രൊസസ്സിംഗ് കോഴ്‌സ്

സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി./എസ്.ടി.യുടെ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രഫി,ടൈപ്പ്‌റൈറ്റിംഗ് /കമ്പ്യൂട്ടർ വേർഡ് പ്രൊസസ്സിംഗ് കോഴ്‌സ് നടത്തുന്നു. എസ്.എസ്.എൽ.സി. യോഗ്യതയുളള, 38 വയസ്സിൽ താഴെ പ്രായമുളളവർക്ക് അപേക്ഷിക്കാം. താത്പര്യമുളളവർക്ക് സിവിൽ സ്റ്റേഷനിലെ സി ബ്ലോക്കിൽ നാലാംനിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ അപേക്ഷ നൽകാം. അവസാന തീയതി മെയ് 31. ഫോൺ: 0495-2376179

റേഷൻകട ലൈസൻസി നിയമനം അപേക്ഷ ക്ഷണിച്ചു

കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ 28 ാം ഡിവിഷനിലെ മുക്കിലങ്ങാടി പ്രദേശത്തെ 71- ാം നമ്പർ റേഷൻകടയിൽ ലൈസൻസി സ്ഥിരനിയമനത്തിന് അർഹരായവരിൽനിന്നും അപേക്ഷകൾ ക്ഷണിച്ചു. പട്ടികജാതി സംവരണ വിഭാഗത്തിനായി വിജ്ഞാപനം ചെയ്ത ഒഴിവിലേക്ക് പട്ടികജാതിസംവരണ വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തികൾ/സഹകരണ സംഘങ്ങൾ മാത്രമേ അപേക്ഷിക്കാൻ പാടുള്ളു. എസ് എസ് എൽ സി വിദ്യാഭ്യാസ യോഗ്യതയുള്ള 21 നും 62 നും പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 23 ന് വൈകീട്ട് മൂന്ന് മണിക്കകം നേരിട്ടോ തപാൽ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസർക്കു നൽകാം.

സംശയ നിവാരണത്തിന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസ് – 0495 2370655,
താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് – 0495 2224030

ജില്ലാ പ്രോഗ്രാം മാനേജർ നിയമനം

ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പി.എം.എം.എസ്.വൈ പദ്ധതികളുടെ ജില്ലാതല മോണിറ്ററിംഗിന് വേണ്ടി ജില്ലാ പ്രോഗ്രാം മാനേജരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത – ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം/ സുവോളജിയിൽ എം.എസ്സി/ മറൈൻ ബയോളജിയിൽ എം.എസ്സി/ ഫിഷറീസ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസ്/ ഫിഷറീസ് ബിസിനസ് മാനേജ്മെന്റ്,
ബി) ഇൻഫർമേഷൻ ടെക്നോളജി (ഐടി)/ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ കുറഞ്ഞ ഡിപ്ലോമ. ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം. മൂന്ന് വർഷത്തെ അക്വാകൾച്ചർ പ്രവൃത്തി പരിചയം അഭികാമ്യം.

അപേക്ഷ ജൂൺ മൂന്ന് വൈകീട്ട് അഞ്ചിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, വെസ്റ്റ്ഹിൽ, കോഴിക്കോട്-05 എന്ന വിലാസത്തിൽ ലഭിക്കണം. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും. ഫോൺ : 0495 2383780, ഇ-മെയിൽ: [email protected]

തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കെൽട്രോണിൽ മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിംഗ്, റീട്ടെയിൽ ആൻഡ് ലോജിസ്‌റ്റിക്‌സ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലെചെയിൻ മാനേജ്‌മെന്റ് തുടങ്ങിയ ഒരുവർഷ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് യോഗ്യത. താത്പര്യമുള്ളവർക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി പാലക്കാടുള്ള കെൽട്രോൺ നോളേജ് സെന്ററുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് 0491-2504599, 8590605273

മുട്ടക്കോഴി കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

ചാത്തമംഗലം പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിൽ വിവിധ പ്രായത്തിലുള്ള മുട്ടക്കോഴി കുഞ്ഞുങ്ങൾ എല്ലാ ദിവസവും വില്പനയ്ക്കുണ്ട്. ഫാമിൽ നേരിട്ടെത്തി വാങ്ങാം. നൂറിൽ കൂടുതൽ ഓർഡർ ചെയ്യുന്നവർക്ക് സ്ഥലത്ത് എത്തിച്ചു നൽകും. ഫോൺ: 0495-2287481, 9446694015.

റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്.എ എൻസിഎ എൽസി/എഐ (കാറ്റഗറി നം. 175/2020) തസ്തികയുടെ റാങ്ക് പട്ടികയിലെ മുഴുവൻ ഉദ്യോഗാർത്ഥികളെയും നിയമനശിപാർശ ചെയ്തു കഴിഞ്ഞതിനാൽ പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് I എൻസിഎ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നം. 179/2020) തസ്തികയുടെ റാങ്ക് പട്ടികയിലെ മുഴുവൻ ഉദ്യോഗാർത്ഥികളെയും നിയമനശിപാർശ ചെയ്തു കഴിഞ്ഞതിനാൽ പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് (കാറ്റഗറി നം. 532/13) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞതിനാൽ പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

മെയ്ക്ക് സെൻസ് ഓഫ് മെൻസസ്; “പവർ ടു ദി പിരീഡ്”- നൈറ്റ് റൺ 28ന്

ആർത്തവ ശുചിത്വത്തെപ്പറ്റിയുള്ള ബോധവത്കരണം, അതുമായി ബന്ധപ്പെട്ടുള്ള മിഥ്യാധാരണകൾ അകറ്റുക എന്നിവ ലക്ഷ്യമിട്ട് ആർത്തവ ശുചിത്വദിനമായ മേയ് 28ന് “പവർ ടു ദി പിരീഡ് ” എന്ന പേരിൽ നൈറ്റ് റൺ സംഘടിപ്പിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെയും ജെൻഡർ പാർക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ഐ.എം.എ, ജെ.സി.ഐ കാലിക്കറ്റ്, ഡെക്കാത്ലോൺ, റെഡ് എഫ്.എം, അബീർ മെഡിക്കൽ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെ മെയ്ക്ക് സെൻസ് ഓഫ് മെൻസസ് എന്ന ഹാഷ് ടാഗോടെയാണ് പരിപാടി നടത്തുന്നത്.

28ന് രാത്രി 08.30ന് കോഴിക്കോട് ബീച്ചിലെ നമ്മുടെ കോഴിക്കോട് ഇൻസ്റ്റലേഷനിൽ നിന്നാരംഭിച്ചു വെള്ളയിൽ ഹാർബർ വഴി തിരിച്ചു സ്റ്റാർട്ടിങ് പോയിന്റിൽ അവസാനിക്കുന്ന വിധത്തിൽ മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. വനിതകളുടെ അവകാശങ്ങളെ കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുക, രാത്രി സ്ത്രീകൾക്ക് പുറത്തിറങ്ങാനുള്ള ഭയം അകറ്റുക എന്നീ ലക്ഷ്യങ്ങളും മുന്നോട്ടുവെച്ചാണ് നൈറ്റ് റൺ നടത്തുന്നത്.

ആർത്തവ ശുചിത്വത്തെപ്പറ്റി ബോധവത്കരിക്കുക, ആർത്തവവുമായി ബന്ധപ്പെട്ടുള്ള മിഥ്യാധാരണകളെ തകർക്കുക, ആർത്തവ സംബന്ധിയായി നിലനിൽക്കുന്ന വിവേചനങ്ങൾ അവസാനിപ്പിക്കുക, സാനിറ്ററി ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ആർത്തവ സൗഹൃദ ശുചിത്വ സൗകര്യങ്ങൾ വിപുലപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മെയ് 28 ലോക ആർത്തവ ശുചിത്വ ദിനമായി ആചരിക്കുന്നത്.

ദിനാചരണത്തോടനുബന്ധിച്ച് ബോധവത്കരണ സെഷനുകൾ, വെബിനാറുകൾ, ചർച്ചകൾ, സംശയനിവാരണ സെഷനുകൾ, സൈക്കിൾ റാലി, സോഷ്യൽ മീഡിയ ചലഞ്ചുകൾ, പ്രചാരണ ക്യാംപയിനുകൾ, ക്വിസ്സുകൾ തുടങ്ങിയ പരിപാടികളും ഒരുക്കുന്നുണ്ട്. പരിപാടിയിൽ പങ്കാളികളാകാൻ താഴെയുള്ള QR Code സ്കാൻ ചെയ്യുകയോ +919847764000, +914952370200 നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

ജലവിഭവങ്ങളിലെ കാലാവസ്ഥാ വ്യതിയാനം: ദ്വിദിന സിമ്പോസിയം സംഘടിപ്പിക്കുന്നു

കേരളത്തിലെ നദീതടങ്ങളിലെ ജലവിഭവങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭൂവിനിയോഗ മാറ്റത്തിന്റെയും ജലശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ ദ്വിദിന സിമ്പോസിയം സംഘടിപ്പിക്കുന്നു. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (സി.ഡബ്ല്യൂ.ആർ.ഡി.എം) ഇന്നും നാളെയുമായി (മേയ് 27, 28) നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം തുറമുഖ- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും.

‘തദ്രി മുതൽ കന്യാകുമാരി വരെയുള്ള നദികളിലെ ജലസ്രോതസ്സുകളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം’ എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ നാഷണൽ കമ്മിറ്റി ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ.എൻ.സി.സി.സി) ന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഐ.ഐ.ടി ബോംബെ, സി.ഡബ്ല്യൂ.ആർ.ഡി.എം കാലിക്കറ്റ്, എൻ.ഐ.ടി സൂറത്ത്കൽ എന്നിവർ സംയുക്തമായാണ് ഗവേഷണ പദ്ധതി നടത്തുന്നത്. കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന ആഘാതങ്ങൾ, ജലസ്രോതസ്സുകളിൽ കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ സിമ്പോസിയത്തിൽ ചർച്ച ചെയ്യും.

‘സഹജീവനം’ ഏകദിന ശില്പശാല സംഘടിപ്പിച്ചു

സാമൂഹ്യനീതി വകുപ്പും എസ്.എൻ.എ.സി കേരള നാഷണൽ ട്രസ്റ്റും സംയുക്തമായി ‘സഹജീവനം’ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഭിന്നശേഷിക്കാർക്ക് മാനസിക പിന്തുണ ഉറപ്പാക്കാൻ സാമൂഹ്യനീതി വകുപ്പ് വിവിധ വകുപ്പുകളുമായി ചേർന്ന് ആരംഭിച്ച പദ്ധതിയാണ് സഹജീവനം. ശില്പശാല ഉദ്ഘാടനവും ഭിന്നശേഷിക്കാർക്കുള്ള പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനവും സബ്കലക്ടർ വി ചെൽസാസിനി നിർവഹിച്ചു.

ശില്പശാലയിൽ സഹജീവനം പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ അവലോകനവും വളണ്ടിയർമാർക്കുള്ള പരിശീലനവും നൽകി. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് പ്രിവിലേജ് കാർഡ് നടപ്പാക്കുന്നത്. ഇതിലൂടെ ആശുപത്രികളിൽ 10 മുതൽ 25 ശതമാനം വരെ ചികിത്സാച്ചെലവ് ഇളവ് ലഭിക്കും. ആദ്യഘട്ടത്തിൽ അപേക്ഷിച്ച 1430 പേർക്കാണ് കാർഡ് നൽകുക. ഇനിയും അപേക്ഷ സമർപ്പിക്കാത്തവർക്ക് https://bit.ly/2XScykQ എന്ന ലിങ്കിലൂടെ കാർഡിന് അപേക്ഷിക്കാവുന്നതാണ്.

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽനടന്ന പരിപാടിയിൽ സാമൂഹ്യനീതി വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.വി സുഭാഷ് കുമാർ അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാർക്ക് വിവിധ വകുപ്പുകൾവഴി നടപ്പാക്കുന്ന സേവനങ്ങൾ എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ ജില്ലാ സപ്ലൈ ഓഫീസർ കെ രാജീവ്, സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ പി വി രാജീവൻ, കുടുംബശ്രീ ജീല്ലാമിഷൻ കോർഡിനേറ്റർ പി എം ഗിരീശൻ, ഡോ. ലതിക, ഡോ. രജ്ഞിത്ത്, ആർ ഷിജിത്ത് എന്നിവർ പങ്കെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്‌റഫ് കാവിൽ മോഡറേറ്ററായി. വകൂപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് സാമൂഹ്യനീതി റിട്ട. അസി.ഡയറക്ടർ കൃഷ്ണമൂർത്തി വിശദീകരിച്ചു.

ജില്ലാ വനിതാ-ശിശു വികസന ഓഫീസർ യു അബ്ദുൾ ബാരി, എസ് എൻ എ സി കേരള പ്രതിനിധി ജെയിംസ് ഡേവിഡ്, എൽ.എൽ.സി കൺവീനർ പി സിക്കന്തർ തുടങ്ങിയവർ സംസാരിച്ചു. ഏഴ് ജില്ലകളിൽ നിന്നായി നൂറോളം പേർ ശില്പശാലയിൽ പങ്കെടുത്തു.

സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. ഒരു വർഷം ഒരുലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷരായ എം.ഷീല, അതുല്യ ബൈജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.പി മുരളീധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സുധീഷ് കുമാർ, കനറ ബാങ്ക് മാനേജർ വിനീത് എന്നിവർ ക്ലാസുകൾ നയിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.കെ റഫീഖ് സ്വാഗതവും വി.നിധീഷ് നന്ദിയും പറഞ്ഞു.

റോഡ് ഉദ്ഘാടനം ചെയ്തു

തിരുവള്ളൂർ പഞ്ചായത്ത്‌ അഞ്ചാം വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപെടുത്തി പണി പൂർത്തിയാക്കിയ വടക്കയിൽമുക്ക്‌ – എടക്കാറാട്ട്‌ പൊയിൽ റോഡ്‌ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സബിത മണക്കുനി നിർവഹിച്ചു. പഞ്ചായത്ത് അംഗം ഷഹനാസ്‌ അധ്യക്ഷത വഹിച്ചു. തയ്യുള്ളതിൽ കുഞ്ഞിക്കണ്ണൻ, തച്ചോളി അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു. വാർഡ്‌ കൺവീനർ ആർ. കെ. മുഹമ്മദ്‌ സ്വാഗതവും റഷീദ്‌ പാറേമ്മൽ നന്ദിയും പറഞ്ഞു.

സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കടലുണ്ടി ഗ്രാമപഞ്ചായത്തിൽ സംരംഭകരാവാൻ ആഗ്രഹിക്കുന്നവർക്കായി ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. ശില്പശാല വി കെ സി മമ്മദ്കോയ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പിനു കീഴിൽ നടപ്പു സാമ്പത്തിക വർഷം ഒരുലക്ഷം ഇടത്തരം- ചെറുകിട- സൂഷ്മസംരഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. കടലുണ്ടി പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാലയിൽ ബാങ്ക് വായ്പാ നടപടികൾ, കേന്ദ്ര-സംസ്ഥാന പദ്ധതികൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള ക്ലാസ്സുകൾ നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രിസിഡന്റ് സി കെ ശിവദാസൻ, സ്ഥിരംസമിതി അധ്യക്ഷരായ ബിന്ദു പച്ചാട്ട്, മുരളി മുണ്ടേങ്ങാട്ട്, വ്യവസായ വികസന ഓഫീസർ വി. മുഹമ്മദ് എന്നിവർ സംസാരിച്ചു.ബാബു മാളിയേക്കൽ, ടി. കെ.റുഷ്ദ ടി കെ, കെ.ഷിനോജ് എന്നിവർ ക്ലാസുകൾ നയിച്ചു.

ജനകീയ സമിതികൾ രൂപീകരിക്കുന്നതിലൂടെ സർക്കാർ പദ്ധതികൾ കൂടുതൽ സുതാര്യമാകുമെന്ന് മന്ത്രി ജി.ആർ. അനിൽ; ജില്ലാ പഞ്ചായത്ത് ഗ്രാമസഭ സംഘടിപ്പിച്ചു

ജനകീയ സമിതികൾ രൂപീകരിക്കുന്നതിലൂടെ സർക്കാർ പദ്ധതികൾ കൂടുതൽ സുതാര്യമാകുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി.ആർ. അനിൽ. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022- 23 വാർഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് നടത്തിയ ഗ്രാമസഭാ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഏതു പദ്ധതി രൂപീകരിക്കുമ്പോഴും അതിന്റെ ഏറ്റവും താഴെ തട്ടിൽ നിന്നു തുടങ്ങി ജനകീയ സമിതികൾ രൂപീകരിച്ച് പ്രവർത്തിച്ചാൽ അതിനെ പരിപൂർണമായും വിജയിപ്പിക്കാൻ നമുക്കു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നത്തെ സാഹചര്യത്തിൽ വനിതാശാക്തീകരണം ലക്ഷ്യം വെച്ചുള്ള പദ്ധതികൾ നടപ്പിലാക്കുന്നത് നാടിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും. കുടുംബശ്രീ പോലുള്ള സ്ത്രീകൂട്ടായ്മകളിലൂടെ നടത്തുന്ന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ അതിനുദാഹരണമാണ്- മന്ത്രി പറഞ്ഞു.

ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ മോഹനൻ മണലിൽ വികസന കാഴ്ചപ്പാട്, നയസമീപന വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീർ മുൻ, നടപ്പു വാർഷിക പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. നടപ്പു വാർഷിക പദ്ധതി നിർദേശങ്ങളുടെ അവതരണം വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിർവഹിച്ചു.

പൊതുഭരണവും ധനകാര്യവും, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണവും ക്ഷീരവികസനവും, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യ ലഘൂകരണം, സാമൂഹ്യനീതി, ജെൻഡറും വികസനവും കുട്ടികളുടെ വികസനവും, പട്ടികജാതി വികസനം, പട്ടിക വർഗ വികസനം, ആരോഗ്യം, കുടിവെള്ള ശുചിത്വം, വിദ്യാഭ്യാസം കല സംസ്കാരം യുവജനകാര്യം, പൊതുമരാമത്ത്, ജൈവ വൈവിധ്യ മാനേജ്മെന്റ് പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം എന്നിങ്ങനെ 15 വർക്കിംഗ് ഗ്രൂപ്പുകളായി തിരിച്ച് വിവിധ പദ്ധതികളെക്കുറിച്ച് ചർച്ച നടത്തി. തുടർന്ന് വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ, കൺവീനർമാർ തുടങ്ങിയവർ ഗ്രൂപ്പ് ചർച്ചയുടെ റിപ്പോർട്ട് അവതരിപ്പിച്ചു..

ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷർ, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷർ, ജില്ലാ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പുകളുടെ കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി. ശവാനനന്ദൻ സ്വാഗതവും സീനിയർ സൂപ്രണ്ട് ആൻഡ് അസി. പ്ലാൻ കോ-ഓർഡിനേറ്റർ എ. രാജേഷ് നന്ദിയും പറഞ്ഞു.