ഇന്‍ഡോറില്‍ ബി.ജെ.പിയുടെ എതിരാളിയായി നോട്ട; ഇതുവരെ നേടിയത് രണ്ടുലക്ഷത്തോളം വോട്ടുകള്‍
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രണ്ടുലക്ഷത്തോളം വോട്ടുകള്‍ നേടി നോട്ട. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബി.ജെ.യില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് മത്സരിക്കാന്‍ കോണ്‍ഗ്രസിന് ആളില്ലാതായ മണ്ഡലമാണ് ഇന്‍ഡോര്‍.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നിലവിലെ എം.പിയുമായ ശങ്കര്‍ ലാല്‍വാനിയാണ് ഇന്‍ഡോറില്‍ ഒന്നാമതുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അക്ഷയ് കാന്തി ബാം പാര്‍ട്ടിവിട്ട് നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലാവുകയായിരുന്നു. തുടര്‍ന്ന് നോട്ടയ്ക്ക് വോട്ടു ചെയ്യാന്‍ മണ്ഡലത്തിലെ വോട്ടര്‍മാരോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
1.62% ആണ് ഇവിടുത്തെ നോട്ടയുടെ ഇവിടുത്തെ വോട്ടു ഷെയര്‍ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുള്ള വിവരങ്ങള്‍. 2019ലെ തെരഞ്ഞെടുപ്പിലും ഇന്‍ഡോറില്‍ നോട്ട താരമായിരുന്നു. 69.31 പോളിങ് നടന്ന തെരഞ്ഞെടുപ്പില്‍ 5045 വോട്ടുകളാണ് നോട്ട നേടിയത്.
നിലവിലെ നിയമപ്രകാരം ഒരു മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നോട്ട നേടിയാല്‍ രണ്ടാം സ്ഥാനത്തുനില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കും. അതായത് ഇന്‍ഡോറില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശങ്കര്‍ ലാല്‍വാനിയെക്കാള്‍ വോട്ട് നോട്ട നേടിയാലും ലാല്‍വാനി തന്നെയായിരിക്കും ഇവിടെ നിന്നുള്ള എം.പി.
കഴിഞ്ഞ 35 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഇന്‍ഡോര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടില്ല. ഇതാദ്യമായാണ് സ്ഥാനാര്‍ത്ഥി പോലും ഇല്ലാതെ കോണ്‍ഗ്രസ് ഇവിടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാര്‍ട്ടി ചിഹ്നത്തില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞതോടെ കോണ്‍ഗ്രസ് നോട്ടയെ തന്നെ ശരണം പ്രാപിക്കുകയായിരുന്നു.