പുണ്യറമദാൻ, തഖ് വയിലേക്കുള്ള ചവിട്ടുപടി; ശിഹാബ് കൊയിലാണ്ടി എഴുതുന്നു


ശിഹാബ് കൊയിലാണ്ടി

മനുഷ്യരാശിയെ ആകമാനം വിനീതവും കൃതഞ്ജതാനിർഭരവുമായ ജീവിതപാന്ഥാവിലേക്ക് നയിക്കുന്നതിനായി, വിശുദ്ധ ഖുർആൻ അവതീർണ്ണമായതും, ജഗന്നിയന്താവിന്റെ അനിതരമായ അനുഗ്രഹാശിസ്സുകളാൽ സർവത്ര ധന്യമായതും, പുണ്യങ്ങളുടെ വസന്തകാലവുമായ, പരിശുദ്ധ റമദാൻ മാസത്തിലെ അതിവിശിഷ്ടദറജകളുടെ അവസാനപാദങ്ങളിൽക്കൂടി കടന്നുപോകവെ, തഖ് വ നിറഞ്ഞ മനസ്സോടെയും കളങ്കരഹിത ശരീരത്തോടെയും വിശ്വാസികളൊന്നടങ്കം നിർണ്ണയത്തിൻ്റെ രാവിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യപ്രാപ്തി തഖ് വയിൽ അധിഷ്ഠിതമാണെന്നിരിക്കെ, വൈയക്തികമായും സാമൂഹികമായും അത്യുൽകൃഷ്ടങ്ങളായ മൂല്യബോധങ്ങൾ കേന്ദ്രീകൃതമായ വ്രതാനുഷ്ഠാനത്തിന്റെ അന്തസ്സത്തയും തഖ് വയുടെ സംഭരണമാണ് എന്നത് കൊണ്ടുതന്നെയാണ് നോമ്പുകാലം വിശ്വാസിക്ക് പുണ്യങ്ങളുടെ വിളവെടുപ്പ് കാലമായി മാറുന്നത്.

ഒരാൾ മുത്തഖിയായിത്തീരുമ്പോൾ അഥവാ സൂക്ഷ്മതയുള്ളവനായി മാറുന്നതിലൂടെ, തൻ്റെ തിന്മകൾ മറയ്ക്കപ്പെടുകയും പാപങ്ങൾ പൊറുക്കപ്പെടുകയും ന്യായാന്യായ, ശരി-തെറ്റുകൾ വേർതിരിച്ചറിയാനുള്ള വിവേചനശക്തി ലഭ്യമാക്കപ്പെടുകയും പ്രയാസങ്ങൾ ലഘൂകരിക്കപ്പെടുകയും ഊഹിക്കപോലും ചെയ്യാത്ത മാർഗങ്ങളിലൂടെ വിഭവങ്ങൾ കരഗതമാക്കപ്പെടുകയും അതുവഴി പരലോകാനുഗ്രഹങ്ങൾക്ക് അവകാശിയായി മാറുകയും ചെയ്യുമെന്ന പ്രപഞ്ചനാഥൻ്റെ വിളംബരം, മുത്തഖിയുടെ മാഹാത്മ്യവും ഗാംഭീര്യവും എത്രത്തോളമെന്ന് വ്യക്തമാക്കിത്തരുന്നു. വ്രതാനുഷ്ഠാനത്തിലൂടെ മനുഷ്യന് മുത്തഖിയായി പരിവർത്തനം ചെയ്യപ്പെടാൻ കഴിയണമെന്നും വിശുദ്ധറമദാൻവ്രതം അതിനുതകുന്നത ആയുധമാണെന്നുമുള്ളതുകൊണ്ടുതന്നെയാണ് അള്ളാഹു ആദം സന്തതികൾക്ക് നോമ്പ് നിർബന്ധമാക്കിയത്.

പരിശുദ്ധ ഖുർആൻ രണ്ടാം അദ്ധ്യായം ‘അൽബഖറ’ നൂറ്റിതൊണ്ണൂറ്റിയേഴാം സൂക്തത്തിൽ ഇങ്ങിനെ വായിക്കാം:

“വിഭവസംഭരണത്തിൽ ഏറ്റവും ഉത്തമമായത് തഖ് വയാകുന്നു. ബുദ്ധിശാലികളെ, നിങ്ങൾ എന്നെ സൂക്ഷിച്ച് ജീവിച്ചുകൊള്ളുക…”

ഭൂമിയിൽ മനുഷ്യൻ്റെ ഏറ്റവും വലിയ ‘സുഖാവസ്ഥ’യ്ക്ക് യഥേഷ്ടം തിന്നും കുടിച്ചും മദിച്ചും അർമാദിച്ചും നടക്കുവാൻ കഴിയുകയെന്നാണ് വിവക്ഷയെങ്കിൽ, പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയഭോഗാദികളുപേക്ഷിച്ച് നോമ്പെടുക്കുന്നതിലൂടെ മേൽപ്പറഞ്ഞ ‘സുഖാവസ്ഥ’യുടെ ബാഹ്യചട്ടക്കൂട് മാത്രമാണ് പ്രതിരോധിക്കപ്പെടുന്നത്. മറിച്ച്, ദേഹേച്ഛകൾക്കൊത്ത് ചാഞ്ചാടുന്ന ശരീരത്തെ നിയന്ത്രിച്ച് നിലക്കുനിർത്താനും അനിയന്ത്രിതമായി ചിതറിയോടുന്ന മനസ്സിനെ ഏകാഗ്രതയോടെ ഒരേ ലക്ഷ്യത്തിൽ കേന്ദ്രീകരിച്ചുനിർത്താനും അതുവഴി തഖ് വയിലേക്ക് ഉയർത്തപ്പെടുകയും ചെയ്യാൻ വേദിയൊരുങ്ങുമ്പോൾ മാത്രമാണ് നോമ്പ് സാർത്ഥകമാകുന്നത്.

റമളാൻ മാസത്തെ വരവേൽക്കുന്നതിന്റെ ആദ്യപടിയായി, റജബ് മാസം വന്നെത്തിയാൽ പ്രവാചക തിരുമേനി(സ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്ന് അനസ്ബ്നു മാലിക്ക് (റ)ൽനിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു:

“അള്ളാഹുവേ, റജബിലും ശഅബാനിലും നീ ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞീടേണമേ, റമദാനിലേക്ക് ഞങ്ങളുടെ ആയുസ് നീട്ടിത്തരികയും ചെയ്യേണമേ…”

[ad-attitude]

ആയുസ്സ്, അള്ളാഹു കനിഞ്ഞുനല്കുന്ന അനർഘ സുന്ദരമായ സൗഭാഗ്യങ്ങളിലൊന്നാണ് എന്നറിയുമ്പോൾ, നാഥന്റെ അപാരമായ അനുഗ്രഹവും കാരുണ്യവുമുണ്ടെങ്കിൽ മാത്രമെ വിശ്വാസിക്ക് റമദാൻ മാസത്തെ അനുഭവവേദ്യമാക്കാൻ സാധിക്കൂ എന്നുകൂടി ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

മാസങ്ങളുടെ നേതാവായ പോരിശ നിറഞ്ഞ റമദാനിന്റെ കവാടമണഞ്ഞിട്ടും ഒരുവേള അതിൽ പ്രവേശിക്കാൻ കഴിയാതെ വിട വാങ്ങേണ്ടി വന്നേക്കാം എന്നതിനാൽ പുണ്യമാസത്തിന്റെ പുണ്യങ്ങളത്രയും പുൽകിപ്പുണരുവാൻ ആയുസ് നീട്ടിത്തരണമേയെന്ന് വിശ്വാസി തന്റെ സ്രഷ്ടാവിനോട് കേണപേക്ഷിക്കേണ്ടതുണ്ടെന്ന് മേലുദ്ധരിച്ച നബി വചനം മുന്നറിയിപ്പ് നല്കുന്നു.

വിശുദ്ധ മാസത്തെ ഹൃദയത്തിലേക്കാവാഹിക്കാൻ കഴിഞ്ഞ വിശ്വാസിയുടെ പ്രതിഫലം എത്രത്തോളം മഹത്തരമെന്ന് വ്യക്തമാക്കിത്തരുന്ന ചരിത്ര സംഭവം സ്വഹാബി വര്യൻ ത്വൽഹ(റ) ഉദ്ധരിക്കുന്നത് ഇപ്രകാരം വായിക്കാം.

“ഒരിക്കൽ ഖുദാആ ഗോത്രക്കാരായ രണ്ടുപേർ പ്രവാചക സന്നിധിയിലെത്തുകയും സത്യമാർഗ്ഗം സ്വീകരിക്കുകയും ചെയ്തു. പിന്നീടൊരുയുദ്ധത്തിൽ അവരിൽ ഒരാൾ ശഹീദാവുകയും ഒരു വർഷത്തിന് ശേഷം അടുത്തയാൾക്ക് സ്വാഭാവിക മരണം സംഭവിക്കുകയും ചെയ്തു…”

ത്വൽഹ(റ) തുടർന്നു:

“അങ്ങിനെയിരിക്കെ ഒരു രാവിൽ ഞാൻ രണ്ട് പേരെയും സ്വപ്നത്തിൽ ദർശിക്കുകയും അതിൽ സ്വാഭാവിക മരണം കൈവന്ന സഹോദരൻ രക്തസാക്ഷിയായ സഹോദരനേക്കാൾ മുമ്പേ സ്വർഗ്ഗത്തിൽ പ്രവേശിച്ചതായി കാണുകയും ചെയ്തു. അത്ഭുതം കൂറിയ ഞാൻ അടുത്ത പ്രഭാതത്തിൽ ഇതേക്കുറിച്ച് നബി തിരുമേനിയോട് ആരാഞ്ഞപ്പോൾ
അവിടുന്ന് ഇങ്ങനെ പ്രതിവചിച്ചു:

[ad1]

രക്തസാക്ഷിയായ സഹോദരന് ശേഷം, പിന്നീട് ഒരു റമദാൻ മുഴുവൻ അദ്ദേഹം നോമ്പെടുക്കുകയും ആറായിരത്തിൽപ്പരം റകഅത്തുകൾ ഒരു വർഷത്തിൽ നിർവ്വഹിക്കുകയും ചെയ്തില്ലെ…? അതിന്റെ പ്രതിഫലമായാണ് അള്ളാഹു അദ്ദേഹത്തിന് സ്വർഗപ്രവേശനത്തിൽ മുൻഗണന നൽകിയത്…”

ആരാധനകൾ യഥാവിധി നിർവ്വഹിക്കാനും ആത്മനിയന്ത്രണവും സൂക്ഷ്മതയും സഹനവും ക്ഷമയും സ്വായത്തമാക്കാനും കരുത്തുപകർന്നേകുന്ന ആത്മീയ പാഠശാലയാകുന്നു വിശ്വാസികൾക്ക് റമദാൻ.

സ്വർഗ്ഗീയ കവാടങ്ങൾ മലർക്കെ തുറന്നിടുകയും നരകവാതിലുകൾ കൊട്ടിയടക്കപ്പെടുകയും വഴി നന്മയുടെ സുഗന്ധം വിശ്വാസികൾ ആവോളം അനുഭവിച്ചറിയുകയും ചെയ്യുന്ന മാസമാകുന്നു റമദാൻ.

പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ മുഴുവൻ ഘടകങ്ങളെയും കണിശമായി വ്യവസ്ഥപ്പെടുത്തിയ ജഗന്നിയന്താവായ നാഥൻ സർവ്വഗുണഐശ്വര്യങ്ങളോടെ വർഷത്തിലൊരിക്കൽ തന്റെ വിനീത വിധേയരായ ദാസന്മാർക്കരികിലേക്കായി വിണ്ണിൽനിന്ന് മണ്ണിലേക്കയക്കുന്ന വിശിഷ്ടാഥിതിയത്രെ റമദാൻ.

[ad2]

പ്രകൃതിയെയും സൂര്യചന്ദ്രന്മാരെയും രാപ്പകലുകളെയും കൂട്ടിയിണക്കി മന:ശുദ്ധിയോടെ മനുഷ്യകുലത്തിന്റെ ആത്മീയ വക്താക്കളായ വിശ്വാസി സമൂഹമാകെയും വ്രതാനുഷ്ഠാനത്തിൽ മുഴുകുമ്പോൾ, പൈശാചികമായ ദുഷ്ചിന്തകളിൽനിന്ന് മനസ്സിനെയും, ദുർവൃത്തികളിൽനിന്ന് ശരീരത്തെയും, സംസ്കരിച്ചെടുത്ത് തഖ് വയിലേക്കുള്ള പ്രയാണത്തിനാണ് തുടക്കം കുറിക്കുന്നത്.

പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളെയും കൃത്യമായും കണിശമായും നിയന്ത്രിച്ച്, പരിരക്ഷിച്ചുപോരുന്ന കരുണാമയനായ രാജതമ്പുരാന്റെ നേരെ ഭൗതികചിന്തകളാൽ അസ്വസ്ഥമായ മനസ്സിനെ ഏകാഗ്രതയോടെ തിരിച്ചുനിർത്താൻ ഉപവാസകാലം നമ്മെ പ്രാപ്തരാക്കിയൊ എന്ന്, റമദാൻ നരക മോചനത്തിൻ്റെ അവസാനത്തെ പത്തിലെത്തിനിൽക്കുന്ന ഈ നേരത്തെങ്കിലുമൊന്ന് ഓർത്തുനോക്കുന്നത് ഉചിതമായിരിക്കും.

അടിമകളുടെ ആത്മസംസ്കരണത്തിനായി വിശുദ്ധ റമദാനിൽ സ്രഷ്ടാവ് ഒരുക്കിവെച്ച അളവറ്റ സൗഭാഗ്യങ്ങൾ കയ്യെത്തും ദൂരത്ത് സമാഗതമായിട്ടും പിശാചിന്റെ ദുഷ്പ്രേരണയിൽപ്പെട്ട് അവയൊക്കെയും കൃതഘ്നതാപൂർവ്വം തിരസ്കരിക്കുകവഴി നമുക്കുനേരെ തുറന്നുവെച്ച സ്വർഗ്ഗ കവാടങ്ങൾ നാം തന്നെയാണ് കൊട്ടിയടക്കുന്നത്.

സഹനവും സാഹോദര്യവും സഹവർത്തിത്വവും പ്രകടമായികാണേണ്ട പുണ്യറമദാനിൽ നിസ്സാരകാര്യങ്ങൾക്കുപോലും മുൻകോപത്തിനടിമപ്പെട്ട് ശണ്ഠകൂടുകയും ഒടുവിൽ തക്കംപാർത്തിരിക്കുന്ന പിശാച് ഒരുന്മാദാവസ്ഥയിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുകയും ചെയ്യുമ്പോൾ, ഉന്നതധാർമ്മിക നിലവാരത്തിൽനിന്നും സന്മാർഗ്ഗത്തിൽനിന്നും തന്നെയുമോ വ്രതാനുഷ്ഠാനം വഴുതിമാറിപ്പോകുന്നു.

മിന്നിത്തിളങ്ങുന്ന നക്ഷത്രഗോളങ്ങളധിവസിക്കുന്ന ഭൗമമണ്ഡലങ്ങളുടെ ഒട്ടനവധി പരാമർശങ്ങൾ ഒളിലെങ്കുന്ന വിശുദ്ധ ഗ്രന്ഥത്തിൻ്റെ എൺപത്തിനാലാം അദ്ധ്യായം അൽഇൻശിഖാഖ് പതിനാറ് മുതൽ ഇരുപത് വരെയുള്ള സൂക്തങ്ങളിലൂടെ അള്ളാഹു ചോദിയ്ക്കുന്നുണ്ട്:

“എന്നാൽ, അസ്തമയ ശോഭയെക്കൊണ്ടും രാത്രിയും അത് ഒന്നിച്ച് ചേർക്കുന്നവയെക്കൊണ്ടും ചന്ദ്രൻ പൂർണ്ണത പ്രാപിക്കുമ്പോൾ അതിനെക്കൊണ്ടും ഞാൻ സത്യം ചെയ്ത് പറയുന്നു: തീർച്ചയായും നിങ്ങൾ ഘട്ടം ഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്. എന്നാൽ അവർക്കെന്തുപറ്റി? അവർ വിശ്വസിക്കുന്നില്ലല്ലൊ…”

വ്രതമനുഷ്ഠിക്കുന്നതിലൂടെ മുത്തഖികളായി മാറാനൊരുങ്ങാതെയും പുണ്യമാസത്തിന്റെ അദ്ധ്യാത്മികപരിവേശത്തെ മാനിക്കാതെയും നോമ്പിനെ സമീപിക്കുമ്പോൾ അതുവെറും കെട്ടുകാഴ്ചകളായിത്തീരുന്നു.

വിശപ്പും ദാഹവും ദേഹേച്ഛ പരിത്യാഗവും മൂലമുണ്ടാകുന്ന ശാരീരികവും മാനസികവുമായ ക്ഷോഭവിക്ഷോപങ്ങൾ മനുഷ്യന്റെ സമനില തെറ്റിക്കാൻ പോന്നതാണെന്നപോലെ അവനെ ഉപരിലോകത്തിലേക്കുയർത്തി വിജയ പീഡത്തിലെത്തിക്കാൻകൂടി പര്യാപ്തമാണെന്ന് ഗൗരവപൂർവ്വം മനസ്സിലാക്കുക തന്നെ വേണം.

നരകവിമുക്തിയുടെ അവസാനത്തെ പത്തിൽ തഖ് വയാൽ സ്ഫുടം ചെയ്ത മനസ്സോടെ ദൈർഘ്യമേറിയ നമസ്ക്കാരങ്ങളും വിശുദ്ധ ഗ്രന്ഥപാരായണവും സ്തുതി കീർത്തനങ്ങളുമായി നോമ്പുകാരൻ തൻ്റെ ഭാഗധേയം നിർണ്ണയിക്കുന്ന പുണ്യറമദാനിലെ മഹോന്നതവും പവിത്രവുമായ ലൈലത്തുൽ ഖദ്റെന്ന നിർണ്ണയത്തിൻ്റെ രാവിനെ ആത്മാവിലേക്കാവാഹിക്കാൻ ഒരുങ്ങിയിരിക്കുമ്പോൾ നമുക്കും അതിൽ പങ്കാളികളാവാം, ഒപ്പം കാരുണ്യത്തിൻ്റെ പെരുമഴയായ് പെയ്യുന്ന ഇനിയുമൊരു റമദാനിനെ എതിരേല്ക്കാൻ പ്രതീക്ഷാനിർഭരമായ കാത്തിരിപ്പോടെ.
നാഥൻ തുണയ്ക്കട്ടെ…

(എഴുതിയത്: ശിഹാബ് കൊയിലാണ്ടി, അൽഖോബാർ, സഊദി അറേബ്യ)


കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ‘നോമ്പോർമ്മകൾ’  എന്ന പംക്തിയിൽ റമദാൻ കാലത്തെ നിങ്ങളുടെ മറക്കാൻ കഴിയാത്ത ഓർമ്മകൾ  പ്രസിദ്ധീകരിക്കാനായി അയക്കൂ…. 

നിങ്ങളുടെ രചനകൾ 7907488390 എന്ന നമ്പറിൽ വാട്ട്സ്ആപ്പിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കാം. രചനകൾക്കൊപ്പം നിങ്ങളുടെ പൂർണ്ണമായ പേരും ചിത്രവും ഉൾപ്പെടുത്താൻ മറക്കല്ലേ.