വധു കീഴരിയൂരും വരനങ്ങ് ന്യൂസിലന്റിലും; കോവിഡ് മൂലം നീണ്ടു പോയ വിവാഹത്തിന് ഒടുവിൽ കോടതിയുടെ സഹായം, മേപ്പയ്യൂർ സബ് രജിസ്ട്രാർ ഓഫീസ് സാക്ഷ്യം വഹിച്ചത് വെർച്ച്വൽ വിവാഹത്തിന്


കൊയിലാണ്ടി: ഏറെ സന്തോഷത്തോടെയും പ്രതീക്ഷകളോടെയുമാണ് കീഴരിയൂർ പുതിയൊട്ടിൽ മഞ്ജുവും കോട്ടയം രാമപുരം സ്വദേശി സഞ്ജിത്തും വിവാഹമെന്ന തീരുമാനത്തിലേക്ക് ചുവടു വയ്ക്കാനൊരുങ്ങിയത്. എന്നാൽ പ്രതീക്ഷകൾ പൂർണ്ണമായും തകർത്തുകൊണ്ടായിരുന്നു കോവിഡിന്റെ വരവ്.

ന്യൂസിലാൻറിൽ ഐ.ടി പ്രൊഫഷണലാണ് വരൻ സഞ്ജിത്. യാത്രാവിലക്ക് മൂലം വരന് ഇന്ത്യയിൽ എത്താൻ കഴിയാത്തതിനെ തുടർന്നാണ് വിവാഹം നീണ്ടു പോയത്. ഇന്ത്യയിലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വരനും വധുവും സബ് രജിസ്ട്രാർ മുമ്പാകെ ഹാജരായി രജിസ്റ്ററിൽ ഒപ്പ് വച്ചാൽ മാത്രമേ വിവാഹം നടത്താൻ കഴിയൂ.

[ad1]

എന്നാൽ സഞ്ജിത്തിനു വരാനാവാത്തതിനെ തുടർന്ന് ഫോം വഴി ഹാജരായി വിവാഹം നടത്താൻ അനുവദിക്കണമെന്ന് മഞ്ജു കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒടുവിൽ വരൻ വെർച്വലായി വിവാഹത്തിന് പങ്കെടുക്കുവാൻ കോടതി അനുവദിക്കുകയായിരുന്നു. വിവാഹം നടത്തുന്നതിന് മേപ്പയ്യൂർ സബ് രജിസ്ട്രാർക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തു. വിവാഹ രജിസ്റ്ററിൽ വരനു വേണ്ടി വരൻ്റെ പിതാവാണ് ഒപ്പിട്ടത്. വധുവിന്റെയും വരന്റെയും മാതാപിതാക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിന് പങ്കെടുത്തത്. മേപ്പയ്യൂർ സബ് രജിസ്ട്രാർ നിതേഷിന്റെ നേതൃത്വത്തിലാണ് വിവാഹം നടത്തിയത്. കോവിഡ് വില്ലനായ വിവാഹത്തിന് കോടതിയുടെ സഹായത്തോടെ ഒടുവിൽ വെർച്വൽ സ്ക്രീൻ രക്ഷയാവുകയായിരുന്നു.

[ad2]