ഉച്ചയ്ക്ക് ശേഷം ഇടപാടുകാർക്ക് പ്രവേശനമില്ല; മോട്ടോർ വാഹന വകുപ്പ് ഓഫിസുകൾ ഇനി ഉച്ചവരെ
കോഴിക്കോട്: മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ ഇനി ഉച്ചയ്ക്കുശേഷം ഇടപാടുകാർക്ക് പ്രവേശനമില്ല. നിലവിൽ വൈകീട്ട് അഞ്ചുവരെ ലഭിച്ചിരുന്ന സേവനമാണ് രാവിലെ 10 മുതൽ ഒന്നുവരെയായി പരിമിതപ്പെടുത്തിയത്. സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫിസുകൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം.
അതേ സമയം ഡ്യൂപ്ലിക്കേറ്റ് ആർ.സി ഹിയറിങ്, പെർമിറ്റ് ട്രാൻസ്ഫർ, മരിച്ചവരുടെ ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങി വളരെ ചുരുങ്ങിയ കാര്യങ്ങൾക്കുമാത്രം അപേക്ഷകർ നേരിൽ എത്തേണ്ടതുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. മുഴുവൻ അപേക്ഷകളിലും ഇനി അഞ്ചു ദിവസത്തിനുള്ളിൽ തീർപ്പുകൽപിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. അപേക്ഷ ഓൺലൈനായി സമർപ്പിക്കാനും തൽസ്ഥിതി ഓഫിസിൽ എത്താതെതന്നെ മനസ്സിലാക്കാനുമുള്ള അവസരം കാര്യക്ഷമമാക്കും.
മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസുകളിൽ വിവിധ സേവനങ്ങൾക്ക് ലഭിക്കുന്ന അപേക്ഷകൾ, പൊതുജനങ്ങളുടെ നിവേദനം, പരാതികൾ എന്നിവ സേവനാവകാശ നിയമത്തിൽ നിഷ്കർഷിക്കുന്ന സമയപരിധിക്കുള്ളിൽ തീർപ്പാക്കത്തത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ഇതിനു പരിഹാരം കാണാൻ, ഉദ്യോഗസ്ഥർക്ക് അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനുള്ള സമയം ലഭിക്കാൻ വേണ്ടിയാണ് ഉച്ചക്കു ശേഷമുള്ള ഇടപാടുകൾ നിർത്തലാക്കിയതെന്നാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.
Summary: no-entry-for-the-rest-of-the-afternoon