ഹൃദയം കൊണ്ട് കാണാം ഈ നാടകം; കൊയിലാണ്ടിക്കൂട്ടത്തിന്റെ സഹകരണത്തോടെ തണല്‍ സ്‌പേസ് ചേമഞ്ചേരിയിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നാടകം ‘നിഴല്‍’ ഞായറാഴ്ച വൈകീട്ട് കൊയിലാണ്ടി ടൗണ്‍ഹാളില്‍


തിരുവങ്ങൂർ: “കാണികളേ, അടുത്ത ബെല്ലോടു കൂടെ നാടകം ഇവിടെ ആരംഭിക്കും, നിറഞ്ഞൊഴുകുന്ന കണ്ണുകളും, ഇടറുന്ന തൊണ്ടയും സ്നേഹത്തിന്റെ പുഞ്ചിരിയുമായി മാത്രമേ നിങ്ങൾക്ക് ഈ നാടകം കണ്ടു നിൽക്കാൻ പറ്റുകയുള്ളു എന്ന മുന്നറിയിപ്പ് നൽകുന്നു.” കൊയിലാണ്ടി ടൗൺ ഹാളിൽ നാളെ അരങ്ങേറുന്ന നാടകത്തിന് അനുയോജ്യമായ അറിയിപ്പാകും ഇത്. എന്താണ് ഈ നാടകത്തിനുള്ള പ്രത്യേകത? തണൽ-സ്പേസ് ചേമഞ്ചേരിയിലെ ഭിന്നശേഷിക്കാരായ കലാകാരന്മാരാണ് ‘നിഴൽ’ എന്ന നാടകം അവതരിപ്പിക്കുന്നത്. കൊയിലാണ്ടി ടൗൺ ഹാളിലാണ് നാടകം ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് അരങ്ങേറുക.

കുട്ടികൾ കഴിഞ്ഞ ജനുവരി മുതൽ പഠിച്ച ഒരു നാടകമായിരുന്നു ഇത് എന്ന് തണലിന്റെ വൊക്കേഷണൽ ട്രെയിനർ അഞ്ജന കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എന്നാൽ കോവിഡ് രൂക്ഷമായതോടെ അത് പാതി വഴിയിൽ നിർത്തേണ്ടി വന്നു. അപ്പോഴാണ് കൊയിലാണ്ടിക്കൂട്ടം എന്ന ഫേസ്ബുക്ക് കൂട്ടായ്മ ഇത് നടത്താനായി മുന്നോട്ട് വന്നത്. എല്ലാവർക്കും ഏറെ സന്തോഷമായി. വീണ്ടും പൊടി തട്ടി എടുത്തപ്പോൾ ഏറെ അത്ഭുതമായിരുന്നത് അവർക്കെല്ലാം ആദ്യം മുതലേ ഓർമ്മ ഉണ്ടായിരുന്നു എന്നുള്ളതാണ്. ഒട്ടും മറന്നു പോകാതെ എല്ലാം വളരെ കിറുകൃത്യമായിരുന്നു. പ്രോപ്പർട്ടീസ് ഉൾപ്പെടെ എല്ലാം കൃത്യ സ്ഥലത്തു തന്നെ ഉപയോഗിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. നാടകം എന്ന സ്വപ്നം വീണ്ടും വെളിച്ചം കണ്ടപ്പോൾ ഉണ്ടായ സന്തോഷം അഞ്ജന മിസ്സ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പങ്കു വെച്ചു.

ഒരേസമയത്ത് ഭൂമിയിൽ പിറവിയെടുത്ത രണ്ടു കുഞ്ഞുങ്ങൾ. എന്നാൽ അവർക്കു ഈ ലോകത്തിൽ കാത്തിരുന്നതാകട്ടെ വേറിട്ട ജീവിതം, അതും വ്യത്യസ്തതയുടെയും അവഗണനയുടെടെയും കണ്ണുകൾ നോക്കി വേർതിരിക്കുന്ന ജീവിതം. അതിൽ ഒരാൾ ഭിന്നശേഷി വിഭാഗത്തിലും മറ്റേയാൾ സാധാരണ സമൂഹത്തിലേക്കും ജനിച്ചുവീണു. ഇതിൽ നിന്നും ഉടലെടുത്തതാണ് ‘നിഴൽ’ എന്ന നാടകം.

തണൽ സ്പേസിലെ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കുന്ന നാടകമാണ് നിഴൽ. 18 വയസ്സിന് മുകളിലുള്ള നാല്പതോളം ഭിന്നശേഷിക്കാരാണ് ഇതിൽ അഭിനയിക്കുന്നത്. ഇവർക്ക് പിന്തുണ നൽകി മാതാപിതാക്കളും അധ്യാപകരും വേദിയിൽ വേഷമിടും. ദീപു തൃക്കോട്ടൂർ, ആണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.

‘ഇത്തവണത്തെ ഓണത്തിന്റെ സ്നേഹ സദ്യ പങ്കിടാൻ വന്നതായിരുന്നു ഞങ്ങൾ. ഇവരുടെ നാടകം അരങ്ങിലെത്തണമെന്ന സ്വപ്നം കേട്ടപ്പോൾ അത് യാഥാർത്ഥ്യത്തിലേക്കെത്താൻ ഞങ്ങളും ഒപ്പം കൂടുകയായിരുന്നു.’ -കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്റർ
ജനറൽ സെക്രട്ടറി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സെപ്റ്റംബർ 25 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

18 വയസ്സിന് മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാരെ സമൂഹത്തിന് ഉതകും വിധം ശാസ്ത്രീയവും സുസ്ഥിരവുമായ തൊഴിൽ പരിശീലന പദ്ധതികൾ ആവിഷ്കരിച്ച് അതിലൂടെ ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തണലിനു കീഴിൽ സ്പേസ് സെൻ്റർ ഫോർ സ്‌കിൽ ഡെവലപ്പ്മെൻ്റ് & എംപ്ലോയബിലിറ്റി ആരംഭിച്ചത്. കലാ, സാസ്കാരിക, സാമുഹിക, തൊഴിൽ മേഖകളിൽ അവസരങ്ങൾ നൽകി ചേർത്തുപിടിച്ച് ഇവരെ മുഖ്യ ധാരയിലെത്തിക്കാനായി സ്പേസ് പ്രവർത്തിക്കുന്നു.

ഒരുകൂട്ടം രക്ഷിതാക്കളുടെ പരിശ്രമത്തിന്റെ ഫലമായി കാപ്പാട് നിന്നും ആരംഭിച്ച ഈ സ്ഥാപനം ഇന്ന് 35 ഓളം ഭിന്നശേഷിക്കാർക്കും കുടുംബത്തിനും ആശ്രയമായി മാറിയിരിക്കുന്നത്. കുറഞ്ഞ കാലം കൊണ്ട് തന്നെ ആറോളം പേരെ തൊഴിലിനു പാകപ്പെടുത്താനും, അവരെ വിവിധ തൊഴിൽ മേഖലകളിൽ എത്തിക്കാനും സ്പേസിന് സാധിച്ചിട്ടുണ്ട്.

നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് 10 വർഷത്തിലധികമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററും കൈകോർത്തതോടെ നാളെ കൊയിലാണ്ടി ടൗൺ ഹാളിനെ കാത്തിരിക്കുന്നത് ഒരു ഒന്നൊന്നര നാടകമാണ്. നാടകവലേദിയിലേക്ക് എല്ലാവർക്കും പ്രവേശനം സൗജന്യമാണ്.

വീഡിയോ കാണാം: