നിപ: ഇന്നും പുതിയ കേസുകളില്ല; ഹൈ റിസ്‌ക് കോണ്ടാക്ടില്‍ ഉണ്ടായിരുന്ന 61 പേരുടെ ഫലങ്ങള്‍ നെഗറ്റീവ്



കോഴിക്കോട്:
നിപയുമായി ബന്ധപ്പെട്ട 61 പേരുടെ സ്രവ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഹൈ റിസ്‌ക് കോണ്‍ടാക്ടില്‍ ഉണ്ടായിരുന്നവരുടെ ഫലമാണിത്. ഇതില്‍ അവസാനമായി നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചയിച്ച ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ളവരും ഉള്‍പ്പെടും. കഴിഞ്ഞ 11-ാം തീയതി മരിച്ച ഹാരിസുമായി ഇടപഴകിയ ആളുടെ സ്രവ പരിശോധന ഫലവും നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം ജില്ലയില്‍ 22 പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ആളുമായി ബന്ധമുള്ള കൂടുതല്‍ പേർ ആശുപത്രിയില്‍ എത്തിയിരുന്നു. 13 പേര്‍ ഇന്നലെ എത്തിയിട്ടുണ്ട്. ഇവരുടെ സ്രവ പരിശോധനയും നടത്തുകയാണ്. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് വലിയ ആശ്വാസത്തിന് വകനല്‍കുന്നുണ്ട്.

കേന്ദ്ര സംഘവുമായി ഇന്നും വിശദമായ ചര്‍ച്ച നടത്തിയിരുന്നു. നിപ പ്രതിരോധനത്തിനുള്ള കേരളത്തിന്റെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചു. കേന്ദ്രത്തില്‍ നിന്നും എത്തിയ ഒരു സംഘം ഇന്ന് മടങ്ങിയേക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

അതേസമയം, നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര മൃഗസംരക്ഷണ സംഘം ഇന്ന് കോഴിക്കോടെത്തും. നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം സാമ്പിളുകള്‍ ശേഖരിക്കും.