കല്ലുമ്മക്കായ, കടല്‍, കടല്‍തൊഴില്‍; മൂടാടിയില്‍ നിന്നുള്ള കഥ



നിജീഷ്എം..ടി
കേ
രളോല്പത്തിയുമായി ബന്ധപ്പെട്ട സങ്കല്പം തന്നെ കടലുമായി ബന്ധപ്പെട്ടുകിടക്കുന്നു. നീലാകാശത്തിന് കീഴിൽ മലകൾ ആഴിയോട് ചേർന്ന് രൂപപ്പെട്ട മലയാളക്കരയാണ് കേരളം. തീരദേശത്തെ തണലിലിരുന്ന് നാം കാണുന്ന കടൽ കാഴ്ചകളിൽ അനന്തവും, അജ്ഞാതവും, അവർണ്ണനീയമമായ കടലാഴങ്ങളും പരപ്പും എത്രയെന്ന് നാമറിയുന്നില്ല.. മനസ്സുകളെ ഇത്രയധികം സ്വാധിനിക്കാൻ, സമസ്തഭാവങ്ങളെയും ഉൾക്കൊള്ളാൻ കടലിന് കഴിയുന്നു അതുകൊണ്ടാവാം നമുക്ക് കടൽ എത്ര കണ്ടാലും, കണ്ടാലും മതിവരാത്ത ദൃശ്യവിസ്മയമാവുന്നത്.

പ്രണയത്തിലും, വിരഹത്തിലും, സുഖദുഃഖങ്ങളിലുമെല്ലാം മനുഷ്യർക്ക് കടൽ വേണം,
കണ്ടാലും കേട്ടാലും അനുഭവിച്ചാലും തീരാത്ത കൗതുകമാവുകയാണ് കടൽ. മനുഷ്യരുടെ മനസ്സുപോലെ ഓരോ സമയത്തും ഓരോ ഭാവം പേറുന്ന മഹാത്ഭുതമായ കടലിന് പകരമായി മറ്റെന്തുണ്ട് ഭൂമിയിൽ…?

സന്ധ്യകളിൽ, രാവുകളിൽ കടൽക്കരയിൽ കടൽവിരിച്ചിട്ട മണൽമെത്തയിലിരുന്ന് കടൽ കാറ്റേറ്റ്, തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളെയും കടലിലെ കുഞ്ഞു തിരയിളക്കങ്ങളുടെ സംഗീതവും ആസ്വദിച്ചുള്ള കിടപ്പെത്ര സുഖം..
കണ്ടാലും, കേട്ടാലും വായിച്ചാലും, അനുഭവിച്ചാലും തീരാത്ത വിസ്മയമാണ് ഒരിക്കലും നിലയ്ക്കാത്ത തിരയിളക്കമുള്ള കടൽ.
തിരമാലയും കാറ്റും ഒരുപോലെ മത്സരിച്ചെത്തുന്ന കടൽത്തിരുന്നു നമ്മൾ കണ്ടാനന്ദിക്കുന്ന, അനുഭവിക്കുന്ന കടലിൽ അന്നത്തിനും, അതിജീവനത്തിനുമായി ആത്മധൈര്യത്തോടെ തുഴവള്ളമിറക്കിയവരെപ്പറ്റിയ ചിന്തിച്ച് നോക്കു.. മൂടാടി അംശം വെളക്കാട് ദേശത്തെ ചെമ്പിലവളപ്പിൽ തറവാട്ടുകാരിലൂടെ ആരംഭിച്ചതാണ് മൂടാടി അംശം വെളക്കാട് ദേശത്തുകാരുടെ കടൽ ജീവിതം.

അതിരുകളില്ലാത്ത കടൽപ്പരപ്പിലേക്ക് അന്നത്തിനും, അതിജീവനത്തിനുമായി ജീവിതം മുറുകെപ്പിടിച്ച് തുഴവള്ളമിറക്കിയ സാധാരണ കടൽത്തൊഴിലാളികളുടെ (മീൻപിടുത്തവും, കല്ലുമ്മക്കായ പറിക്കലും) കടലിനെ ജീവനോപാധിയായി സ്വീകരിച്ച മനുഷ്യരുടെ ജീവിതവും, അവരുടെ അനുഭവങ്ങളും ആരും അറിയാതെ പോകുന്നു. നമ്മൾ സുഖമായുറങ്ങുന്ന രാത്രികളിൽ ആത്മധൈര്യത്താലും, മെയ്ക്കരുത്താലും അവർ, മത്സ്യത്തൊഴിലാളികൾ അവരുടെ വള്ളങ്ങളിൽ കടൽത്തിരകളെ മുറിച്ചു മുന്നേറി വലയെറിഞ്ഞ് മീൻ പിടിച്ച്,കടലിനെ ആശ്രയിച്ച് ജീവിച്ചു വരുന്നവർ, ഇന്ന് 70 നും 80 നും ഇടയിൽ പ്രായമായ കടൽ മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്നാൽ കടലുപോലെയാണ് അവരുടെയൊക്കെ അനുഭവങ്ങളുമെന്ന് അറിയാൻ കഴിയും.

കടൽത്തൊഴിലാളികളുടെ ജീവിതവും, അവരുടെ അനുഭവങ്ങളുടെ കടൽത്തിരകളെയും അവരുടെതായ ഭാഷയിൽ അവർ പറയുന്നത് കേൾക്കുമ്പോൾ അവർക്കൊപ്പം തുഴവള്ളത്തിൽ നടുക്കടലിലാണ് നമ്മളുമെന്ന് തോന്നും. ആ അനുഭവങ്ങളെ കടൽത്തിരമാലകൾ പോലെ എഴുത്തിലേക്ക് അലയടിപ്പിച്ചു കയറ്റുക ശ്രമകരമാണ്.
വലയെറിഞ്ഞ് ക്ഷീണിച്ച രാത്രികളിലെ ഇടവേളകളിൽ കടൽപ്പരപ്പിലെ വള്ളത്തിൻ്റെ അമരത്ത് നിശ്ചലരായിക്കിടന്ന് അവർ കണ്ട ആകാശക്കൂടാരത്തലപ്പിലെ അനേകായിരം നക്ഷത്രങ്ങളുടെ തിളക്കവും, കടൽക്കയങ്ങളിലെ അപകടങ്ങളും, കടലാഴങ്ങളിലെ അനേകം വിസ്മയക്കാഴ്ചകളും തിരമാലകൾ പോലെ ഒന്നിനുപുറകെ ഒന്നായി അലയടിച്ചു കയറുകയാണ് അവരുടെ ഓർമ്മകളിൽ

മലയിൽത്താഴ താഴെ തുടങ്ങി ചെമ്പിലവളപ്പിൽ താഴെയിലൂടെ ഉണിച്ചിരംവീട്ടിൽ താഴെ വരെ വിശാലമായിക്കിടന്ന മണൽപ്പരപ്പിൽ പടർന്ന് പിടിച്ചിരുന്ന അടുപ്പുംവള്ളികളിൽ (കടപ്പുറത്ത് കാണപ്പെടുന്ന ഒരു തരം വള്ളിച്ചെടി ) നിറയെ ഇളം വൈലറ്റ് നിറമുള്ള പൂക്കളായിരുന്നു…
പൂഴിമണ്ണിൽ ചിലയിടങ്ങളിൽ പച്ചോലത്തുച്ച് കുഴിച്ചിട്ടിരിക്കുന്നതും സാധാരണയായി കാണാമായിരുന്നു. പച്ചത്തേങ്ങത്തൊണ്ട്
അഴുകാൻ ,(ചീയാൻ ) കുഴിച്ചിട്ടതിൻ്റെ അടയാളമായിരുന്നു അതെല്ലാം… അഴുകിയ തൊണ്ട് തല്ലുന്നതിൻ്റെ താളക്രമം പല കുടുംബങ്ങളുടെയും വരുമാനത്തെ നിർണ്ണിയിച്ചിരുന്നു..
ഉരുപുണ്യകാവ് പ്രദേശത്തെ സ്ത്രീജനങ്ങളുടെ പ്രധാന തൊഴിൽ ചകിരി പിരിക്കലായിരുന്നു..
കോയിമ്പറമ്പത്ത് താഴെ ഒരു നാടൻ പരമ്പരാഗത മത്സ്യബന്ധന തുറമുഖമാണെന്ന് ആലങ്കാരികമായി പറയുന്നതിൽ തെറ്റുണ്ടാവില്ലെന്ന് കരുതട്ടെ.
പ്രമുഖ മുസ്ലിം തറവാടായചെമ്പിലവളപ്പിൽ കുടുംബമാണ് കടൽക്കയങ്ങളിൽ അന്നത്തിനും, അതിജീവനത്തിനുമായി തുഴയെറിഞ്ഞവർ. ചെമ്പിലവളപ്പിൽ അഹമ്മദ്ക്കയും, സഹോദരൻ അബ്ദുള്ളക്കയും കടലിൻ്റെ കോളും,പതവും അറിഞ്ഞവരായിരുന്നു.ഈ നാട്ടിലെ അദ്ധ്വാനിച്ച് ജിവിക്കാൻ തയ്യാറായ അവരുടെ സമകാലികരായ ചെറുപ്പക്കാരിൽ കടൽ എന്ന സാധ്യതയിലെക്ക് വഴി കാണിച്ചു കൊടുത്ത് വഴിവിളക്കായവരാണ് ആ സഹോദരങ്ങൾ.

നാളുകൾ കഴിയവെ അങ്ങ് ചാലിയത്തു നിന്നും, എലത്തൂരിൽ നിന്നും ഒരുപാട് മത്സ്യത്തൊഴിലാളികൾ മൂടാടിയിലേക്കെത്തിച്ചേർന്നു. കൃഷ്ണൻ,ഉണ്ണി,കോരുക്കുട്ടി, ശ്രീധരൻ,ഹുസൈൻകോയ, കുമാരൻ,ശേഖരൻ,ബാവ, കുട്ടിമൊയിൻ,പിച്ചാവക്ക, തുടങ്ങി അനേകം പേർ.. ഇവരൊക്കെയാണ് കല്ലുമ്മക്കായ പറിക്കാൻ കടലാഴങ്ങളിലേക്ക് മുങ്ങാംകുഴികളിടാൻ ഇന്നാട്ടുകാരെ പഠിപ്പിച്ച് പ്രാപ്തരാക്കിയവർ.

എല്ലാ ഇടവപ്പാതികളിലും ചവിട്ടു വലക്കാരും ഈ തീരത്തെത്തി.. അയനിക്കാട്, ഇരിങ്ങൽ കടപ്പുറത്ത് നിന്ന് മന്ദൻ, പൊക്കൻ, രാഘവൻ … എന്നിവർ അവരിൽ പ്രമുഖരാണ്. ചുരുക്കത്തിൽ ഒരു തീരദേശത്തിൻ്റെ മത്സ്യ ബന്ധന സാധ്യതകൾ പരമ്പരാഗത മാർഗ്ഗങ്ങളിലൂടെ എങ്ങനെ ശാസ്ത്രീയമായി ചൂഷണം ചെയ്യാമെന്ന് ഈ നാട്ടിലെ അന്നത്തെ ചെറുപ്പക്കാരെ പഠിപ്പിച്ചുകൊടുത്തത് അതിഥികളായി ഇവിടെയെത്തിയ മറ്റ് പ്രദേശവാസികളായിരുന്ന കടൽത്തൊഴിലാളികളായിരുന്നു.ബീഡിത്തൊഴിലാളികളായിരുന്നവരിൽ പലരും കല്ലുമ്മക്കായ – മത്സ്യബന്ധന തൊഴിലിലേക്ക് എത്തിച്ചേർന്നത് ഇങ്ങനെയാണ്..

കടലിൻ്റെ മക്കൾക്ക് ഭക്ഷണവുമായിഉണിച്ചിരം വീട്ടിൽ താഴത്ത് ഉണ്ണീച്ചം കണ്ടി കണാരേട്ടൻ്റെ നാടൻ ചായക്കട.. അതു കൊണ്ട് തന്നെ കണാരേട്ടൻ കടപ്പുറത്തെന്നുന്ന എല്ലാവർക്കും പ്രിയപ്പെട്ടവനുമായിരുന്നു….

റോഡ് – വാഹന സൗകര്യങ്ങൾക്കും മുമ്പ് എലത്തൂരിൽ നിന്നും കടൽമാർഗ്ഗം എത്തുന്ന കല്ലുമ്മക്കായ തൊഴിലാളികൾ കമ്പിത്താഴ(പാലക്കുളം കടപ്പുറം) തോണിയടുപ്പിക്കുകയും, വലവീട്ടിൽ കുഞ്ഞിരാമച്ചൻ്റെ ചായക്കടയിലെ
രാവിലെത്തെ ഭക്ഷണ ശേഷം മുത്തായത്തേക്കും, കോടിക്കൽ, ആവിക്കൽ എന്നിവിടങ്ങളിലേക്കൊക്കെ തോണി തുഴയും.. അവിടെ നിന്നൊക്കെ കല്ലുമ്മക്കായ പറിച്ചെടുക്കുന്ന അവർ കടലിലൂടെത്തന്നെയായിരുന്നു എലത്തുരിലേക്ക് പോയിരുന്നത്. കൈതോലപ്പായകൾ 4 എണ്ണം അടുക്കായിക്കെട്ടിയെടുത്ത് അരികുകൾ തുന്നിച്ചേർത്ത് തോണിപ്പാമരത്തിൽ ഉയർത്തി കറ്റിനൊത്ത് എലത്തൂർ തീരത്തേക്ക് നീങ്ങും.. എലത്തൂരെത്തിക്കുന്ന കല്ലുമ്മക്കായ പൊളിച്ചും, അല്ലാതെയും കച്ചവടക്കാർ കോഴിക്കോട്ടെ മാർക്കറ്റിലും മറ്റ് ആവശ്യക്കാരുടെ കൈകളിലേക്കും വിപണനം ചെയ്യുകയാണ് പതിവ്.

ട്രെയിൻ വഴി രാവിലെ വെള്ളറക്കാട് ഇറങ്ങിയും, (രാവിലെ കണ്ണൂരെക്ക് ഒരു ട്രെയിൻ ഉണ്ടായിരുന്നു ) റോഡ് മാർഗ്ഗം കിട്ടുന്ന വാഹനങ്ങളിലൂടെയും രാവിലെ മൂടാടിയിലെത്തുന്ന കല്ലുമ്മക്കായതൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു തെരുവിൻ പുറത്ത് കുഞ്ഞിരാമേട്ടൻ്റെയും, ചക്കം പുരയ്ക്കൽ ശങ്കരേട്ടൻ്റെയും, ചെറുവത്ത്കണ്ടി കണാരേട്ടൻ്റെയും ചായക്കടകളുടെയും ടി.കെ.കുമാരേട്ടൻ്റെ സ്റ്റേഷനറിക്കടയുടെയും പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നത്.

ഇന്നത്തെ മൂടാടി ബീച്ച് റോഡ് വരുന്നതിന് മുമ്പ് കണിയാങ്കണ്ടി ഇടവഴിയിലൂടെ വലിയാണ്ടി, നടുപ്പാളിത്താഴയിലെത്തുന്ന തൊഴിലാളികൾക്ക് സമീപവാസികൾ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയിരുന്നു.തൊഴിൽ സാമഗ്രികൾ സൂക്ഷിക്കാനിടവും, ഉച്ചഭക്ഷണവും നൽകിയും മറ്റും ചെറിയ വരുമാന മാർഗ്ഗം കൂടിയായി അത് മാറി..,

ചെമ്പിലവളപ്പിൽതാഴെ തോണിയടുപ്പിച്ചിരുന്ന അക്കാലത്ത് അരച്ചാക്ക്, അല്ലെങ്കിൽ വലിയ വട്ടക്കൊട്ട കല്ലുമ്മക്കായ തലച്ചുമടായി പൂളക്കലങ്ങാടിയിലെത്തിച്ചാൽ കാൽ രൂപ (25 പൈസ ) യായിരുന്നു കൂലി… പ്രദേശത്തെ വീട്ടുപണിക്കുള്ള എല്ലാ സാധന സാമഗ്രികളും തലച്ചുമടായിട്ടായിരുന്നു എത്തിച്ചിരുന്നത് .ഒരു വെട്ടുകല്ല് തലച്ചുമടായി സൈറ്റിലെത്തിച്ചാൽ മുക്കാൽ ചക്രമായിരുന്നു കൂലി..! ചക്രക്കണക്ക് രൂപയിലേക്ക് എത്തിയ കാലഘട്ടത്തെപ്പറ്റി ചുമ്മാതൊന്ന് ചിന്തിച്ചു നോക്കൂ.പഴയ തലമുറയിലെ കഷ്ടപ്പാടിൽ,അദ്ധ്വാനത്തിൽ പടുത്തുയർത്തിയതാണ് ഇന്നത്തെ മൂടാടി എന്ന തീരദേശഗ്രാമം.

വാഹനസൗകര്യങ്ങൾ വീണ്ടും വർദ്ധിച്ചപ്പോൾ കൂടുതൽ വള്ളവും ,വള്ളക്കാരും മൂടാടിക്കടപ്പുറത്ത് എത്തിച്ചോർന്നു.അങ്ങനെ ഒരു കടൽ അനുബന്ധതൊഴിൽ മേഖല ഉയർന്നു വരാൻ തുടങ്ങി..
നാട്ടിലെ അന്നത്തെ സാമ്പത്തിക ചുറ്റുപാടിൽ 13 – 14 വയസ്സു പ്രായമായ കുട്ടികളിൽ പലരും
കല്ലുമ്മക്കായ പെറുക്കി ചാക്കിൽ നിറച്ചും ,ചാക്കു പിടിച്ചും പതിയെപ്പതിയെ ചുമട് തൊഴിലാളികളായി മാറി.. അല്ലെങ്കിൽ പകരക്കാരായി തോണിയിൽ കയറി.അങ്ങനെ കയറിയവർ കടലിൻ്റെആഴവും,ആഴക്കടലിലെ കല്ലുകളുടെമടക്കും, വളവും,പരുപരുപ്പം ഗ്രഹിച്ച് കല്ലുമ്മക്കായ പറിക്കുന്നവരുമായിമാറി. മൂടാടിക്കടപ്പുറത്ത് അതിനോടൊപ്പമുണ്ടായ തൊഴിൽ സാധ്യതയായിരുന്നു കല്ലുമ്മക്കായ ചുമടെടുപ്പ്. തലയിൽ ജിവിതഭാരവും, ചുമലിൽ കുടുംബത്തെയും പേറി ഉച്ചവെയിൽ താണ്ടിയവരായിരുന്നു അന്നത്തെ ചുമട് തൊഴിലാളികൾ.

ഉണിച്ചിരം വീട്ടിൽ താഴ ഇടവഴിയിലൂടെ ചട്ടിക്കണ്ടി – നെല്ലിക്കോട്ടൂളി മൂലയിൽ മെയിൻ റോഡിന് സൈഡിലായിരുന്നു കല്ലുമ്മക്കായച്ചാക്കുകൾ എത്തിച്ചിരുന്നത് അവിടെ നിന്ന് കിട്ടുന്ന ലോറികളിൽ കയറ്റി എലത്തൂരേക്ക് വിടുന്നു…. അവിടെ ചുമട് ഇറക്കാനും മൂടാടിക്കാർ പോകണമായിരുന്നു.

320 മീറ്റർ ദൂരമുണ്ട് മേൽപ്പറഞ്ഞ ഇടവഴി വഴി കടപ്പുറത്തേക്ക്..

ഒരു പഞ്ചസാരച്ചാക്കിൽ 100 മുതൽ 125 കിലോ കല്ലുമ്മക്കായ നിറയ്ക്കാം..!

(വലിയ കല്ലുമ്മക്കായ ആണെങ്കിൽ 600 മുതൽ 800 എണ്ണം മാത്രമെ കാണു..! )
കുത്തിനിറച്ച് മുകളിൽ ഇലച്ചപ്പുകൾ മൂടി ചാക്ക് തുന്നിക്കെട്ടും.. നാലു മൂലയ്ക്കും നാലു പേരും, അഞ്ചാമതൊരാൾ ഒരു വശത്ത് നടുവിലായും, ചുമട് തലയിലെടുക്കുന്നയാളും ചേർന്ന് 6 പേർ ചേർന്നാണ് ചാക്ക് തലയിലേറ്റുന്നത്.. തലയിലേറ്റിയ ചുമട് റോഡിൽ എത്തിക്കുന്നതിനിടയിൽ ചുമട് മാറിയെടുക്കുന്ന പതിവില്ല…

ഉച്ചയ്ക്ക് 2 മണിക്ക് ശേഷം തുടങ്ങുന്ന ചുമട് പണി വൈകിട്ട് 6 മണിയോളമാവും തീരാൻ…
ഒരാൾ 25 ചാക്കു വരെ തലയിലേറ്റി റോഡിലേത്തിച്ചിരുന്നു അക്കാലത്ത്..
ഒരു തൊഴിലാളി
25 ചാക്ക് റോഡിലെത്തിച്ച് തീരുമ്പോഴെക്കും 15 1/2 (പതിനഞ്ചര) കിലോമീറ്റർ നടന്നു കഴിഞ്ഞിരിക്കും… അതായത് 125 കിലോ ഭാരം തലയിൽ ചുമന്ന്
7 1/2 ( ഏഴര കിലോമീറ്റർ) നടന്നു കഴിഞ്ഞിട്ടുണ്ടാവും എന്നർത്ഥം..!

ചാക്കിന് 1 രൂപ 25 പൈസയിൽ തുടങ്ങി 5 രൂപ 50 പൈസവരെയായിരുന്നു അക്കാലത്ത് കാലാനുസരണം കൂലിയായി ലഭിച്ചിരുന്നത്… രണ്ട് തുകയ്ക്കിടയിൽ വർഷങ്ങൾ കടന്നു പോയിട്ടുണ്ട് എന്നത് യാഥാർത്ഥ്യം നാം ഉൾക്കൊള്ളേണ്ടതാണ്.അതായത്
25 ചാക്ക് ചുമടെടുത്ത് ഒരാൾ പ്രതിദിനം യഥാക്രമം 31.25 രൂപയും, കാലക്രമത്തിൻ
131.25 രൂപയും കൂലി വാങ്ങിയിരുന്നുവെന്ന്..

(ഒരു ചാക്ക് കടുക്കയ്ക്ക് 37 രൂപയുണ്ടായിരുന്നകാലഘട്ടത്തിൽ ചുമട് കൂലി ഒരു രൂപ 25 പൈസായായിരുന്നു .! )

1980 കളിൽ മൂടാടി ബീച്ച് റോഡ് വികസിച്ചു വരുന്നതോടെ കൂടുതലായി കടുക്കാ തൊഴിലാളികൾ എലത്തൂരിൽ നിന്നെത്തുകയും, കടപ്പുറത്ത് നിന്നു തന്നെ ലോറിയിൽ ലോഡുചെയ്യാനുള്ള സൗകര്യമുണ്ടാവുകയും ചെയ്തപ്പോഴെക്കും ഒരു ചാക്ക് കല്ലുമ്മക്കായയുടെ വില 500 രൂപ മുതൽ 600 രൂപ വരെയും, ചുമട്ട് കൂലി ചാക്കൊന്നിന് 50 രൂപയുമായി മാറിയിരുന്നു…. മൂടാടി കടപ്പുറത്തിൻ്റെ പ്രതാപകാലമായിരുന്നു അത്… വിവിധ സ്ഥലങ്ങളിൽ നിന്നും ചെറുകിട കച്ചവടക്കാർ കടപ്പുറത്തെത്തി… തദ്ദേശിയരായവരും കൂടുതലായി കല്ലുമ്മക്കായ തൊഴിലാളികളായി മാറാൻ തുടങ്ങിയതോടെ കച്ചവടവും വിപുലപ്പെട്ടു… സൈക്കിളുകളിലും, മിനിലോറികളും, ഓട്ടോറിക്ഷകളും,ജീപ്പുകളിലും കൊയിലാണ്ടി താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിലേക്കും കല്ലുമ്മക്കായ ചാക്കുകണക്കിന് നിരന്തരം പോയിക്കൊണ്ടിരുന്നു. എലത്തൂരേക്ക് 2 മുതൽ 3 വരെ ലോറികൾ ലോഡുമായി പാഞ്ഞു..60 മുതൽ 65 ചാക്ക് വരെ ഒരു ലോറിയിൽ ലോഡ് ചെയ്യാറുണ്ടായിരുന്നു.. പ്രതിദിനം 1,250/-മുതൽ 1,500/- രൂപാ വരെ കൂലി വാങ്ങുന്നവരായി ചുമട് തൊഴിലാളികൾ മാറി…

കാലത്തിൻ്റെ തുടർച്ചയെന്നോണം ചെമ്പിലവളപ്പിൽ കുടുംബത്തിലെ പുതിയ തലമുറക്കാരിൽ ചിലർ ഇന്നും മൂടാടിയിലെ മത്സ്യബന്ധന-വിപണന മേഖലയിൽ പ്രവർത്തിച്ചുവരുന്നു.

നിജീഷ്.എം.ടി
9495084696