എലത്തൂര്‍ ട്രെയിന്‍ തീവയ്പ്: ലഭിച്ച തെളിവുകള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് എന്‍.ഐ.എ; പ്രതി ഷാറൂഖ് സെയ്ഫിയെ ആറുദിവസം എന്‍.ഐ.എ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവ്


കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ഇതുവരെ ലഭിച്ച തെളിവുകള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എന്‍.ഐ.എ ഇക്കാര്യം പറയുന്നത്.

കേസില്‍ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. ഭീകര പ്രവര്‍ത്തനത്തിന്റെ ലക്ഷ്യമെന്തെന്ന് കണ്ടെത്താന്‍ വിസദമായ അന്വേഷണം വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ എം.ജെ. അഭിലാഷ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയുടെ കയ്യക്ഷരം, വിരലടയാളം എന്നിവയുടെ സാമ്പിള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

അതേസമയം, കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയെ മെയ് രണ്ടുമുതല്‍ എട്ടുവരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടിട്ടു. എന്‍ഐഎ അന്വേഷകസംഘം നല്‍കിയ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് എന്‍ഐഎ കോടതി ഉത്തരവിട്ടത്. അതുവരെ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ഏപ്രില്‍ രണ്ടിന് ഷൊര്‍ണൂരിലെ പെട്രോള്‍ പമ്പില്‍നിന്ന് ഇയാള്‍ പെട്രോള്‍ വാങ്ങിയതായും തുടര്‍ന്ന് ലൈറ്റര്‍ മേടിച്ചതായും ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ ഡി വണ്‍ കോച്ചില്‍ രാത്രി 9.24ന് പെട്രോള്‍ യാത്രക്കാര്‍ക്കുനേരെ ഒഴിച്ച് തീവയ്ക്കുകയായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഇയാളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് എന്‍.ഐ.എ നീക്കം.

വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ പാര്‍പ്പിച്ചിരുന്ന ഷാറൂഖിനെ വെള്ളി പകല്‍ 2.15നാണ് കോടതിയിലെത്തിച്ചത്. വൈകിട്ട് 4.30ന് തിരികെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. എന്‍.ഐ.എ കൊച്ചി യൂണിറ്റ് 18നാണ് അന്വേഷണം ഏറ്റെടുത്ത് എഫ.്ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. തീവ്രവാദപ്രവര്‍ത്തനം നടത്തുന്നതിന് ശിക്ഷ ലഭിക്കുന്ന യുഎപിഎ 16-ാംവകുപ്പ് ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.