കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന് ഇനി പുതിയ സാരഥികൾ; ആർ.കെ.മനോജ് സെക്രട്ടറി, എം.എ.ഷാജി പ്രസിഡണ്ട്
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് കളള് ചെത്ത് തൊഴിലാളി യൂണിയന് ഇനി പുതിയ സാരഥികൾ. ഇന്നു നടന്ന ചെത്തു തൊഴിലാളി യൂണിയൻ സി.ഐ.ടി.യു താലൂക്ക് സമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. ജില്ല പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ദാസൻ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റായി എം.എ. ഷാജിയെയും, സെക്രട്ടറിയായി ആർ.കെ മനോജിനേയും ഖജാൻജിയായി ടി.കെ ജോഷിയെയുമാണ് തെരഞ്ഞെടുത്തുത്തത്.
എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള ക്യാഷ് അവാർഡും മരണപ്പെട്ട,തൊഴിലാളിയുടെ കുടുംബ സഹായ ഫണ്ടും മാമ്പറ്റ ശ്രീധരൻ വിതരണം ചെയ്തു. ക്ഷേമനിധി ബോർഡിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, പെൻഷൻ വിതരണത്തിലെ അപാകത പരിഹരിക്കുക, ടോഡി ബോർഡിന്റെ പ്രവർത്തനം വേഗത്തിൽ ആരംഭിക്കുക, പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവ് പിൻവലിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
സെക്രട്ടറി എം.എ.ഷാജി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർ.കെ മനോജ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ.വി.ഗോപാലകൃഷ്ണൻ രക്തസാക്ഷി പ്രമേയവും എം.ആർ.അനിൽകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി.കെ.ജോഷി സ്വാഗതവും എം.ശിവദാസൻ നന്ദിയും പറഞ്ഞു.
കൊയിലാണ്ടിയിലെ ഏറ്റവും കരുത്തുറ്റ തൊഴിലാളി യൂണിയനാണ് കള്ള് ചെത്ത് തൊഴിലാളി യൂണിയൻ. മുൻ മന്ത്രി ടി.പി രാമകൃഷ്ണനും മുൻ എം.എൽ.എ കെ.ദാസനുമായിരുന്നു ദീർഘ കാലം ചെത്ത് തൊഴിലാളി യൂണിയന്റെ ഭാരവാഹികൾ. മന്ത്രിയായ സമയത്താണ് ടി.പി രാമകൃഷ്ണൻ യൂണിയന്റെ ഭാരവാഹിത്വമൊഴിഞ്ഞത്. ഇന്ന് നടന്ന സമ്മേളനത്തിൽ അൻപത്തിരണ്ട് വർഷം യൂണിയന്റെ ഭാരവാഹിയായി പ്രവർത്തിച്ച കെ.ദാസനും സ്ഥാനമൊഴിഞ്ഞു.