നവകേരള സദസ്സ് ഇന്ന് മുതൽ കോഴിക്കോട് ജില്ലയിൽ; ആദ്യ സദസ്സ് നാദാപുരത്ത്


വടകര: കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ വിജയകരമായ പര്യടനത്തിനുശേഷം നവകേരള സദസ്സ് ഇന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും.

കേരളം ഇന്നേവരെ കൈവരിച്ച വികസന നേട്ടങ്ങള്‍ വിശദീകരിക്കാനും സംസ്ഥാനത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ സ്വരൂപിക്കാനുമാണ് നവകേരള സദസ്സുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങൾക്ക്‌ മുൻപാകെ എത്തുന്നത്.

നവംബര്‍ 24ന് രാവിലെ വടകര നാരായണ നഗർ ഗ്രൗണ്ടിൽ നടക്കുന്ന പ്രഭാത യോഗത്തോടെ ജില്ലയിലെ പരിപാടികള്‍ തുടങ്ങും. ഒന്‍പത് മണിക്ക് നടക്കുന്ന പ്രഭാതയോഗത്തില്‍ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിക്കും.

11 മണിക്ക് നാദാപുരം മണ്ഡലം നവകേരള സദസ്സ് കല്ലാച്ചി മാരാംവീട്ടില്‍ ഗ്രൗണ്ടിലും വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്ര മണ്ഡല സദസ്സ് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും. കുറ്റ്യാടി മണ്ഡലംതല നവകേരളസദസ്സ് വൈകുന്നേരം 4.30ന് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലും വടകര മണ്ഡലത്തിലേത് വൈകീട്ട് ആറിന് വടകര നാരായണ നഗര്‍ ഗ്രൗണ്ടിലുമാണ് നടക്കുക.

രണ്ടാം ദിവസമായ നവംബര്‍ 25 ന് രാവിലെ ഒമ്പത് മണിക്ക് എരഞ്ഞിപ്പാലം ട്രിപ്പന്റ ഹോട്ടലില്‍ നടക്കുന്ന പ്രഭാതയോഗത്തില്‍ കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, എലത്തൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് കൊയിലാണ്ടി മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലും ബാലുശ്ശേരിയിലേത് വൈകീട്ട് മൂന്നിന് ബാലുശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലും എലത്തൂര്‍ മണ്ഡലത്തിലേത് വൈകീട്ട് 4.30ന് നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും. കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സ് വൈകീട്ട് ആറിന് കോഴിക്കോട് ഫ്രീഡം സ്‌ക്വയറില്‍ ഒരുമിച്ചാണ് നടക്കുക.

മൂന്നാം ദിവസമായ 26ന് രാവിലെ ഒന്‍പത് മണിക്ക് ഓമശ്ശേരി അമ്പലക്കണ്ടി സ്നേഹതീരം കൺവെൻഷൻ സെന്ററിലാണ് പ്രഭാതയോഗം. തിരുവമ്പാടി, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് തിരുവമ്പാടി മണ്ഡലംതല നവകേരള സദസ്സ് 11 മണിക്ക് മുക്കം ഓര്‍ഫനേജ് ഒഎസ്എ ഓഡിറ്റോറിയത്തിലും കൊടുവള്ളിയിലേത് വൈകീട്ട് മൂന്നിന് കൊടുവള്ളി കെഎംഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും കുന്ദമംഗലം മണ്ഡലത്തിലേത് 4.30ന് കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗ്രൗണ്ടിലും ബേപ്പൂര്‍ മണ്ഡലത്തിലേത് വൈകീട്ട് ആറിന് ഫറോക്ക് നല്ലൂര്‍ ഇ.കെ നായനാര്‍ മിനി സ്റ്റേഡിയത്തിലും നടക്കും.

നവകേരള സദസ്സുകള്‍ നടക്കുന്ന വേദികളില്‍ പരിപാടിയുടെ രണ്ടു മണിക്കൂര്‍ മുമ്പ് വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഓരോ മണ്ഡലത്തിലും പൊതുജനങ്ങളില്‍ നിന്ന് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടർ സംവിധാനം ഒരുക്കിയിട്ടുണ്ട്. പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് നിർദ്ദേശങ്ങള്‍ സ്വീകരിച്ചുതുടങ്ങും.

നവകേരള സദസ്സുകളില്‍ പൊതുജനങ്ങള്‍ക്കു പുറമെ, മണ്ഡലത്തിലെ സ്വാതന്ത്ര്യസമര സേനാനികള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, തെരഞ്ഞെടുക്കപ്പെട്ട മഹിള, യുവജന, കോളജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ പ്രതിഭകള്‍, കലാകാരന്‍മാര്‍, സെലിബ്രിറ്റികള്‍, അവാര്‍ഡ് ജേതാക്കള്‍, സാമുദായിക സംഘടനാ നേതാക്കള്‍, മുതിര്‍ന്ന പൗരന്‍മാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രത്യേക ക്ഷണിതാക്കളായെത്തും.[mid5]