നേത്രാവതി എക്സ്പ്രസില്‍ നിന്ന് പാളത്തിലേക്ക് വീണു; കോഴിക്കോട് ജോലി ചെയ്യുന്ന വയനാട് സ്വദേശിയായ യുവതി മരിച്ചു


ബേക്കല്‍: ട്രെയിനില്‍ നിന്ന് പാളത്തിലേക്ക് തെറിച്ചുവീണ വയനാട് സ്വദേശിയായ യുവതി മരിച്ചു. വയനാട് കല്പറ്റ കാവുംമന്ദം മഞ്ചുമലയില്‍ വീട്ടില്‍ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്.

വെളളിയാഴിചയാണ് സംഭവം. നേത്രാവതി എക്സ്പ്രസില്‍ നിന്ന് വീണ യുവതിയെ കാസര്‍കോട് പള്ളിക്കര മാസ്തിഗുഡ്ഡ റെയില്‍വേ ഗേറ്റില്‍ നിന്നും 200 മീറ്റര്‍ മാറി പാളത്തില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. കോഴിക്കോട്ടെ സ്ഥാപനത്തില്‍ എച്ച്.ആര്‍ മാനേജര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു ഐശ്വര്യ.

നേത്രാവതി എക്സപ്രസ് കടന്ന് പോയ ശേഷം തീവണ്ടിയില്‍ നിന്നും ഒരാള്‍ വീണിട്ടുണ്ടെന്ന് കാസര്‍കോട് റെയില്‍വേ പോലീസ് രാത്രി 10 മണിയോടെ ബേക്കല്‍ പോലീസിനെ അറിയിച്ചിരുന്നു.

പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ യുവതിയെ പാളങ്ങള്‍ക്കിടയില്‍ നിന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പാളത്തിനടുത്ത് നിന്നും ലഭിച്ച ഹാന്റ്ബാഗും പഴ്‌സും പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് എസ്.ഐ. കെ.ശ്രീജേഷിന്റെ നേതൃത്വത്തില്‍ തലയ്ക്കും മുഖത്തിനും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ ഐശ്വര്യയെ ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.