ഫോട്ടോ മാറിയതില്‍ തിരുത്ത്; വായനക്കാരോട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ക്ഷമാപണം


2024 ജനുവരി നാലിന് ‘കോഴിക്കോട് ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകം പ്രതി പോലീസ് പിടിയില്‍’ എന്ന തലക്കെട്ടില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തഴമ്പാട്ടു സ്വദേശി അബ്ദുല്‍സമദിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു എന്നതായിരുന്നു വാര്‍ത്ത. പ്രസ്തുത വാര്‍ത്തയ്‌ക്കൊപ്പം കൊല്ലപ്പെട്ട അബ്ദുള്‍ മജീദിന്റെ ഫോട്ടോ എന്ന തരത്തില്‍ മറ്റൊരാളുടെ ഫോട്ടോ അബദ്ധത്തില്‍ വാര്‍ത്തയില്‍ ഉപയോഗിച്ചിരുന്നു.

പറമ്പില്‍ ബസാര്‍ സ്വദേശി എന്‍.പി അന്‍സാരിയുടെ ഫോട്ടോയായിരുന്നു അബ്ദുള്‍ മജീദിന്റേതെന്ന തരത്തില്‍ തെറ്റായി പ്രസിദ്ധീകരിച്ചത്. രണ്ട് വര്‍ഷം മുന്‍പ് സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനിടെ സണ്‍ഷെയ്ഡില്‍ നിന്ന് കാല്‍ തെറ്റി താഴേക്ക് വീണായിരുന്നു അന്‍സാരി മരണപ്പെട്ടത്.

തെറ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ കൊയിലാണ്ടി ന്യൂസ് ഡോട് കോം വാര്‍ത്തയില്‍ നിന്നും ഫോട്ടോ മാറ്റുകയും ചെയ്തിരുന്നു. കൊയിലാണ്ടി ന്യൂസിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ പിഴവ് കാരണം അന്‍സാരിയുടെ കുടുംബത്തിന് ഉണ്ടായ പ്രയാസത്തില്‍ ഞങ്ങള്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.