നാല് ചുവരുകള്‍ക്കുള്ളിലെ ക്ലാസ് മുറികളിൽ നിന്ന് പ്രകൃതിക്കൊപ്പം ചേർന്ന് കുരുന്നുകൾ; ‘നേരോ’ ഹ്രസ്വചിത്രവുമായി കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസ്


കൊയിലാണ്ടി: കൊയിലാണ്ടി ഗവ മാപ്പിള വി.എച്ച്.എസ്.എസില്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രമായ ‘നേരോ’യുടെ റിലീസ് ചെയ്തു. സിനിമാ സംവിധായകന്‍ ടി.ദീപേഷാണ് റിലീസിം​ഗ് നിര്‍വ്വഹിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള കഥയാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.

നാല് ചുവരുകള്‍ക്കകത്തെ ഇടുങ്ങിയ ക്ലാസ് മുറികളില്‍ അകപ്പെട്ടുപോയ അധ്യാപകരോട്, മതിലുകളും അതിരുകളുമില്ലാത്ത പ്രകൃതിയുടെ വിശാല തുറസ്സുകളിലേക്ക് ജീവിതത്തെ തുറന്നു വിടാന്‍ പ്രേരിപ്പിക്കുന്നതാണ് ‘നേരോ’ എന്ന ഹ്രസ്വചിത്രം. സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളില്‍ സന്തോഷം പങ്കിടുന്ന കുരുന്നുകള്‍ക്ക് അസ്വാതന്ത്ര്യത്തിന്റെ വേലിക്കെട്ടുകളായി ക്ലാസ് മുറികള്‍ മാറുമ്പോഴും, അധ്യാപകരുടെ കടുത്ത ശിക്ഷാനടപടികള്‍ അവര്‍ക്ക് മീതെ ആഞ്ഞടിക്കുമ്പോഴും അസ്വസ്ഥരാകുന്ന കുട്ടികളെ ഈ സിനിമയിലൂടെ കാണാം. അത്തരം അസ്വസ്ഥതകളെ അവര്‍ മറികടക്കുന്നത് പ്രകൃതിയുടെ താളത്തിനൊത്ത് ചലിക്കുമ്പോഴാണെന്ന് ചിത്രം പറഞ്ഞുവെക്കുന്നു.

ഷാജി കാവിലാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ചത്. നാലു മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം നിര്‍മ്മിച്ചത് സ്‌കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ്മയിലൂടെയാണ്.

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എ.അസീസ് അധ്യക്ഷനായി. പ്രധാനാധ്യാപിക ദീപാഞ്ജലി മണക്കടവത്ത്, വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍ വി.എസ് രതീഷ്, പി.വി.പ്രകാശന്‍, വി.എം.പ്രകാശന്‍, യു.കെ.അസീസ്, രാഗം മുഹമ്മദലി, സി.രാമചന്ദ്രന്‍, സായ് പ്രസാദ്, ശിവാസ് നടേരി, കെ.ബിന്ദു, വി.പി.പ്രജിഷ, ഉണ്ണിക്കൃഷ്ണന്‍ ഗ്രീന്‍, അഭിനേതാക്കളായ ആബിദ്, പ്രസൂണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.