“റോഡ് മുറിച്ചാൽ ഞങ്ങൾ ഒറ്റപ്പെടും”; കൊയിലാണ്ടി ബൈപ്പാസിനായി മരളൂർ-പനച്ചിക്കുന്ന് റോഡ് മുറിക്കുന്നത് തടഞ്ഞ് നാട്ടുകാർ


കൊയിലാണ്ടി:“റോഡ് മുറിച്ചാൽ ഞങ്ങൾ ഒറ്റപെട്ടു പോകും. പരിഹാരം കാണാതെ പണി തുടരാൻ സമ്മതിക്കില്ല”. കൊയിലാണ്ടി ബൈപ്പാസിനായി മരളൂർ-പനച്ചിക്കുന്ന് റോഡ് മുറിക്കുന്നത് തടഞ്ഞ് നാട്ടുകാർ. റോഡ് മുറിച്ചാൽ ഈ പ്രദേശത്തെ നൂറുകണക്കിന് പേർ ഒറ്റപെടുമെന്ന കാരണത്താലാണ് ആളുകൾ ശക്തമായ പ്രതിഷേധവുമായെത്തിയത്.

മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് റോഡ് വിഭജിക്കാനെത്തിയപ്പോഴാണ് മരളൂർ ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത്. നൂറ് കണക്കിന് പേർ ദിവസേനെ യാത്രയ്ക്കായി ആശ്രയിക്കുന്ന റോഡാണിത്. എന്നാൽ യാതൊരു മുന്നറിയിപ്പും നൽകാതെ റോഡ് മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനെതിരെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.

വിവരം അറിഞ്ഞതിനെ തുടർന്ന് കരാർ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയ ശേഷം മാത്രമേ റോഡ് മുറിക്കുകയുള്ളൂ എന്ന് കമ്പനി ഉറപ്പ് നൽകി.

ബഹുജന കൂട്ടായ്മ കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ, ജയപ്രകാശ് മരളൂർ, ഗിരിഷ് പുതുക്കുടി താഴെ, പി.കെ.ഷിനു, സി.ടി. ബിന്ദു, സിറാജ് കുനിയിൽ, അഷറഫ് മൂലത്ത് ,എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.