”ഇതേതാ സ്ഥലം! ഒരു പിടിയും കിട്ടുന്നില്ലല്ലോ”; നന്തി-മൂരാട് ദേശീയപാത പ്രവൃത്തി പുരോഗമിച്ചതോടെ സ്ഥലം തിരിച്ചറിയാനാവാതെ യാത്രക്കാര്‍; ഇരുപതാം മൈലില്‍ സ്ഥലപ്പേരെഴുതിയ ഫ്‌ളക്‌സ് തൂക്കി പ്രദേശവാസികള്‍


കൊയിലാണ്ടി: ”ഇതേതാ സ്ഥലം, തിക്കോടി കഴിഞ്ഞോ, പയ്യോളി എത്തിയോ” ദേശീയപാത പ്രവൃത്തി പുരോഗമിച്ചതോടെ നന്തിയില്‍ നിന്നും വടകര ഭാഗത്തേക്ക് പോകവെ പല ബസുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണിത്. റോഡരികിലുണ്ടായിരുന്ന കടകളും വീടുകളും ബസ് സ്‌റ്റോപ്പുകളുമൊക്കെ കണ്ട് സ്ഥലം മനസിലുറപ്പിച്ചവര്‍ക്ക് ഇപ്പോള്‍ കാണാനാവുന്നത് വീടുകളും കടകളുമെല്ലാം പൊളിച്ചുനീക്കി നിരപ്പാക്കിയ പ്രദേശമാണ്. അതോടെ സ്ഥലം ഏതെന്ന് മനസിലാക്കാനാവാത്ത അവസ്ഥയിലാണ് പലരും.

നന്തി കഴിഞ്ഞുള്ള 20ാം മൈലില്‍ സ്ഥലം തിരിച്ചറിയാന്‍ നാട്ടുകാര്‍ വലിയ അക്ഷരത്തില്‍ സ്ഥലപ്പേരെഴുതിയ ഫ്‌ളക്‌സ് തൂക്കിയിരിക്കുകയാണ്. അധികം വൈകാതെ മറ്റിടങ്ങളിലും ഇത് വേണ്ടിവരും.

നന്തി മുതല്‍ മൂരാട് വരെയുള്ള ഭാഗങ്ങളില്‍ ഒട്ടുമിക്കയിടങ്ങളിലും കടകളും വീടുകളും പൊളിച്ച് സ്ഥലം നിരപ്പാക്കി കഴിഞ്ഞു. 20ാം മൈല്‍ മുതല്‍ തിക്കോടി വരെയുള്ള ഭാഗങ്ങളില്‍ പലസ്ഥലവും തിരിച്ചറിയാന്‍ കഴിയാത്തവിധം മാറിപ്പോയി. പയ്യോളിയില്‍ ബസ് സ്റ്റാന്റിന് മുന്‍ഭാഗവും അരികിലുമുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി. പള്ളിയും സമീപത്തെ കടയുമാണ് ഇവിടെ പൊളിക്കാന്‍ ബാക്കിയുള്ളത്.